അരയന്നത്തേരിൽ.(കവിത)

0
368

ജോസഫ് കാവ്യാസാന്ദ്രം.(Street Light fb Group)

താരകളുണർന്നൊരു രാത്രി
താഴ്വാരം മൂടുന്ന മഞ്ഞിൽ
താഴികക്കുടമതിൻ താഴെ മയങ്ങി
താഴമ്പൂവിന്റെ ചേല്…!

താരുടലിൽ തൈലം പൂശി
തെന്നലിൻ തേരൊന്നിലേറി
തൂവൽച്ചിറകുകൾ തെല്ലു വിടർത്തി
താണു പറന്നിണഹംസം…!

തണുവിന്റെ കൈയുകൾ തഴുകി
തനുവിലെ മുകുളങ്ങളുണർന്നു
തളരും മിഴികളിൽ താരുകളണഞ്ഞു
തരളിതയായവളുലഞ്ഞു…!

തംബുരുവായിളം മേനി
തന്ത്രിയിൽ പൊൻതൂവലിഴഞ്ഞു
തങ്കത്തുകിലിന്റെ നിമ്നോന്നതങ്ങളിൽ
താളമിട്ടുണർന്നു പ്രണയരാഗം…!

തൈമുല്ല പൂവിട്ട വാസം
തൈത്തെന്നൽ വീശിയ നേരം
തേന്മാവിൻ നെറുകയിൽ സൂര്യനുണർന്നു
താരിളം തന്വിയുണർന്നു.…!

തമസ്സാം പറവ മടങ്ങി,
തംബുരു നാദമടങ്ങി.
തൂവലൊന്നുതിർത്തപ്പോൾ പാറിയകന്നു
തരുണൻ കളഹംസം ദൂരെ…!!!

Share This:

Comments

comments