തങ്കമനസ്സ്.(കഥ)

0
545
dir="auto">സുജറാണി.
മരംമുഴുവൻ വെട്ടി വിറ്റിട്ടും കടം ബാക്കി. മരക്കച്ചവടക്കാരൻ പറ്റിച്ചു. കഷ്ടകാലം തലക്കുമുകളിൽ നിൽക്കുമ്പോൾ തൊട്ടതെല്ലാം പിഴയ്ക്കും.
കച്ചവടംപൊട്ടി കൊടുക്കാനും കിട്ടാനുമുള്ളത് ബാക്കിയായി. കിട്ടാനുള്ളവർ കൃത്യമായി പിരിച്ചെടുത്തപ്പോൾ തരാനുള്ളവർ പല ഒഴിവുകൾ പറഞ്ഞു വിഡ്ഢിയാക്കിക്കൊണ്ടിരുന്നു.
സമാധാനം നശിച്ച് ഊണും ഉറക്കവുമില്ലാതെ രാവും പകലും തിരിയാത്ത കാലം.
മടിച്ചുമടിച്ചാണ് അമ്മയോട് കാര്യം പറഞ്ഞത്. എന്റെ പ്രയാസംകണ്ടപ്പോൾ അമ്മ മറ്റൊന്നും ആലോചിച്ചില്ല. മറ്റുമക്കൾക്കുകൂടി അവകാശപ്പെട്ട ഭൂമിയിലെ മരങ്ങളാണെങ്കിലും വിറ്റുകൊള്ളുവാൻ അനുവാദം കിട്ടി…!
എന്നിട്ടും തീരാത്ത കടം ഇനിയെങ്ങനെ വീട്ടുമെന്നറിയാതെ ഞാൻ വിഷമിച്ചു. ഓർമ്മയിൽ സാമ്പത്തികഭദ്രതയുള്ള ബന്ധുക്കളിൽ പലരുടെയും മുഖം തെളിഞ്ഞെങ്കിലും കുടുംബത്തേയ്ക്കുണ്ടാകുന്ന അപമാനവും പലരുടെയും അറുത്ത കൈക്കുപ്പുതേയ്ക്കാത്ത സ്വഭാവവും മുളയിലേ ആ ചിന്തകളെ നുള്ളിക്കളഞ്ഞു.
ഇനി ആരോട് ചോദിക്കും…?
ഇപ്പോൾ കടം കൊടുക്കാനുള്ളവർ ഫോണിലൂടെയും വഴിയിൽവച്ചു കാണുമ്പോഴും മാത്രമാണ് ശല്യം ചെയ്യുന്നത്. അവർ വീട്ടിൽവന്നാൽ എല്ലാവർക്കും നാണക്കേടാകും. പിന്നെ അതേച്ചൊല്ലിയുള്ള പഴികൂടി കേൾക്കേണ്ടിവരും.
ഉറക്കമില്ലാത്ത രാത്രികൾ, കടക്കാരെ ഭയന്നു പുറത്തിറങ്ങാനാകാത്ത പകലുകൾ. സഹായിക്കാൻ കഴിയുന്നവരാണ് സഹോദരങ്ങളെങ്കിലും മരംമുറിച്ചതിന്റെ പേരിൽ അമ്മയോടുപോലും കയർത്തവരാണ്.
ഈ ലോകത്ത് ആദ്യമായി ബിസിനസ്സിൽ പരാജയപ്പെടുന്ന മനുഷ്യൻ ഞാനാണെന്നായിരുന്നു അവരുടെ ഭാവം. ഉത്തരവാദിത്തങ്ങളിൽനിന്ന് അവർ ഒളിച്ചുകടന്നപ്പോൾ അവരുടെ സുഗമജീവിതത്തിനുവേണ്ടി കുരുതികഴിച്ചതാണ്  തന്റെ ജീവിതമെന്നവർ സൗകര്യപൂർവ്വം മറന്നു. സാരമില്ല, താനൊന്നിനും കണക്കുവച്ചിട്ടില്ല.
തന്റെ സ്വസ്ഥതയില്ലായ്മ കണ്ടിട്ടുള്ള വേവലാതികാരണം അമ്മയ്ക്കും ഊണും ഉറക്കവും ഇല്ലാതായി. ഇനി ഒരു എണ്പത്തിയഞ്ചായിരം രൂപകൂടി വേണം. കേൾക്കുമ്പോൾ ചെറിയ സംഖ്യയാണ്. പക്ഷേ എവിടുന്നും കിട്ടാനുള്ള വഴി കാണുന്നില്ല.
ഈ ആഴ്ച്ച അവസാനം കൊടുക്കാമെന്ന ഉറപ്പിൽ തത്കാലം ഒഴിഞ്ഞുപോയ ബ്ലേഡു പലിശക്കാരൻ ചന്ദ്രൻ തീരെ മേലുകീഴില്ലാത്തവനാണ്. അവനെ ഒതുക്കാൻ കുറച്ചുപൈസക്കെന്തു ചെയ്യും എന്ന് നെഞ്ചുഴിഞ്ഞപ്പോൾ കഴുതിൽക്കിടന്ന മാല കൈയിൽ തടഞ്ഞു.
ന്യൂസ്പേപ്പറെടുത്ത് സ്വർണ്ണത്തിനു എന്തു വിലയുണ്ടെന്നു കമ്പോളനിലവാരത്തിൽ പരതി. ഹോ ഭാഗ്യം ഗ്രാമിനു എണ്ണൂറ്റിരുപതു രൂപയുണ്ട്. കഴുത്തിൽക്കിടക്കുന്നത് ഏകദേശം നാലരപവൻ വരും. എന്തുബുദ്ധിമുട്ടുവന്നാലും അതിൽ കൈവയ്ക്കരുത് എന്ന അമ്മയുടെ താക്കീത് തൽക്കാലം മറക്കാം.
ഇത് വിറ്റാൽ ചന്ദ്രന്റെ മുഴുവൻ കടവും വീട്ടാം. വസ്ത്രംമാറി പുറത്തിറങ്ങുമ്പോൾ അമ്മയോട് ഒരു സുഹൃത്തിനെക്കാണാനാണ്  എന്ന് കളവുപറഞ്ഞു. നുണ പറയുമ്പോഴുള്ള മനസ്സാക്ഷിക്കുത്ത് ഇപ്പോൾ തന്നെ തീണ്ടുന്നതെയില്ലല്ലോ എന്ന ചിന്തയെ ഒരു നെടുവീർപ്പിലുരുക്കി.
രാഘവൻ മേസ്തിരി പഴയ പരിച്ചയാക്കാരനാണ്. അമ്മയുടെ കല്യാണത്തിന് ആഭരണങ്ങൾ ഉണ്ടാക്കിയതുമുതലുള്ള പഴമ്പുരാണം കേൾക്കേണ്ടിവരും
പ്രതീക്ഷിച്ചപോലെതന്നെ മേസ്തിരി മാല കൈയിലെടുത്ത് അതിന്റെ നിർമ്മാണനിർവ്വഹണം കക്ഷി നിർവ്വഹിച്ചതാണെന്നു തുടങ്ങി വിശേഷങ്ങളുടെ കെട്ടഴിച്ചു.
എന്തിനാ ഇതിപ്പോ വിക്കണത്….?
വേറെ മാറ്റി വാങ്ങാനാണോ…, ഇപ്പൊക്കെ മെഷീനില് ണ്ടാക്കണതല്ലേ, നല്ല പരിഷ്കാരള്ളതിനോടാ എല്ലാർക്കും കമ്പം. ഇത് മാറ്റ് കൂടും കുട്ട്യേ…, അച്ചൻ പ്രത്യേകം പറഞ്ഞു ചെയ്യിച്ചതാ…!
പുതിയമാതിരി മാലയ്ക്കാണെങ്കി നമ്മക്കിത് ഒടച്ച് പണിയാം…!
വല്ലാത്ത മാരണമായല്ലോ ദൈവമേ, ഇവിടെ വരേണ്ടായിരുന്നു. മേസ്തിരിയാകുമ്പോ നേരും നേറീം ഉള്ള കൂട്ടത്തിലാണ്. മറ്റുള്ളവർ കിട്ടിയ അവസരം മുതലാക്കും.
വാസ്തവം പറയാതിരുന്നിട്ടു കാര്യമില്ല.
കാര്യങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ
കുറച്ചുനേരം കക്ഷി മിണ്ടാതിരുന്നു.
ഞാനൊരു കാര്യം പറഞ്ഞാൽ ങ്ങള് കേക്ക്വോ…?
എന്തായാലും പറയൂ, പത്തുരൂപ കുറച്ചാണെങ്കിലും എനിക്ക് പൈസയ്ക്ക് അത്യാവശ്യമുണ്ട്.
ങ്ങക്ക് പ്പോ എത്രയാ അത്യാവശ്യം…?
ഇതിനൊരു ഇരുപത്തയ്യയിരം കിട്ടില്ലേ…?
അയിന്റെ മോളില് കിട്ടും. പ്പോ ഇരുപത്തഞ്ച് കിട്ട്യാല് ങ്ങക്ക് ഒരു നിക്കപ്പൊറുത്യാവും ല്ലേ, ന്നാ ഒരു കാര്യം ചെയ്യിൻ, ഈ ചങ്ങല ങ്ങള് കഴുത്തിലിടീൻ,  പൈസ മേസ്തിരി തരാം. ങ്ങളെ വീടായിട്ട്  ന്നുന്നലേം ള്ള ബന്ധല്ല. ങ്ങടെ അച്ഛനാണെങ്കിലും അമ്മാംമാരാണെങ്കിലും നിക്കൊരു ക്ഷീണം ണ്ടാവുമ്പോ ല്യാന്ന് പറഞ്ഞു മടക്കീട്ടില്ല. പ്പോ ദൈവം സഹായിച്ചിട്ട് യ്ക്ക് ബുദ്ധിമുട്ടൊന്നും ല്യ.
ഈ മാല ഞാൻ വാങ്ങിയാല് ങ്ങടെ അച്ഛന്റെ ആത്മാവ് ക്ഷമിക്കൂല. ങ്ങള് പൈസ കൊണ്ടൊയ്ക്കോളിൻ. ആവുമ്പോ തന്നാമതി. ന്റെ മക്കളോടുംകൂടി ഞാനീ വർത്താനം മിണ്ടില്ല്യ.
മാലയെടുത്ത് പൈസതന്നാൽ മതി അല്ലെങ്കിൽ വേറെവിടെങ്കിലും വിറ്റോളാം എന്നു പറഞ്ഞു ഞാൻ മാല കൈയിലെടുത്ത് എഴുന്നേറ്റു.
ന്റെ കുട്ട്യേ ദെന്തൊരു വാശ്യാണ്. ശരി മാല ഞാനെടുക്കാം, ങ്ങള് പൈസ കൊണ്ടൊയ്ക്കോളിൻ. പക്ഷേ ഒരു കണ്ടീഷൻ ണ്ട്‌…
എന്താദ്…?
ഈ മാല ഞാൻ വിക്കില്ല്യാ, ഒടച്ച് വേറെ ഉറുപ്പടിയാക്കൂല്യ. ങ്ങക്ക് ആവണ കാലത്ത് പൈസേംകൊണ്ടുവന്നു ങ്ങള് ത് തിരിച്ചെടുത്തോളാം എന്ന് മേസ്തിരിക്കൊരു വാക്ക് തരീൻ. വൃദ്ധൻ കൈനീട്ടി, എനിക്ക് കണ്ണുകൾ നിറഞ്ഞുവന്നു.
 എന്റെ അച്ഛനേക്കാൾ പ്രായമുണ്ട് ഈ മനുഷ്യന്. ഇന്നത്തെക്കാലത്ത് കൈനീട്ടിവാങ്ങിച്ച് മറന്നുപോവുക മാത്രമല്ല പുലഭ്യവും പറയുന്നവർക്കിടക്ക് പണ്ടെങ്ങോ കൈപ്പറ്റിയ ഉപകാരങ്ങൾ ഓർത്തിരിക്കുന്ന മേസ്തിരിയുടെ സ്നേഹം എന്നെ ശരിക്കും കരയിച്ചു…!
എന്താ കുട്ട്യേ ദ്, കണ്ണു തുടക്കിൻ. ങ്ങളേങ്കൊണ്ട്‌ പറ്റും കുട്ട്യേ…, മേസ്തിരി എന്റെ രണ്ടുകൈകളും കൂട്ടിപ്പിടിച്ചു. അയാളുടെ നരച്ചമിഴികളും നിറഞ്ഞുവന്നു.
അതേ, എന്നൊക്കൊണ്ടു പറ്റും, ഞാനിത് തിരികെയെടുക്കും. അതുവരെ ഇത് സൂക്ഷിച്ചുവയ്ക്കൂ.
പൈസയും വാങ്ങി ഞാനവിടുന്ന് ഇറങ്ങി. ചന്ദ്രന്റെ കടം അന്നുതന്നെ വീട്ടി. ശേഷിക്കുന്നത് സപ്ലയേഴ്സിന്റെ കടമായിരുന്നു. എല്ലാവരെയും നേരിൽക്കണ്ട് ആറുമാസത്തെ അവധിവാങ്ങിച്ചു.
ഇനി നാട്ടില്നിന്നാൽ കടംവീട്ടാൻ ഉപായമൊന്നും ഉരുത്തിരിയില്ലെന്ന തിരിച്ചറിവിൽ തത്കാലം നാടുവിടാൻ തീരുമാനിച്ചു. ഈശ്വരാധീനംപോലെ നല്ലൊരു ജോലി കിട്ടിയതുകൊണ്ടു കടങ്ങളെല്ലാം പറഞ്ഞ അവധിക്കകം തീർത്തു.
ഇനി മാല തിരിച്ചെടുക്കണം. ആ നല്ല മനുഷ്യനുകൊടുത്ത വാക്ക് പാലിക്കണം.
ലീവിൽ നാട്ടിലെത്തിയ ശേഷം ഒരു ദിവസം പ്രാതൽ കഴിച്ചുകൊണ്ടിരുന്നപ്പോൾ അമ്മയോട് മേസ്തിരിയെക്കുറിച്ച് അന്വേഷിച്ചു.
അയാൾ മരിച്ചിട്ട് മൂന്നുമാസായല്ലോ, എന്തേ, എന്ന അമ്മയുടെ ചോദ്യത്തിന് ഒന്നുമില്ല എന്നുപറഞ്ഞൊഴിഞ്ഞു.
പിന്നീട് ഒന്നും കഴിക്കാൻ തോന്നിയില്ല. ഞാനെഴുന്നേറ്റുകൈകഴുകി തിരിഞ്ഞപ്പോൾ അമ്മ എന്റെ മുഖത്തിനുനേർക്ക് ഒരു മാല ഉയർത്തിക്കാണിച്ചു. ഇതിനാണോ രാഘവൻ മേസ്തിരിയെ അന്വേഷിച്ചത്…?
ഞാനൊന്നും മിണ്ടിയില്ല. അമ്മ എത്തിവലിഞ്ഞു മാല എന്റെ കഴുത്തിലിടാൻ ശ്രമിച്ചു. മരിക്കുന്നതിന്റെ തലേന്ന് അയാൾ ഈ വഴിവന്നു. കുറെ നേരം അച്ഛന്റെയും അമ്മാവന്മാരുടെയും നല്ല മനസ്സിനെപറ്റി പറഞ്ഞുകൊണ്ടിരുന്നു..നിന്നെപ്പറ്റി അന്വേഷിച്ചപ്പോൾ ജോലിയൊക്കെ ആയി, തരക്കേടില്ല എന്നു കേട്ട് ചിരിച്ചു, സന്തോഷമുള്ള കാര്യം എന്നുപറഞ്ഞുകൊണ്ടു ഒരു പൊതി എന്റെ കൈയിൽ തന്നു. ഇത് നിന്നെ ഏൽപ്പിക്കണം എന്നുപറഞ്ഞു.
പിന്നീടാണ് പണയക്കഥയൊക്കെ പറഞ്ഞത്. യഥാർത്ഥത്തിൽ അയാൾ നിനക്ക് കടമല്ല തന്നത്, ഒരു കടംവീട്ടുകയാണ് ചെയ്‌തത്‌ എന്നും പറഞ്ഞു.
വളരെമുമ്പ് നിന്റെ അച്ഛൻ സഹായിച്ച പൈസയായിരുന്നു അതത്രെ. ഒരു വിവാഹപ്പാർട്ടി ആഭരണങ്ങൾ പണിയാൻ ഏല്പിച്ച സ്വർണ്ണം കള്ളൻകൊണ്ടുപോയപ്പോൾ അന്ന് മാനം രക്ഷിച്ചത് അച്ഛനാണ് പോലും
പലതവണ പൈസ മടക്കിക്കൊടുത്തെങ്കിലും അച്ഛൻ ആവശ്യം വരുമ്പോൾ ചോദിക്കാമെന്നുപറഞ്ഞു വാങ്ങാതിരുന്നതാണ് തനിക്കു തന്ന പൈസ.
പലിശപോലും ആയിട്ടില്ല. പിന്നെ ഞാനെങ്ങനെ അതിന് ഈട് വാങ്ങും.പിന്നെ ഈ കാര്യം പറഞ്ഞാൽ ചിലപ്പോൾ കാശുവാങ്ങാൻവേണ്ടി കഥ പറയുന്നു എന്നേ കരുതൂ. അതാണ് മാല വാങ്ങിവയ്ക്കാൻ കാരണം!
ദൈവത്തിന്റെ പദ്ധതികൾ ആരറിയുന്നു…?
അന്ന് ആ പൈസ കിട്ടിയില്ലായിരുന്നെങ്കിൽ ഒരിക്കലും നാടുവിടാൻ കഴിയില്ലായിരുന്നു. ചന്ദ്രന്റെ അപമാനം സഹിച്ച് താൻ ഒരുപക്ഷേ ആത്മഹത്യ ചെയ്തിട്ടുണ്ടാകും…!
ഇതുപോലെ നന്മയുള്ള മനുഷ്യർ അപൂർവ്വമായെങ്കിലും ഉള്ളതുകൊണ്ടാകും ഭൂമികുലുക്കം വന്നാലും പ്രളയം വന്നാലും ഈ ഭൂമിയിൽ വീണ്ടും ജീവൻ ബാക്കിയാകുന്നത്.
അയാളുടെ നല്ല മനസ്സ്. ദൈവവും ആ പാവത്തിനെ ബുദ്ധിമിട്ടിച്ചില്ല. ഉച്ചയൂണ് കഴിഞ്ഞു മയങ്ങാൻ കിടന്നതാണത്രേ…!
അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
പൂർവ്വികരുടെ പുണ്യം പിന്മുറക്കാർക്ക്…!
 ഈ കാര്യം എപ്പോഴും ഓർമ്മ ണ്ടാവണം. അമ്മയുടെ നേര്യതിന്റെ തുമ്പത്ത് ഞാൻ കൈ തുടക്കുമ്പോൾ മാല കഴുത്തിലിട്ടുതന്നുകൊണ്ടു അമ്മ ഓർമ്മിപ്പിച്ചു.

Share This:

Comments

comments