രാവണൻ.(കവിത)

0
155
dir="auto">മംഗലയ്ക്കൽ ഉണ്ണികൃഷ്ണൻ.(Street Light fb Group) 
ഒട്ടും തിരിച്ചറിഞ്ഞില്ല നീ രാവണ –
ഹൃത്തിലെ നേരുകളെങ്കിലും ജാനകീ
മൃത്യു വലംവച്ചു നിൽക്കുമെൻ കണ്ണുക –
ളിപ്പൊഴും നിന്നെത്തിരഞ്ഞു ചുറ്റുന്നിതാ…
“രാവണൻ നേരിനോടൊത്തു നടപ്പവൻ ” ,
“രാവണൻ ദുഷ്ടദുരാചാരി ,ദുർമ്മുഖൻ..”
രണ്ടുവേഷങ്ങളും ചാർത്തി, ജനമെന്റെ
നെഞ്ചിലെത്തീക്കടൽ കണ്ടതില്ലെങ്കിലും.
വീരൻ ,പ്രതാപി, നിശാചരൻ ,ലോകൈക –
ധർമ്മി, നിഷ്ഠൂരൻ ,കരുത്തൻ, മഹാഭുജൻ
പേരോടു നോക്കൂ…. എനിക്കായ് പതിച്ചിട്ട
വാക്കുകൾ ,അർത്ഥം പിഴച്ച പാഴ് വാക്കുകൾ.
കാട്ടുതീരങ്ങളിൽ കത്തും വിശപ്പുമായ്
വേച്ചുവേച്ചൊറ്റയ്ക്കലഞ്ഞവനാണു ഞാൻ.
ദുർലഭം കിട്ടുന്ന കാട്ടുകിഴങ്ങുകളെൻ
സോദരന്മാർക്കു നൽകിച്ചിരിച്ചവൻ.
ആരുമടുപ്പിച്ചതില്ലയീ ,രാക്ഷസജന്മത്തിനെ
കൂട്ടിനോടൊപ്പമിരുത്തുവാൻ…
നേടിയതൊക്കെയും ,പ്രാണനും ചോരയും
പഞ്ചാഗ്നിതന്നിൽ പകർന്നതിൻ ബാക്കിതാൻ.
ബ്രാഹ്മണൻ ,കാളും കറുപ്പിന്റെ യോനിയിൽ
കോരി നിറച്ചുപോയ് നാലു ജന്മങ്ങളെ .
രാജാധികാരങ്ങളില്ലാത്ത, കണ്ണുനീർ
കോരിക്കുടിക്കുന്ന നാലു ജന്മങ്ങളെ.
അമ്മയാം കൈകസി ഞങ്ങളെയൂട്ടിയതെ-
ന്നും വറുതി തൻ കാട്ടുതാളങ്ങളാൽ.
കാടുറുങ്ങും കാട്ടുനേരങ്ങളിൽ ,പക
തോറ്റിയുണർത്തി ഉറങ്ങാതിരുന്നു ഞാൻ.
ചുട്ടെരിക്കാൻ കൊതികൊണ്ടു  ഞാനീ, വൃത്തി –
കെട്ട രാജത്വത്തിനുന്മാദശാലകൾ.
ആരും പതിച്ചു തന്നില്ല സിംഹാസന –
മാലവട്ടങ്ങൾ വെഞ്ചാമരത്തിൻ തണൽ.
നേടിയതൊക്കെയും പ്രാണൻ പുകഞ്ഞു ഞാൻ
ചങ്കിലെ ചോര പുകച്ചതിൻ ബാക്കിയാ.
എങ്കിലും, നെഞ്ചിൻ പരുക്കൻ നിലങ്ങളിൽ
നിന്മുഖം വന്നു നിറഞ്ഞു പോയെപ്പൊഴോ..
പൊട്ടിക്കരയുന്ന രാവണചിത്രം, ….പ്രിയേ നിന-
ക്കോർക്കുവാനാകുമോ….
നിദ്ര വിലങ്ങുന്ന രാത്രിയിൽ ,ഉന്മാദ –
മദ്യലഹരിതൻ താള ഭംഗങ്ങളിൽ
നെറ്റിയിൽ കൈ ചേർത്തിരുന്നു ഞാൻ ,നിൻ –
മുഖമോർത്തു കൺതോരാതിരുന്നെത്രയോ രാത്രികൾ.
രാമന്നു ജയ് വിളി…. രാവണൻ നീചനാ-
ണെന്നും കഥയിലും തോറ്റുപോയ് ഞാനെടോ…
തൊട്ടതില്ലോർക്കുക… നിന്നനുവാദമതില്ലാതെ
നിന്നുടൽ…. ഓർക്കുക ജാനകീ.
അന്ത്യനേരം… മിഴി ചായുന്നു സന്ധ്യപോൽ
രാജവേഗങ്ങൾതന്നന്തിയും മാഞ്ഞുവോ….
വിട്ടുപോകുന്നു ഞാ,നീ ദുഷ്ടരാവണൻ
വിട്ടുപോകാതെ നീയൊപ്പമുണ്ടിപ്പൊഴും.

Share This:

Comments

comments