അമേരിക്കയിലെ പണക്കാരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വനിതകളും.

0
383

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്വപ്രയത്‌നംകൊണ്ട് ധനികരായ വനിതകളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍. ഫോബ്‌സ് തയാറാക്കിയ അമേരിക്കയിലെ ഏറ്റവും ധനികരായ വനിതകളുടെ പട്ടികയില്‍ 80 പേരാണുള്ളത്.

 

കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിംഗ് കന്പനിയായ അരിസ്റ്റ നെറ്റ്‌വര്‍ക്‌സിന്‍റെ പ്രസിഡന്‍റും സിഇഒയുമായ ജയശ്രീ ഉല്ലാല്‍, ഐടി കണ്‍സള്‍ട്ടിംഗ്ഔട്ട്‌സോഴ്‌സിംഗ് കമ്പനിയായ സിന്‍റെലിന്‍റെ സഹസ്ഥാപക നീരജ സേതി, സ്ട്രീമിംഗ് ഡാറ്റാ ടെക്‌നോളജി കന്പനിയായ കോണ്‍ഫ്‌ലുവന്‍റിന്‍റെ സിടിഒയും സഹസ്ഥാപകയുമായ നേഹ നര്‍ഖഡെ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വനിതകള്‍.

 

പട്ടികയില്‍ ഒന്നാം സ്ഥാനം ഡിയാന്‍ ഹെന്‍ഡ്രിക്‌സ് എന്ന എഴുപത്തിരണ്ടുകാരിക്കാണ്. അമേരിക്കയിലെ റൂഫിംഗ്, സൈഡിംഗ്, ജനലുകള്‍ തുടങ്ങിയവയുടെ ഏറ്റവും വലിയ മൊത്തവിതരണക്കാരായ എബിസി സപ്ലൈയുടെ മേധാവിയാണ് ഹെന്‍ഡ്രിക്‌സ്. 700 കോടി ഡോളറാണ് ഇവരുടെ ആസ്തി.

 

പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തുള്ള ജയശ്രീ ഉല്ലാലിന് 140 കോടി ഡോളറിന്‍റെ ആസ്തിയുണ്ട്. 58 വയസുള്ള ഇവരുടെ കൈയില്‍ അരിസ്റ്റയുടെ അഞ്ചു ശതമാനം ഓഹരിയുണ്ട്. ലണ്ടനില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന ഉല്ലാല്‍ അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള വനിതാ എക്‌സിക്യൂട്ടീവ് ആണെന്ന് ഫോബ്‌സ് അറിയിച്ചു.

 

1980ല്‍ ഭര്‍ത്താവ് ഭാരത് ദേശായിയുമായി ചേര്‍ന്നാണ് നീരജ സേതി സിന്‍റെല്‍ സ്ഥാപിച്ചത്. 2000 ഡോളര്‍ മുതല്‍മുടക്കില്‍ മിഷിഗണിലെ ട്രോയിയില്‍ ഒരു ചെറിയ ഫ്‌ലാറ്റിലായിരുന്നു തുടക്കം. പട്ടികയില്‍ 23ാം സ്ഥാനത്തുള്ള നീരജയ്ക്ക് ഇപ്പോള്‍ 100 കോടി ഡോളര്‍ ആസ്തിയുണ്ട്. ഫ്രഞ്ച് ഐടി കന്പനിയായ ആറ്റോസ് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ സിന്‍റെലിനെ ഏറ്റെടുത്തു. 340 കോടി ഡോളറിനായിരുന്നു ഇടപാട്. അറുപത്തിനാലുകാരിയായ സേതിക്ക് തന്‍റെ ഓഹരിക്ക് 51 കോടി ഡോളര്‍ ലഭിച്ചു.

 

പട്ടികയില്‍ 60ാം സ്ഥാനത്താണ് നേഹ നര്‍ഖഡെ. ആസ്തി 36 കോടി ഡോളര്‍. ഇപ്പോള്‍ 250 കോടി ഡോളര്‍ മൂല്യമുള്ള കോണ്‍ഫ്‌ലുവെന്‍റിന്‍റെ പ്രധാന ഇടപാടുകാര്‍ നെറ്റ്ഫ്‌ലിക്‌സ്, ഊബര്‍ തുടങ്ങിയ കന്പനികളാണ്.

Share This:

Comments

comments