നേഴ്സിന്റെ ജീവിതം.(കഥ)

0
994

ഷെരീഫ് ഇബ്രാഹിം.

“അമ്മേ.. നാളെ ന്റെ ബർത്ത്ഡെല്ലെ. എനിക്ക് അമ്മേനെ കെട്ടിപ്പിടിച്ചു ഉറങ്ങണം…”

അഞ്ചു വയസ്സായ ശ്രുതിയുടെ വാക്ക് കേട്ടപ്പോള്‍ മനസ്സിലൊരു നെരിപ്പോട്.

ഇന്ന് നൈറ്റ്‌ഡ്യൂട്ടിയാണ്. മാത്രമല്ല, കുറച്ചു സ്റ്റാഫ്‌ കുറവുമാണ്. ലീവ് ഒരിക്കലും കിട്ടില്ല. മോള് പറയാതെ തന്നെ ലീവ് ചോദിച്ചതാണ്.

‘അമ്മേ ചായ കുടിക്കൂ..”

അമ്മയ്ക്ക് ചായ കൊണ്ട് കൊടുത്തു.

‘ആ കെട്ടിലമ്മ ഒരുങ്ങി എറങ്ങിട്ടുണ്ടല്ലോ?എന്തിനാ ഇവളെ പറണെ.. എന്റെ വയറ്റിൽ പിറന്ന ഒരുവനുണ്ടല്ലോ.. ആണും പെണ്ണും കെട്ടവൻ.. അവനെ പറഞ്ഞാൽ മതീലോ.. ഇതൊക്കെ കാണാണ്ട് അങ്ങ്ട് എടുത്താൽ മതി ന്റെ ഗുരുവായൂരപ്പാ…’

അമ്മ പിന്നേയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ദുഃഖം അണപൊട്ടിയൊഴുകി.

‘ചേട്ടാ.. അമ്മ പറയുന്നത് കേട്ടില്ലേ.. എന്റെ സ്വന്തം അമ്മയേക്കാൾ കൂടുതൽ ഞാൻ സ്നേഹിക്കുന്ന ചേട്ടന്റെ ‘അമ്മ… ചേട്ടന് എന്നെ വിശ്വാസമാണോ…?’

‘ഒരു സ്ത്രീ.. അവൾ അമ്മയോ ഭാര്യയോ പെങ്ങളോ മകളോ ആവട്ടെ.. അവൾ ചീത്തയാവാൻ വിചാരിച്ചാൽ വീട്ടിൽ ഇരുന്നാലും ചീത്തയാവും. പിന്നെ അമ്മയുടെ വാക്കു കേട്ട് നീ വിഷമിക്കേണ്ട. അകാലത്തിൽ വിധവയായതാണ് എന്റെ അമ്മ…’

‘പക്ഷെ, ചേട്ടാ മറ്റുള്ള ജോലികൾക്ക് സ്ത്രീകൾ പകൽ മാത്രമേ ജോലി ചെയ്യേണ്ടൂ. എന്നാൽ എന്നെ പോലെ ഒരു നഴ്സിന് നൈറ്റ് ഡ്യൂട്ടിയും..’

‘നീ അധികം ചിന്തിക്കാതെ പോകാൻ നോക്ക്. മിനി.. നേഴ്സ് ജോലി എന്ന് പറയുന്നത് ഒരു സാധാരണ ജോലി മാത്രമല്ല, ദൈവത്തിന്റെ കയ്യിൽ നിന്ന് പുണ്യം കിട്ടുന്ന ജോലി കൂടെയാണ്.’

ചേട്ടന്റെ വാക്ക് മനസ്സിനൊരു സമാധാനം തന്നു.

‘അമ്മ ന്റെടുത്ത് കെടക്കൂലേ.. ശ്രുതിമോൾ അമ്മയോട് കട്ടിയാ…’

ശ്രുതി പിണങ്ങി കിടന്നു. എന്റെ ചൂട് തട്ടിയാൽ മതി അവൾ ഉറങ്ങാൻ എന്നെനിക്കറിയാം. ഞാൻ അവളെ കെട്ടിപ്പിടിച്ചു കിടന്നു. കരുതിയപോലെ അഞ്ചുമിനിറ്റിന്നുള്ളിൽ അവൾ ഉറങ്ങി. ഉറങ്ങി എന്ന് ഉറപ്പായപ്പോൾ അവളുടെ കൈ എന്റെ ദേഹത്ത് നിന്ന് മാറ്റി ഞാൻ ജോലിക്ക് പോയി.

‘സിസ്റ്റര്‍, ആ എട്ടാം റൂമിലെ രോഗിക്ക് ഇന്‍ജക്ഷന്‍ കൊടുക്കണം’

ഞാന്‍ എട്ടാം റൂമിലേക്ക് പോയി.

റൂമില്‍ ഒരു മനുഷ്യന്‍ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.

‘സാറേ.. രണ്ട് മിനിറ്റ് പുറത്ത് നില്‍ക്കാമോ? ഒരു ഇന്‍ജക്ഷന്‍ കൊടുക്കാനുണ്ട്..’

ഞാന്‍ ഭവ്യതയോടെ ചോദിച്ചു.

‘ഞാന്‍ ആരാണെന്ന് മനസ്സിലായോ?എനിക്ക് തിരുവനന്തപുരത്ത് മാത്രമല്ല, ഡല്‍ഹിയിലും നല്ല പിടിപാടാ’

അത് പറഞ്ഞു അദ്ദേഹം ഒരു വൃത്തികെട്ട ചിരി പാസ്സാക്കി.

എന്ത് പറഞ്ഞിട്ടും അദ്ദേഹം പുറത്ത് പോകുന്നില്ല എന്ന് കണ്ടപ്പോള്‍ ഞാന്‍ അദ്ധേഹത്തോട് ചോദിച്ചു.

‘സാറിന് ഞാൻ ആരാണെന്ന് മനസ്സിലായിരുന്നെങ്കിൽ ഇത് പറയില്ലായിരുന്നു..’

‘കുട്ടിയുടെ ഒരു തമാശ.. ഇതാ ഞാൻ പോയി. രണ്ടു മിനിറ്റല്ല പത്ത് മിനിറ്റ് പുറത്ത് നിൽക്കാം.’

അത് പറഞ്ഞു അദ്ദേഹം പുറത്ത് പോയി.

‘അല്ല, മോള് ആരാ?’

രോഗി എന്നോട് ചോദിച്ചു.

‘ഞാന്‍ സാധാരണ ഒരു നേഴ്സ്’

രോഗിയും ഞാനും ചിരിച്ചു.

‘സിസ്റ്റര്‍ പെട്ടെന്ന് ലേബര്‍ റൂമില്‍ എത്താന്‍ പറഞ്ഞു’.അറ്റൻഡർ വന്നു പറഞ്ഞു.

വേഗം തന്നെ ഞാന്‍ ലേബര്‍ റൂമില്‍ ചെന്നു.

പതിനഞ്ചു മിനിറ്റിന് ശേഷം ആ ഗര്‍ഭിണി ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു.

ജനനത്തിന് സഹായിച്ച, സാക്ഷിയായ സന്തോഷത്തോടെ ഞാൻ പുറത്ത് കടന്നു.

ഭയങ്കര ക്ഷീണം. പാതിരാത്രിയായി. നഴ്സിന്റെ റൂമിൽ ചെന്ന് കസേരയിൽ ഇരുന്ന് മേശയിൽ തലവെച്ചു കിടന്നു.

ഉറങ്ങാൻ കഴിയുന്നില്ല. നേഴ്സ് ഉറങ്ങാൻ പാടില്ല. ആരെങ്കിലും അസുഖമായി വന്നാലോ? വിചാരിച്ച പോലെ പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്. ആക്സിഡന്റ് വിഭാഗത്തിൽ ഒരാളെ കൊണ്ട് വന്നിരിക്കുന്നു. ഉടനെ ചെല്ലാനാണ് കാൾ.

ആകെ ഫ്രേക്ച്ചർ ഉള്ള ഒരു മനുഷ്യൻ. ധാരാളം രക്തം പോയിട്ടുണ്ട്. പെട്ടെന്ന് സർജറി വിഭാഗത്തിലേക്ക് ചെന്നു. ചെയ്യാവുന്ന എല്ലാം ചെയ്തിട്ടും.. ഞങ്ങൾക്ക് അദ്ദേഹത്തെ രക്ഷിക്കാനായില്ല.

ഒരു മരണം കണ്ട, മരണത്തിന് സാക്ഷിയാവേണ്ടി വന്ന ദുഃഖം ഉള്ളിലമർത്തി കരഞ്ഞു. നേഴ്സ് ആവുമ്പോൾ ജനനവും മരണവും കാണണം.

നേരം വെളുത്തു. ഡ്യൂട്ടി കഴിഞ്ഞു. ഇനി വീട്ടില്‍ പോകാം.

വീട്ടില്‍ എത്തിയപ്പോള്‍ മകള്‍ മുഖം വീര്‍പ്പിച്ചു നില്‍ക്കുകയാണ്.

‘എന്റെ തക്കുടൂ.. അമ്മയോടെന്താ പിണക്കം?’

‘ഹൂം.. ഞാന്‍ അമ്മയോട് കട്ടിയാ… ന്റെ കൂടെ കിടക്കാന്‍ പറഞ്ഞിട്ട്..’

അവള്‍ വീണ്ടും ചിണുങ്ങാന്‍ തുടങ്ങി.

‘മോളെ, അമ്മ മോളെ അടുത്താണ് ഇന്നലെ മുഴുവന്‍ കിടന്നത്. കാലത്ത് അമ്മ ബാത്ത്റൂമില്‍ പോയതാ.. അല്ലേ ചേട്ടാ?’

കുറച്ച് മകളോടും കുറച്ചു ചേട്ടനോടുമായി പറഞ്ഞു.

ചേട്ടന്‍ അതെ എന്ന് പറഞ്ഞപ്പോള്‍ മോള്‍ക്ക് സന്തോഷമായി.

ഇന്നവളുടെ പിറന്നാളാണ്. കേക്ക് വാങ്ങാന്‍ ചേട്ടന്‍ പോയി. പായസം ഉണ്ടാക്കണം.

കുറച്ച്‌ ദിവസമായി അമ്മക്ക് പനി ഉണ്ടായിരുന്നു. മരുന്നുകളൊക്കെ കൃത്യമായി ഞാന്‍ തന്നെ കൊടുക്കാറുണ്ട്. ഞാന്‍ ചെന്നു നോക്കി. ടെമ്പറെച്ചര്‍ കൂടുതല്‍ ഇല്ല. സമാധാനമായി. ആശുപത്രിയില്‍ പോകുന്ന കാര്യം അമ്മക്ക് എന്തോ വലിയ ഇഷ്ടമല്ല. നാടന്‍ മരുന്നുകളോടാണ് ഇഷ്ടം.

അമ്മക്ക് ഗുളിക കൊടുത്ത് ഞാന്‍ ബാത്ത്റൂമില്‍ പോയി.

പെട്ടെന്നാണ് മോള്‍ടെ കരച്ചില്‍ കേട്ടത്. ‘അമ്മേ, അച്ഛമ്മ കയ്യും കാലും ഇട്ടടിക്കുന്നു.’

ഞാന്‍ പെട്ടെന്ന് അമ്മയുടെ അടുത്തെത്തി. അമ്മയുടെ കണ്ണുകള്‍ മുകളിലേക്ക് പോയിരിക്കുന്നു. ആകെ ഭയപ്പെടുന്ന സമയം. ശ്വാസം നിലച്ച പോലെ.

എന്തോ എന്റെ മനസ്സിൽ മൃഗചിന്ത ഉടലെടുത്തു. എന്നെ ഒരു പാട് ഉപദ്രവിച്ച സ്ത്രീയാണ്. ഞാൻ ഒന്നും ചെയ്തില്ലെങ്കിൽ അമ്മ മരണപ്പെടും.

അടുത്ത നിമിഷം എന്റെ നഴ്സിലെ മാലാഖ ഉയർത്തെഴുന്നേറ്റു.

എന്തോ ദൈവം അപ്പോള്‍ എനിക്കൊരു ബുദ്ധി തോന്നി. ഞാന്‍ അമ്മയുടെ വായിലൂടെ കൃത്രിമ ശ്വാസം കൊടുക്കുകയും നെഞ്ച് തടവിക്കൊടുക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മക്ക് ശ്വാസം കിട്ടി തുടങ്ങി. ദൈവമേ സമാധാനമായി.

ചേട്ടനെ വിളിച്ചു വിവരം പറഞ്ഞു. വരുന്ന വഴി ഏതെങ്കിലും ഡോക്ടറെ കൊണ്ട് വരാനും പറഞ്ഞു.

ഡോക്ടര്‍ വന്ന് പരിശോധിച്ചിട്ടു പറഞ്ഞത് കേട്ടപ്പോൾ ഞാൻ ദൈവത്തിനോട് നന്ദി പറഞ്ഞു.

‘കേട്ടോ.. ഇത് പനി കൂടി ഫിറ്റ്സ് ആയതാണ്. ആ കൃത്രിമശ്വാസം കൊടുത്തില്ലായിരുന്നെങ്കിൽ.. ബാക്കി ഞാൻ പറയാതെ തന്നെ അറിയാമല്ലോ?”

എന്ന് ഡോക്ടർ പറഞ്ഞിട്ട് എന്നോട് ചോദിച്ചു.

‘നിങ്ങളുടെ സ്വന്തം അമ്മയാണോ ഇവർ?’

ചേട്ടന്റെ അമ്മയാണ് എന്ന് മറുപടി കൊടുത്തപ്പോൾ ഡോക്ടറുടെ മറുപടി ഇങ്ങിനെ ആയിരുന്നു.

”അമ്മക്ക് നിങ്ങളെ മരുമകളായി കിട്ടിയത് അവരുടെ ഏതോ പുണ്യമാണ്.’

അതും പറഞ്ഞു ഡോക്ടർ പോയി.

കുറച്ചു കഴിഞ്ഞപ്പോൾ അമ്മക്ക് സുഖമായി.

“മോളെ ഒന്നിങ് വന്നേ’.

അമ്മ വിളിച്ചപ്പോൾ ഞാൻ അമ്മയുടെ അടുത്ത് ചെന്നു.

എന്നെ അമ്മ കട്ടിലിൽ പിടിച്ചിരുത്തി.

‘മോളെ നീ എനിക്ക് എന്റെ സ്വന്തം മകളാണ്. ഇന്ന് നമ്മുടെ ശ്രുതിയുടെ പിറന്നാളല്ലേ? ഞാൻ രണ്ടാമത് ജനിച്ചതും ഇന്നാണ് മോളെ..”

അത് പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു അമ്മ കരയാൻ തുടങ്ങി. എനിക്കും നിയന്ത്രിക്കാനായില്ല.

—————-

മേമ്പൊടി:

പഴയ ഒരു സിനിമയിലെ ഗാനത്തിന്റെ ആദ്യത്തെ വരി നേഴ്സ്മാരുമായി തുലനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഗാനം ഇതാണ്.

ഒരിടത്ത് ജനനം ഒരിടത്ത് മരണം ചുമലിൽ ജീവിതഭാരം

വഴിയറിയാതെ മുടന്തി നടക്കും വിധിയുടെ ബലിമൃഗങ്ങൾ

<ഒരിടത്ത് ജനനം>അതെ ജനനത്തിന് അവർ സാക്ഷിയാകുന്നു.<ഒരിടത്ത് മരണം>മരണത്തിനും അവർ സാക്ഷിയാകുന്നു.<ചുമലിൽ ജീവിതഭാരം>അതും നേഴ്സ്മാരുടെ കാര്യത്തിൽ വളരെ ശരിയാണ്.

<<ഭൂമിയിലെ മാലാഖാമാരായ നേഴ്സ്മാർക്ക് ഈ കഥ ഞാൻ സമർപ്പിക്കുന്നു >>

Share This:

Comments

comments