ദുരിതാശ്വാസം (കഥ)

0
546

ഷെരീഫ് ഇബ്രാഹിം.

“ആരെങ്കിലും എന്നെ രക്ഷിക്കൂ.”
ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടപ്പോൾ ഞാൻ എന്റെ കയ്യിലുള്ള ഫൈബർ വഞ്ചി നഞ്ചങ്കോടുള്ള ആ വീട്ടിലേക്ക് അടുപ്പിച്ചു. ഒരു പതിനെട്ടോ ഇരുപതോ വയസ്സ് പ്രായമുള്ള പെൺകുട്ടി. ആ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.
എനിക്ക് അരക്കൊപ്പം വെള്ളമുള്ള സ്ഥലം. ഞാൻ ആ കുട്ടിയെ വീഴാതെ പിടിച്ച് വഞ്ചിയിൽ കയറ്റി. ആ കുട്ടിയുടെ കയ്യിൽ ആകെയുണ്ടായിരുന്ന സാധനങ്ങൾ നിറച്ച എയർബേഗ് വഞ്ചിയിൽ വെച്ചു. വേറെ ആരുമില്ലേ എന്ന് ആ കുട്ടിയോട് ഞാൻ ചോദിച്ചു.
“ഇല്ല ചേട്ടാ, അമ്മയും അച്ഛനും ഇന്നലെ ഇവിടെ നിന്ന് ക്യേമ്പിലേക്ക് പോയി”
സങ്കടത്തോടെ ഞാൻ ചോദിച്ചു. “അതെന്താ അങ്ങിനെ?”
പ്രായപൂർത്തിയായ ഒരു മകളെ തനിച്ചാക്കി… എനിക്കത് ഉൾക്കൊള്ളാനായില്ല.
“എന്നോടിപ്പോൾ ഒന്നും ചോദിക്കല്ലേ ചേട്ടാ”. ആ കുട്ടി വിതുമ്പികൊണ്ട് എന്നോട് പറഞ്ഞു.
റോഡിൽ നിന്ന് കുറച്ചു അകലെയുള്ള ദ്വീപ് പോലെയുള്ള തുരുത്താണ് നഞ്ചങ്കോട്. ആ ഭാഗത്തേക്ക് ഞാൻ ആദ്യമായി പോകുകയാണ്. ഗൾഫിൽ നിന്ന് ലീവിന് വന്നപ്പോഴാണ് ഇത് വരെയില്ലാത്ത വെള്ളപ്പൊക്കം ഉണ്ടായത്. ഞാൻ ഗൾഫിൽ നിന്നും കൊണ്ട് വന്ന ഫൈബർവഞ്ചി ശരിക്കും ഉപകാരമായത് ഇപ്പോഴാണ്.
വഞ്ചി ഏകദേശം കുറച്ചു പോയപ്പോള്‍ വളരെയധികം പ്രായമുള്ള ഒരു സ്ത്രീയെയും വഞ്ചിയില്‍ കയറ്റി. ഞാനാകെ നനഞ്ഞിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പില്‍ വഞ്ചി അടുപ്പിച്ചു. അവരെയെല്ലാം അവിടെ ഇറക്കി.
അപ്പോള്‍ ആ കുട്ടി എന്നോട് പറഞ്ഞു.
“ഒരു മിനിറ്റ് ചേട്ടാ…”
ഞാന്‍ അവിടെ നിന്നു. ആ കുട്ടി ബേഗ് തുറന്ന് അതിൽ നിന്ന് പഴയതും മുഷിഞ്ഞതുമായ ഒരു പേഴ്‌സ് എടുത്ത് അത് തുറന്ന് ഇരുപത് രൂപ എനിക്ക് നീട്ടി.
ഞാനത് വാങ്ങിയില്ല.
“ചേട്ടന്റെ വീട് എവിടെയാ?എന്താ പേര്?”
“എന്റെ പേര് ജിനു. അമ്പലത്തിന്നടുത്താണ് വീട്.”
വഞ്ചിയിലുണ്ടായിരുന്ന അമ്മൂമ്മയെ ഞാന്‍ പിടിച്ചു ഇറക്കി. അവരുടെ കൂടെയുള്ള മക്കള്‍ അവരെ വഞ്ചിയില്‍ നിന്ന് ഇറക്കാനും ക്യേമ്പില്‍ കൊണ്ട് പോകാനും സഹായിച്ചു.
“മോനെ, മോൻ ആ കുട്ടിയെ അറിയോ?”
ആ അമ്മൂമ്മ എന്നോട് ചോദിച്ചു. ഇല്ല എന്നർത്ഥത്തിൽ ഞാൻ തലയാട്ടി.
“അവള് രശ്മി.. ആ ഗോപാലന്റെ മോളാ.. ആ കുട്ടിയുടെ ‘അമ്മ വാസന്തി.. ഈ കുട്ടിക്ക് എട്ടോ പത്തോ വയസ്സുള്ളപ്പോൾ മരിച്ചു. അയാൾ വേറെ വിവാഹം കഴിച്ചു. അയാളും ആ മൂതേവിയും കൂടി ഇവളെ ഉപദ്രവിക്കും. കരഞ്ഞു കൊണ്ട് ഞങ്ങളുടെ വീട്ടിൽ പലപ്പോഴും വരാറുണ്ട്. മോൻ ചെയ്തത് നല്ലൊരു കാര്യാ. മോന് ദൈവം ഗുണം ചെയ്യും….”
ആ കുട്ടിയുടെ കാര്യമോർത്ത് എന്റെ മനസ്സിലൊരു നെരിപ്പോട്. രശ്മിയെ ഈ നരക ജീവിതത്തിൽ നിന്ന് എങ്ങിനെ രക്ഷപ്പെടുത്തും എന്നൊരു ചിന്ത മനസ്സിൽ രൂപപ്പെട്ടു.
എന്തായാലും നേരെ ചെന്ന് സംസാരിക്കുന്നത് ശരിയാവില്ല. എനിക്കാണെങ്കിൽ ലീവ് കഴിഞ്ഞു ഗൾഫിലേക്ക് തിരിച്ചു പോകേണ്ട സമയം ആയിക്കൊണ്ടിരിക്കുന്നു.
എന്തായാലും ഇക്കാര്യം കൈകാര്യം ചെയ്യാൻ കഴിയുന്നഒരാളെ മനസ്സിൽ കണ്ടു. എന്തൊക്കെയോ എഴുതാറുള്ള എന്റെ ഫേസ് ബുക്ക് ഫ്രണ്ട് കൂടിയായ ഷെരീഫുക്ക. അദ്ദേഹത്തെ ചെന്ന് കണ്ടു വിവരങ്ങൾ പറഞ്ഞു.
അദ്ദേഹം എല്ലാം കേട്ട ശേഷം എന്നോട് പറഞ്ഞു.
“ഞാൻ ഒന്ന് രാമചന്ദ്രനെ വിളിക്കട്ടെ. നല്ല മനുഷ്യനാണ്. രാഷ്ട്രീയം ജനസേവനത്തിന് എങ്ങിനെ നല്ല രീതിയിൽ ഉപയോഗിക്കാമെന്ന് പ്രവർത്തിച്ചു കാണിക്കുന്ന വ്യക്തിയാണ്.’
ഷെരീഫുക്ക പഞ്ചായത്ത് മെമ്പര്‍ രാമചന്ദ്രനെ ഫോൺ ചെയ്തു.
പത്ത് മിനിറ്റിനുള്ളിൽ രാമചന്ദ്രൻ ചേട്ടൻ എത്തി. ഞങ്ങൾ മൂന്നുപേരും കൂടി ദുരിതാശ്വാസകേമ്പിലേക്ക് ചെന്നു.
രശ്മിയുടെ അച്ഛനെയും രണ്ടാനമ്മയേയും വിളിച്ച് കാര്യങ്ങൾ പറഞ്ഞു.
‘ഞങ്ങളുടെ കുടുംബപ്രശ്നത്തിൽ നിങ്ങൾക്കെന്താ കാര്യം?” തുടങ്ങി ഒരു പാട് കാര്യങ്ങൾ നിർത്താതെ അവർ പറഞ്ഞു കൊണ്ടിരുന്നു. സംസാരം കേട്ടപ്പോൾ ക്യേമ്പിലുള്ള മറ്റുള്ളവരും ഞങ്ങളുടെ കൂടെ കൂടി.
“നോക്കൂ. ജിനു പറഞ്ഞിട്ടാണ് ഞങ്ങൾ രണ്ടാളും വന്നത്. നിങ്ങളും ഒരു സ്ത്രീയല്ലേ? നിങ്ങളുടെ സ്വന്തം മകൾ ആയിരുന്നെങ്കിൽ നിങ്ങൾ ഇങ്ങിനെ ചെയ്യുമായിരുന്നോ?”
ഷെരീഫുക്കാടെ ഈ ചോദ്യത്തിന് ആ സ്ത്രീ മറുപടി ഒന്നും പറഞ്ഞില്ല.മെമ്പർ രാമചന്ദ്രൻ ചേട്ടനും കുറെ കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കി.
“അമ്മേ.. ആ കുട്ടിയുടെ വേദന ഒന്ന് മനസ്സിലാക്ക്…” എനിക്കങ്ങനെ പറയാനേ കഴിഞ്ഞുള്ളു.
“അവള് നിന്റെ ആരാ?നിനക്ക് അത്ര ദണ്ണണ്ടങ്കി നീ അവളെ കെട്ടിക്കോ.” ആ സ്ത്രീ അങ്ങിനെ പറഞ്ഞു.
“അതെ. ഞാനവളെ കെട്ടാൻ പോകാ….”
ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോഴാണ് അതിന്റെ ഭവിഷ്യത്ത് ചിന്തിച്ചത്. ഭയങ്കര കർശനസ്വഭാവക്കാരനാണ് അച്ഛൻ. തലകറങ്ങുന്ന പോലെ എനിക്ക് തോന്നി.
ഇനി ആ സ്ത്രീയോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി. ഞങ്ങൾ വീട്ടിലേക്ക് ചെന്നു. കൂടെ ഷെരീഫുക്കയും രാമചന്ദ്രേട്ടനും ഉണ്ട്. ഞാൻ അച്ഛന്റെ കാഴ്ച്ചയിൽ നിന്ന് മറയാനായി അടുക്കള വഴി കേറി. അമ്മയോട് രഹസ്യമായി ഉണ്ടായ സംഭവം പറഞ്ഞു.
“ന്റെ ആണ്ടവനെ ഇനി എന്തൊക്കെയാണ് ഉണ്ടാവാ.. നിക്കൊന്നും മനസ്സിലാവ്ണില്ല” കുടിച്ചു കൊണ്ടിരിക്കുന്ന ചായ കുടിക്കാതെ അമ്മ തലയ്ക്ക് കൈ കൊടുത്ത് അമ്മിപ്പടിയിൽ ഇരുന്നു.
സിറ്റിംഗ് റൂമിൽ അച്ഛന്റെ സംസാരം കേൾക്കുന്നുണ്ട്. ഞാൻ അത് ശ്രദ്ധിച്ചു.
“നിങ്ങൾ വന്നത് ദുരിതാശ്വാസ ക്യേമ്പിലുണ്ടായ സംഭവം പറയാനാണല്ലേ?എന്നോട് എല്ലാ വിവരവും ആരോ ഒരാൾ വിളിച്ചു പറഞ്ഞു. അവൻ എവിടെ? എന്റെ പുന്നാര മകൻ.. അവനെ  ഞാനിന്ന് കൊല്ലും…”
അച്ഛന്റെ സംസാരം കേട്ടപ്പോൾ സപ്തനാഡികളും തളർന്നു.
“ഭാർഗവേട്ടാ… എല്ലാത്തിനും നമുക്ക് പരിഹാരമുണ്ടാക്കാം. കല്യാണം കഴിക്കാമെന്ന് പറഞ്ഞല്ലേ ഉള്ളൂ. കല്യാണം കഴിച്ചിട്ടില്ലല്ലോ?” രാമചന്ദ്രേട്ടനാണ് അത് പറഞ്ഞത്.
“നിങ്ങൾ കൂടുതൽ ഒന്നും പറയേണ്ട.” അത് പറഞ്ഞു അകത്തേക്ക് നോക്കി വിളിച്ചു. “ട്യേ.. എവിടെ നിന്റെ പുന്നാര മോൻ.. അവൻ അടുക്കള വഴി കേറുന്നത് ഞാൻ കണ്ടു. നീ വേഗം ഇങ്ങു വന്നേ. അവനോടും വരാൻ പറ..”
വിളിച്ചിട്ട് പോയില്ലെങ്കിൽ… ആലോചിക്കാൻ വയ്യ. ഒടുവിൽ അമ്മയുടെ കൈ പിടിച്ചു അച്ഛന്റെ അടുത്തേക്ക് ചെന്നു.
“അവനെ ഞാനിന്ന് കൊല്ലും….”
“അയ്യോ ആണും പെണ്ണുമായി അവൻ മാത്രമല്ലേ ഉള്ളൂ…” അതും പറഞ്ഞ് അമ്മ അച്ഛന്റെ കാലിൽ വീണു.
അച്ഛൻ ഗൗരവത്തിൽ നിൽക്കുകയാണ്. ആ ഗൗരവം വിടാതെ തന്നെ അച്ഛൻ പറഞ്ഞു.
“ഞാനേ അവനെ കൊല്ലുമെന്ന് പറഞ്ഞത് അവൻ ആ പെൺകുട്ടിയെ വിവാഹം ചെയ്യാതിരുന്നാലാണ്…”
ഓ.. ശ്വാസം വീണു.
“നോക്കൂ ഷെരീഫുക്ക, രാമചന്ദ്രാ, ഒരു പാട് ഞങ്ങൾ സമ്പാദിച്ചിട്ടുണ്ട്. ഇപ്പോൾ അവനും നല്ല ജോലിയുണ്ട്. ആ പെൺകുട്ടിക്ക് ഒരു ജീവിതം കൊടുക്കുന്നതാണ് എന്റെ ഈ സമ്പാദ്യത്തേക്കാൾ വലുത്. അതൊരു പുണ്യകർമമല്ലേ?
“എങ്കിലും ഭാർഗ്ഗവേട്ടാ, ഞങ്ങളെ കുറച്ചു നേരം തീ തീറ്റി..”
“ട്യേ.. നീ എന്താ നോക്കി നിൽക്കുന്നേ.. ചായ കൊണ്ട് വെക്ക്….” ഭാര്യയോട് ഇത് പറഞ്ഞിട്ട് ഞങ്ങളെ നോക്കി അദ്ദേഹം ഇങ്ങിനെ പറഞ്ഞു.
“നിങ്ങൾ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം ട്ടോ.. പിന്നെ കല്യാണത്തിന് നിങ്ങളെ ഞാൻ പ്രത്യേകം ക്ഷണിക്കുന്നു.”
ആ ഗ്രാമത്തിലുള്ള ദുരിതാശ്വാസക്യേമ്പിലുള്ളവരെ മാത്രം വിളിച്ചു ഭക്ഷണവും വസ്ത്രവും നൽകിയുള്ള ഒരു കല്യാണത്തിന് കൂടിയ സന്തോഷം എന്നോട് ഷെരീഫുക്കയും രാമചന്ദ്രേട്ടനും പറഞ്ഞപ്പോൾ ഞാൻ അച്ഛനെകുറിച്ച് ആലോചിച്ചു.
മൂക്കത്താണ് അച്ഛന് ശുണ്ഠി. പക്ഷെ, ഉള്ളിൽ ഇങ്ങിനെയൊരു രൂപം ഉണ്ടെന്ന് മനസ്സിലായിരുന്നില്ല.

Share This:

Comments

comments