ചിതലാഗ്നി.(കവിത)

0
245

ഡിജിന്‍ കെ. ദേവരാജ്.

പറയാതിരിക്കാൻ കഴിയുന്നില്ല
ഒരിക്കൽ നിൻറെ മുഖം തേടിയുള്ള
ദൂരമൊടുങ്ങാത്ത യാത്രയായിരുന്നു
എൻറെ ഓരോ നിമിഷവും…..

ചിലപ്പോഴൊക്കെ യാഥാർത്ഥ്യത്തെ
മറന്നുകൊണ്ട് , നിന്നിലേക്കുള്ള വഴികൾ
എനിക്കുമുന്നേ നടന്നു, ഞാൻ പിന്നിൽ!
വേണ്ടെന്നുവച്ചതല്ല കണ്ടില്ല ഞാൻ!

മറവിയാണ് എന്നെ അകറ്റിയത്
വാക്ക് പാലിക്കാത്തവനല്ല ഞാൻ
വാക്ക് നൽകുവാൻ നീ കാത്തുനിന്ന
മരത്തണൽ അന്ന് ഞാൻ കണ്ടില്ല!

തിരികെ നീ വരുമെന്നുമറിഞ്ഞില്ല!
കാത്തിരിക്കണമെന്നും പറഞ്ഞുമില്ല!
അകലം മനസ്സിനെ മുറിച്ചിട്ടു
ചിതലാഗ്നിയായ് ആതാഞ്ഞുകത്തി.

കടന്നുപോയ് ആ തീവേനലും
കാലം എനിക്കായി കരുതിവെച്ചോരാ
ഇണത്തണുപ്പായ് മറ്റൊരുവൾ !
ഞാനറിയാതെന്നിലേക്ക് ജീവാഗ്നിയായ്..

അവളാണെൻ ഹൃദയം തുന്നിച്ചേർത്തത്
നശിച്ചു മുഷിഞ്ഞ ജീവിത കുപ്പായത്തിൽ
കടന്നുവന്നവളുടെ ജീവൻ ഇഴചേർത്ത്
പുനർജ്ജനിയേകിയെൻ  മനസ്സിന്

അപ്പോഴാണ് മറവിയുടെ വാതിൽ
തകർത്തൊരു മഴയായ് നീ തേടി വന്നത്..
ഇനിയാവില്ല, മറു മഴ നനയാനാവില്ല!
വാക്കൊരുവൾക്കു കൊടുത്തു പോയ്..

ഇന്ന് ഞാൻ രാമനല്ല, രാവണനാണ്
ജീവിതം പകുത്ത് നൽകിയവൾക്ക്
മരണംവരെ കാവലാകുന്ന
നെഞ്ചിടിപ്പിന്റെ വിശ്വാസച്ചൂടാണ്..

അന്നു ജീവപാതിക്ക് നേരുള്ളവനായ്
താലിച്ചരടൊന്നു കെട്ടിഞാൻ വാക്കാൽ
ആ വാക്കാണെന്റെ ജീവൻറെ വില !
അതെൻറെ മറുപടിയായിരുന്നു…

തിരികെ നിൻ ശബ്ദമിടറിയ വിട
അത് ഞാനിന്നുമോർക്കുന്നു…
കാലം അങ്ങനെയാണ് എഴുതിയത്
എന്നിലേക്കല്ലാത്ത മറുപടി നിനക്ക്.. !

Share This:

Comments

comments