37 – മത് പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിന് മയാമിയില്‍ അനുഗ്രഹ സമാപ്തി.

0
520

ജോയിച്ചൻ പുതുക്കുളം.

മയാമി: നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനമായ പി.സി.എന്‍.എ.കെ യുടെ 37മത് ആത്മീയ സമ്മേളനം ജൂലൈ 4 മുതല്‍ 7 വരെ പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന അമേരിക്കയിലെ കൊച്ചുകരളം എന്നറിയപ്പെടുന്ന മയാമിയില്‍ വെച്ച് നടത്തപ്പെട്ടു. നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത സമ്മേളനം ദേശീയ കണ്‍വീനര്‍ റവ.കെ.സി. ജോണ്‍ ഉത്ഘാടനം ചെയ്തു. റവ. സാം തോമസ് അദ്ധ്യക്ഷത വഹിച്ചു. ” ദൈവത്തിന്റെ അത്യന്ത ശക്തി നമ്മുടെ മണ്‍കൂടാരങ്ങളില്‍” എന്നുള്ളതായിരുന്നു കോണ്‍ഫ്രന്‍സിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയം.

 

പ്രമുഖ വര്‍ഷിപ്പ് ലീഡേഴ്‌സായ സിസ്റ്റര്‍ ഷാരന്‍ കിങ്ങ്‌സ്, ഡോ. റ്റോം ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണല്‍ മ്യൂസിക് ക്വയര്‍ ടീം ആരംഭ ദിനത്തില്‍ ആത്മീയ ഗാന ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കി. നാഷണല്‍ ക്വയര്‍ ടീം സാബി കോശി, സാജന്‍ തോമസ് എന്നിവര്‍ സംഗീത ശുശ്രൂഷകള്‍ നിയന്ത്രിച്ചു. സിസ്റ്റര്‍ സൂസന്‍ ബി ജോണ്‍ രചിച്ച തീം സോങ്ങ് ഉത്ഘാടന സമ്മേളനത്തില്‍ ആലപിച്ചു. പാസ്റ്റര്‍മാരായ മാത്യൂ വര്‍ഗീസ്, ജെയ്‌മോന്‍ ജേക്കബ് എന്നിവര്‍ പ്രാര്‍ത്ഥന നയിച്ചു. ബ്രദര്‍ ഡാനിയേല്‍ കുളങ്ങര യോഗത്തില്‍ സ്വാഗതം ആശംസിച്ചു. പാസ്റ്റര്‍ ജോര്‍ജ് പി ചാക്കോ സങ്കീര്‍ത്തനം വായനയ്ക്ക് നേതൃത്വം വഹിച്ചു. പ്രഥമ ദിവസത്തില്‍ പാസ്റ്റര്‍ പ്രിന്‍സ് തോമസ്, പാസ്റ്റര്‍ ഷാജി ഡാനിയേല്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.

 

വെള്ളിയാഴ്ച രാവിലെ നടന്ന പാസ്‌റ്റേഴ്‌സ് സെമിനാറില്‍ റവ. ജോര്‍ജ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ റോയി ചെറിയാന്‍, ബേബി കടമ്പനാട് എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ പരിപാലന രീഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി നടത്തപ്പെട്ട മെഡിക്കല്‍ സെമിനാറില്‍ റവ. ഷാജി.കെ ഡാനിയേല്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. വിജി തോമസ്, സിസ്‌റ്റേഴ്‌സ് ആനി സജി, ക്രിസ്റ്റി കോശി, ബ്രദര്‍ സന്തോഷ് മാത്യൂ, സൂസന്‍ മാത്യൂ, എന്നിവര്‍ പ്രസംഗിച്ചു. സോഷ്യല്‍ മീഡിയ സെമിനാറില്‍ റവ. ബെഞ്ചമിന്‍ തോമസും റൈറ്റേഴ്‌സ് ഫോറം സെമിനാറില്‍ പാസ്റ്റര്‍ തോമസ് എം. കിടങ്ങാലിലും കോട്ടയം സംഗമത്തില്‍ ബ്രദര്‍ വെസ്ലി മാത്യൂവും, ആന്റമാന്‍ സംഗമത്തില്‍ പാസ്റ്റര്‍ മനു ഫിലിപ്പും അദ്ധ്യക്ഷത വഹിച്ചു.

 

സിസ്റ്റര്‍ അനു ചാക്കോയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ട സഹോദരി സമ്മേളനത്തില്‍ സഹോദരിമാരായ ആന്‍സി സന്തോഷ്, തങ്കെമ്മ ജോണ്‍, സൂസന്‍ ബി. ജോണ്‍, ഷേര്‍ളി ചാക്കോ, അന്നമ്മ നൈനാന്‍, ഷീബ ചാള്‍സ്, സുനിത റോസ്ബന്റ് , ഡോ. ജോളി ജോസഫ്, ആന്‍സി ജോര്‍ജ് ആലപ്പാട്ട്, ഡോ. ജൂലി തോമസ്, അക്കാമ്മ ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. റവ. ബെഞ്ചമിന്‍ തോമസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സോഷ്യല്‍ മീഡിയ സെമിനാറില്‍ പാസ്റ്റര്‍മാരായ ഫിലിപ്പ് തോമസ്, ടി.എ വര്‍ഗീസ്, സണ്ണി താഴാംപള്ളം, പ്രിന്‍സ് തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

 

വെള്ളിയാഴ്ച നടന്ന രാത്രി യോഗത്തില്‍ റവ. ഷിബു തോമസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ ജോ ജോണ്‍സണ്‍, ബാബു ചെറിയാന്‍, റെജി ശാസ്താംകോട്ട എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. പി.സി.എന്‍.എ.കെ യുടെ ചരിത്രത്തിലാദ്യമായി നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ബിജു ജോര്‍ജിന്റെയും ബ്രദര്‍ സാം മാത്യുവിന്റെയും ചുമതലയില്‍ ബൈബിള്‍ ക്വിസ് മത്സരത്തിന് വേദി ഒരുങ്ങിയത് ശ്രദ്ധേയമായി. ശനിയാഴ്ച റവ. ജോര്‍ജ് വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ പകല്‍ നടന്ന തിരുവചന ധ്യാന സമ്മേളനത്തില്‍ പാസ്റ്റര്‍മാരായ സജു.പി.തോമസ്, കെ.ജോയി എന്നിവര്‍ പ്രസംഗിച്ചു. മിഷന്‍ ചലഞ്ച് സമ്മേളനത്തില്‍ പാസ്റ്റര്‍ ജോണ്‍ തോമസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റര്‍മാരായ പി.എ.കുര്യന്‍, അലക്‌സ് വെട്ടിക്കല്‍, ഡോ. മോനിസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

6 ന് ശനിയാഴ്ച നടന്ന സമാപന രാത്രി യോഗത്തില്‍ റവ. ഡോ. ജോയി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബ്രദര്‍ ജോര്‍ജ് മത്തായി സി.പി.എ അനുഭവസാക്ഷ്യം പ്രസ്താവിച്ചു.പാസ്റ്റര്‍മാരായ പി.എസ് ഫിലിപ്പ്, ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ ഓവര്‍സീയര്‍ റവ.ഡോ. ടിം ഹില്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. 7 ന് ഞായറാഴ്ച നടന്ന സംയുക്ത സഭാ യോഗത്തിന് റവ. തോമസ് കോശി അദ്ധ്യക്ഷത വഹിച്ചു. ഭക്തിനിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ കെ.സി.ജോണ്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പാസ്റ്റര്‍മാരായ ബഥേല്‍ ജോണ്‍സണ്‍, കെ.വി. ഏബ്രഹാം എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. പാസ്റ്റര്‍ ജോണ്‍സന്‍ സഖറിയ സങ്കീര്‍ത്തന വായന നടത്തി. റവ. ഡോ. വത്സന്‍ ഏബ്രഹാം, റവ. ഡോ. ബേബി വര്‍ഗീസ്, റവ. ബാബു ചെറിയാന്‍ എന്നിവര്‍ ദൈവവചന സന്ദേശം നല്‍കി. നാഷണല്‍ സെക്രട്ടറി ബ്രദര്‍ വിജു തോമസ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റര്‍ കെ.എം. തങ്കച്ചന്‍ ആശീര്‍വാദ പ്രാര്‍ത്ഥന നടത്തി.

 

സിസ്‌റ്റേഴ്‌സ് ജൂലി ജോര്‍ജ്, സൈറ തോമസ്, സാറാ ഗീവര്‍ഗീസ്, ലിസ ജോണ്‍, ഗ്രേസ് ജോണ്‍ തുടങ്ങിയവര്‍ ചില്‍ഡ്രന്‍സ് മിനിസ്ട്രി യോഗങ്ങള്‍ക്കും സഹോദരന്മാരായ സാം ജോര്‍ജ്, ബെന്‍സന്‍ സാമുവേല്‍, ബ്ലെസ്സന്‍ ജേക്കബ്, ജെയ്‌സില്‍ ജേക്കബ്, ഡേവിഡ് റിച്ചാര്‍ഡ്, ജോയല്‍ ജെയിംസ്, ജോയിസ് ഏബ്രഹാം, റിബേക്ക മാത്യു, തുടങ്ങിയവര്‍ യുവജന സമ്മേളനങ്ങള്‍ക്കും റോബിന്‍ ജേക്കബ്, റിജോ രാജു, വെസ്ലി വര്‍ഗീസ്, ജിമ്മി തോമസ്, ജസ്റ്റിന്‍ ഏബ്രഹാം, എബി ജോയി തുടങ്ങിയവര്‍ സ്‌പോര്‍ട്‌സ് ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി.

 

കുഞ്ഞുമനസുകളില്‍ ആഴത്തില്‍ ദൈവസ്‌നേഹം വിതറുന്നതിന് പ്രഗത്ഭരായ ദൈവദാസന്മാരുടെ നേതൃത്വത്തില്‍ ചില്‍ഡ്രന്‍സ്‌പ്രോ ഗ്രാമുകളും, സിമ്പോസിയം, കൗണ്‍സലിംഗ്, മിഷന്‍ ചലഞ്ച്, സംഗീത ശുശ്രൂഷ, ബൈബിള്‍ ക്ലാസുകള്‍, ഹിന്ദി സര്‍വ്വീസ്, അഡല്‍റ്റ്, യൂത്ത് , ലേഡീസ് തുടങ്ങി ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേക സെക്ഷനുകളും ചതുര്‍ദിനങ്ങളില്‍ നടത്തപ്പെട്ടു. വെള്ളിയാഴ്ച ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ ഉണ്ടായിരിന്നു.

 

സംഘടനാ പാടവത്തിന്റെ അതുല്യതയും ശ്രേഷ്ഠതയും വിളിച്ചറിയിച്ച കോണ്‍ഫ്രന്‍സ് നാഷണല്‍ ലോക്കല്‍ കമ്മിറ്റിയുടെ ആതിഥ്യ മര്യാദകള്‍, രുചികരമായ ഭക്ഷണം, സുഖപ്രദമായ താമസ സൗകര്യങ്ങള്‍ എന്നിവ വന്നു പങ്കെടുത്ത ഏവരുടെയും മുക്തകണ്ഠമായ പ്രശംസകള്‍ പിടിച്ചുപറ്റി. കോണ്‍ഫ്രന്‍സിലേക്ക് കടന്നുവരുന്ന ദൈവമക്കള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ക്രമീകരിക്കുന്നതിനുവേണ്ടി നാഷണല്‍ കമ്മറ്റിയും ലോക്കല്‍ കമ്മറ്റിയും പരസ്പരം ഐക്യതയോടെ അക്ഷീണം പരിശ്രമിച്ചു. കുറ്റമറ്റ നിലയിലുള്ള ഒരു കോണ്‍ഫ്രന്‍സ് നടത്തുക എന്ന ലക്ഷ്യത്തോടെയും സമര്‍പ്പിത മനോഭാവത്തോടെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കുവാനായി പ്രയത്‌നിച്ച ലോക്കല്‍ കമ്മറ്റി സെക്രട്ടറി റ്റിനു മാത്യു, ലോക്കല്‍ ട്രഷറാര്‍ പാസ്റ്റര്‍ മനു ഫിലിപ്പ്, കോര്‍ഡിനേറ്റര്‍മാരായ ഡാനിയേല്‍ കുളങ്ങര, പാസ്റ്റര്‍ സാം പണിക്കര്‍, രാജന്‍ സാമുവേല്‍, തുടങ്ങിയവര്‍ പ്രാര്‍ത്ഥനയോടെ അഹോരാത്രം കോണ്‍ഫ്രന്‍സിന്റെ വിജയത്തിനായി പരിശ്രമിച്ചു. പ്രസ്ലി പോള്‍, ജേക്കബ് ബെഞ്ചമിന്‍, ജ്യോതിഷ് ഐപ്പ് എന്നിവരുടെ നേത്യത്വത്തില്‍ രജിസ്‌ട്രേഷന്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചു.

 

നാഷണല്‍ കണ്‍വീനര്‍ റവ. കെ.സി ജോണ്‍, നാഷണല്‍ സെക്രട്ടറി ബ്രദര്‍ വിജു തോമസ്, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ബിജു ജോര്‍ജ്, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം, നാഷണല്‍ വുമണ്‍സ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ അനു ചാക്കോ തുടങ്ങിയവരായിരുന്നു കോണ്‍ഫ്രന്‍സ് നാഷണല്‍ ഭാരവാഹികള്‍.

സമയകൃത്യത പാലിക്കുന്ന കാര്യത്തില്‍ പാസ്റ്റര്‍ മാത്യു കെ.ഫിലിപ്പ്, ബ്രദര്‍ ജോണ്‍സന്‍ ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മിറ്റി പ്രകടിപ്പിച്ച ശുഷ്കാന്തി സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും സമ്മേളന സ്ഥലമായ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് വാഹന ഗതാഗത സൗകര്യങള്‍, ജിം മരത്തിനാല്‍, സാംജി ഗീവര്‍ഗീസ്, എബി ജോസഫ് എന്നിവരുടെ നേത്യത്വത്തില്‍ നടത്തി.

 

മഹാസമ്മേളനത്തില്‍ ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുമായി വിശ്വാസികളും സഭാ ശുശ്രുഷകന്മാരും വിവിധ സഭകളുടെ നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുന്ന ആത്മീയ നേതാക്കളും സംബന്ധിച്ചു.

Share This:

Comments

comments