ഫേസ്ബുക്ക്‌ സൗഹൃദം (നർമഭാവന)

0
269

ഷെരീഫ് ഇബ്രാഹിം.

(1982 മാർച്ച്‌ 1ന്ന് കുങ്കുമം വാരികയിൽ അച്ചടിച്ചു വന്ന “തൂലികാസൗഹൃദം” എന്ന എന്റെ കഥയിലെ ആശയമെടുത്ത്‌ ഇന്നത്തെ സാഹചര്യത്തിൽ രചിച്ച കഥ)

എന്റെ ശെരിയായ പേര് ഗോപാലകൃഷ്ണൻ. ജീകെ എന്ന് വിളിക്കും. സെക്കന്റ് ഇയർ SSLCക്ക് തോറ്റപ്പോൾ പഠിപ്പ് നിറുത്തി. വർഷങ്ങൾ കഴിഞ്ഞു വിവാഹം കഴിച്ചു. ഭാര്യാസഹോദരൻ തന്ന വിസയുമായി സൗദിയിലെ ദാമ്മാമിലെക്ക് പോയി. അവിടെ ഒരു യമനിയുടെ സ്പെയർപാർട്സ് കടയിൽ ജോലി. മെയിൻ ഹോബി ഫേസ്ബുക്ക്‌, അതിൽ പെണ്‍കുട്ടികൾക്ക് റിക്വൊസ്റ്റ് അയക്കൽ, ചാറ്റ് ചെയ്യൽ. വയസ്സ് 43.

ഞാനും ഫേസ്ബുക്കിൽ ഒരു അക്കൌന്റ് തുടങ്ങി. അതിൽ കൊടുത്ത കാര്യങ്ങൾ – പേര് ജീകെ മണ്ടൻ. വിദ്യാഭ്യാസം MBA ഫ്രം ന്യൂട്ടൻസ് ലോ ഓഫ് മോഷൻ യൂണിവേർസിറ്റി, കാലിഫോർണിയ. ഇപ്പോൾ ജോലി സൗദി ആരംകൊയിൽ ചീഫ് മേനേജർ. താമസിക്കുന്നത് ലണ്ടനിൽ. ഹോബി ഹെലികൊപ്റ്റെർ പറപ്പിക്കൽ. വയസ്സ് 35. അതിൽ ഞാനെന്റെ ഫോട്ടോ കൊടുക്കാതെ ഇടയ്ക്കിടെ സിനിമ നടന്മാരുടെ, സ്പോർട്സ് താരങ്ങളുടെ ഫോട്ടോ കൊടുക്കാറാണ് പതിവ്.

ഞാനും കൊല്ലം അഞ്ചലിലുള്ള അംനാഷും നല്ല പരിചയക്കാരാണ്‌. എനിക്കുള്ള എഴുത്തുകളൊക്കെ വരുന്നത് അവന്റെ കെയറോഫിലാണ്. അഞ്ചൽ എന്നാൽ പണ്ട് രാജഭരണകാലത്തുള്ള പോസ്റ്റൽ സമ്പ്രദായമാണ്. ഇപ്പോൾ ആ പേരിൽ ഒരു സ്ഥലവുമുണ്ട്.

ഒരു ദിവസം അംനാഷ് എന്റെ കയ്യിൽ ഒരു കത്ത് കൊണ്ട് തന്നു. വീട്ടിൽ നിന്നും ഭാര്യയുടെ കത്താണ്. തുറന്നു വായിക്കാൻ തീരെ ഇഷ്ടമല്ല, പ്രത്യേകിച്ച് പെണ്‍പിള്ളാരുമായി ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന സമയം.

കത്ത് പൊട്ടിച്ചു വായിച്ചു. കുട്ടിക്ക് പനിയാണ്. വീട്ടുവാടക മൂന്നു മാസം കൊടുക്കാനുണ്ട് തുടങ്ങി ആവശ്യങ്ങളുടെ ഭണ്ടാരക്കെട്ട്. ആരോ ഒരാൾ ദഹ്റാൻ എയർപോർട്ടിൽ നിന്ന് ഇന്ന് പോകുന്നുണ്ട്, കത്തുണ്ടെങ്കിൽ കൊണ്ട് പോകും എന്ന് അഞ്ചൽ ജോലിക്കാരനല്ലാത്ത അംനാഷ് അഞ്ചൽ പറഞ്ഞതനുസരിച്ച് ഉടനെ കത്തെഴുതി. എനിക്കിവിടെ ശെരിയായി ശമ്പളം കിട്ടുന്നില്ലെന്നും നിനക്ക് ഒരു ഡ്രാഫ്റ്റ്‌ എടുത്തെന്നും കത്തെഴുതി ഒട്ടിച്ചതിന്നു ശേഷമാണ് അതോർമ വന്നതെന്നും എഴുതി. ഒടുവിൽ അവൾക്കു 150 ചുംബനം തരുന്നെന്നും എഴുതി. കത്ത് കൊടുത്തയച്ചു.

വീണ്ടും ചാറ്റിലേക്ക് കടന്നു. ഒരു പുതിയ ഇരകിട്ടിയിട്ടുണ്ട്. ഓണംകേറാമൂലയിലെ ഒരു പ്രേമ. വയസ്സ് 19. ഫോട്ടോ കൊടുത്തിട്ടുള്ളത് ഒരു ചെറിയ കുട്ടിയുടെതാണ്.

‘ചേട്ടാ, എന്റെ നെറ്റിന്റെ പൈസ തീർന്നു’ ആ വിളി കേട്ടപ്പോൾ ഒരു ഇത്.

ഉടനെ അംനാഷിനെ വിളിച്ചു ആ നമ്പറിലേക്ക് പൈസ കേറ്റാൻ ഏർപ്പാടാക്കി. അവന്റെ ഒരു ബന്ധക്കാരന് മുരുക്കുംപുഴയിൽ മൊബൈൽ ഷോപ്പുണ്ട്.

ഇടക്കൊക്കെയെ ഞാൻ ജോലിക്ക് പോകാറുള്ളൂ. എപ്പോഴും ഫേസ്ബുക്കിൽ തന്നെ. പിന്നെ യെമെനി എങ്ങിനെ കൃത്യമായി ശമ്പളം തരും. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ഭാര്യയുടെ കത്ത് വന്നു. കുട്ടിയെ സ്കൂളിൽ ചേർക്കണം. പൈസക്ക് വളരെ ബുദ്ധിമുട്ടാണ് എന്നൊക്കെയാണ് കത്തിൽ.

വീണ്ടും അവൾക്കു മറുപടി എഴുതി. എനിക്ക് തലച്ചോറിൽ ബ്രെയിൻ വളരുന്ന അസുഖത്തിന്നു മരുന്ന് കഴിക്കുകയാണെന്നും പൈസക്ക് ബുദ്ധിമുട്ടാണെന്നും അവളുടെ അച്ഛന്റെ കയ്യിൽ നിന്ന് അഡ്ജസ്റ്റ് ചെയ്യാനും എഴുതി. ആ കത്തിലും അവൾക്കു 350 ചുംബനം തരുന്നു എന്ന് പ്രത്യേകം എഴുതി.

പിന്നേയും ചാറ്റ് ചെയ്യൽ തുടർന്നു. പ്രേമക്ക് തുടർന്ന് പഠിക്കാൻ പൈസ വേണമത്രേ. അതും അയച്ചു കൊടുത്തു.

പിന്നെ വന്ന ഭാര്യയുടെ കത്തിൽ ആവശ്യങ്ങൾ കൂടി. കുറച്ചൊക്കെ അവളുടെ അച്ഛൻ സഹായിക്കുന്നുണ്ടത്രേ. പാവം. പലചരക്കു കടയിൽ കടം വളരെയധികം ആയിട്ടുണ്ട്‌. പാൽക്കാരനും പൈസ കൊടുക്കാനുണ്ട്.

അതിന്നും മറുപടി എഴുതി. ഞാൻ അടുത്ത് തന്നെ നാട്ടിൽ വരുന്നുണ്ടെന്നും എക്സിറ്റ് വിസ അടിക്കാൻ ദഹ്റാൻ പഞ്ചായത്തിലെ സെക്രട്ടറി കുഞ്ഞുമോൻ ബിൻ അലികുട്ടി അൽചേറ്റുപുഴയ്ക്കു വളരെയധികം കൈക്കൂലി കൊടുത്തെന്നും എന്തെങ്കിലും വേണമെങ്കിൽ നിന്റെ പുന്നാരചേട്ടനോട് പറയാനും എഴുതി. കൂട്ടത്തിൽ സാധാരണ പോലെ 800 ചുംബനം ഈ കത്തിലൂടെ തരുന്നൂ എന്നും എഴുതി.

പ്രേമയായി ചാറ്റ് തുടങ്ങി. ഞാൻ നാട്ടിലേക്ക് വരുന്നുണ്ടെന്നും എന്താണ് കൊണ്ട് വരേണ്ടതെന്നും ചോദിച്ചു. അവളുടെ നീണ്ടലിസ്റ്റിൽ പറഞ്ഞ കാര്യങ്ങളൊക്കെ വാങ്ങി.

ഭാര്യയുടെ കത്ത് – അതോ കുത്തോ – വീണ്ടും വന്നു.

‘ചേട്ടൻ അയച്ച ഒട്ടാകെ 1300 ചുംബനങ്ങൾ കിട്ടി. സന്തോഷം. അതിൽ 250ണ്ണം പലചരക്ക്കടക്കാരന് കൊടുത്തു. 375ണ്ണം വീടിന്റെ ഉടമസ്ഥനും 145ണ്ണം പാൽക്കാരനും 78ണ്ണം പത്രക്കാരനും കൊടുത്തു. ഇനി ബാക്കി 452 ചുംബനം ഇവിടെയുണ്ട്. അത് കഴിഞ്ഞു ആവശ്യം വന്നാൽ ഞാനെഴുതാം. അപ്പോൾ അയച്ചാൽ മതി. നമുക്ക് സൂക്ഷിക്കാൻ ലോക്കർ ഇല്ലല്ലോ?’

അവൾ എനിക്കിട്ടൊരു താങ്ങ് താങ്ങിയതാണെന്നു ഉറപ്പാണെങ്കിലും മനസ്സിലൊരു നെരിപ്പോട്.

എനിക്ക് പോകേണ്ടത് തിരുവനന്തപുരം എയർപൊർട്ടിലെക്കാണ്. കഴിഞ്ഞ വർഷം വിഷുവിന് ആരംഭിച്ച എയർ കേരളയിൽ കോഴിക്കോട്ടേക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. കോഴിക്കോട്ടേക്ക് പോകേണ്ട എയർ കേരള തിരുവനന്തപുരത്ത് ഇറക്കുമെന്ന് എന്നെ പോലെ ഏതൊരു മണ്ടനുപോലും അറിയാമല്ലോ?

അത് പോലെ തന്നെ സംഭവിച്ചു. തിരുവനന്തപുരത്ത് ഫ്ലൈറ്റ് ഇറങ്ങി. ഞാൻ നേരെ വിട്ടു, വീട്ടിലേക്ക്. ഭാര്യയെ കാണുമ്പോൾ തന്നെ ഒരിഷ്ട്ടക്കേട്. അടുക്കളയിൽ പണിയെടുത്ത് മുഷിഞ മാക്സി.

പെട്ടെന്ന് തന്നെ പ്രേമയുടെ വീട്ടിലേക്ക് പോകുമ്പോൾ ഭാര്യ ചോദിച്ചു ‘ചെട്ടനെങ്ങോട്ടാ പോകുന്നെ?’

‘എന്റെ ഒരു പരിചയക്കാരൻ അംനാഷിനെ അറിയില്ലേ. അവന്റെ വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ കൊടുത്തയച്ചത്‌ കൊണ്ട് കൊടുക്കാനുണ്ട്’

ആ പാവം അത് വിശ്വസിച്ചു.

ബസ്സിൽ ആ ഓണംകേറാമൂലയായ പോക്കാണംകോട് എന്ന സ്ഥലത്തെത്തി. പലരോടും ചോദിച്ചു ചീറ്റിങ്ങ്പ്പറമ്പിൽ പ്രേമയുടെ വീട്ടിലെത്തി. ഓടിട്ട ഒരു ചെറിയ വീട്. മുൻഭാഗത്തെക്ക് ജനവാതിലുള്ള ഒരു മുറിയിൽ ഒരു തടിച്ചു കറുത്ത സ്ത്രീ ഇരിക്കുന്നു. 48 വയസ്സുണ്ടാവും.

എന്നെ കണ്ടപ്പോൾ ആ സ്ത്രീ പുറത്തേക്ക് വന്നു.

‘ഇത് പ്രേമയുടെ വീടാണോ?’ ഞാൻ ചോദിച്ചു.

‘അതെ പ്രേമയുടെ വീടാണ്’ ആ സ്ത്രീ പറഞ്ഞു

‘പ്രേമ എവിടെയാ?’

‘ഞാൻ തന്നെയാണ് ആ പ്രേമ’ എന്നിട്ട് ആ സ്ത്രീ തുടർന്ന് ചോദിച്ചു ‘നിങ്ങൾ ആരാ, ഫേസ്ബുക്കിലുള്ള ആളാണോ?’

‘ഏയ്‌ എനിക്കൊരു ഫേസ്ബുക്കും ഇല്ല’ എന്ന് പറഞ്ഞിട്ട് ഞാൻ തുടർന്നു ‘ഞാൻ വില്ലേജ് ഓഫീസിൽ പുതുതായി ചാർജ് എടുത്ത ക്ലാർക്ക് ആണ്. നിങ്ങളുടെ വീട്ടുപേര് എന്താണ്?’

അവരുടെ വീട്ടുപേര് ചീറ്റിംഗ്പറമ്പിൽ എന്നവർ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ‘തെറ്റിയതാണ് കേട്ടോ, ഞാൻ അന്വേഷിക്കുന്നത് ചാറ്റിങ്ങാപറമ്പിൽ പ്രേമയാണ്.’

എന്റെ ഫോട്ടോ ഫേസ്ബുക്കിൽ കൊടുക്കാഞ്ഞത്‌ നന്നായി.

ഒരു വിധം അവിടെ നിന്നും രക്ഷപ്പെട്ടു തിരിച്ചു പോന്നു. ഭാര്യ നല്ല ഭക്ഷണം ഉണ്ടാക്കി എന്നെ കാത്തിരിക്കുകയാണ്. ചെന്ന പാടെ അവളെ കെട്ടിപ്പിടിച്ചു ഒന്ന് കൊടുത്തു. കത്തിലൂടെ എഴുതാറുള്ളത് – ഒരു നല്ല ചുടുചുംബനം.

———————–

മേമ്പൊടി:

1. മുത്ത്‌ കയ്യിൽ വെച്ചിട്ടെന്തിനു മുക്ക് തേടി നടപ്പൂ

2. ചീറ്റിവരുന്ന പാമ്പിനെയും ചാറ്റ് ചെയ്യുന്ന പെണ്ണിനേയും (പ്രത്യേകിച്ച് ഫൈക് ഐഡി ആണെങ്കിൽ) സൂക്ഷിക്കുക

3. ചാറ്റ് ചെയ്യുന്ന സ്ത്രീകളിൽ ചിലർ ഊറ്റും എന്നത് ഗോപാലകൃഷ്ണന്റെ അനുഭവം

Share This:

Comments

comments