അമ്മ ദിനം അൻപിൻ ദിനം.(കവിത)

0
164
>പി. സി. മാത്യു.
അമ്മദിനത്തിലെൻ ഹൃത്തിലോടിയെത്തിയൊരായിരം
അൻപിൻ ഉറവാകുമെന്നമ്മതന്നോർമകൾ തെന്നലായ്
ആഴത്തിലെന്നുള്ളിലെന്നമ്മ പഠിപ്പിച്ച ശൈശവത്തിൻ
അറിവാണെന്നെ ഞാനാക്കുന്നതെന്ന ബോധമാണൂ സത്യം
സ്നേഹമാണമ്മ, സത്യമാണമ്മ വഴികാട്ടിയാണമ്മയേവർക്കും
സ്വരമാധുര്യമാണമ്മ, കാതിനും പിന്നെ ഹൃത്തിനും സുഖമേകി
പാടിയ പാട്ടുകളേകിയ സ്വാന്തനം മറക്കുവാൻ കഴിയുമോ
പടുവൃദ്ധനായാലും പിണമായാലും വാനോളമുയർന്നാലും
മൂത്തവർ ചൊല്ലും മുതു നെല്ലിക്ക ആദ്യം കൈക്കും പിന്നെ
മധുരിക്കുമെന്നമ്മ ചൊല്ലിയത് സത്യമെന്നുപഠിപ്പിച്ചനുഭവം
താണ നിലത്തെ നീരോടൂ, അവിടെ ദൈവം തുണ ചെയ്യൂ…
താങ്ങിനടത്തുന്ന ദൈവസ്നേഹം കോരിചൊരിഞ്ഞതമ്മയല്ലേ?
“കള്ളം പറയരുതെന്ന്” ചൊല്ലി എന്നമ്മ ചൂരല് കഷായം ചൂടോടെ
കൈവെള്ളയിൽ മിഴികൾ നിറഞ്ഞൊഴുകുവോളം തന്നതും
 കൂട്ടുകാരൊത്തു പണ്ടൊരുത്സവത്തിനു പാവയെ മോട്ടിച്ച
കാര്യമറിഞ്ഞതു തിരികെനൽകുവോളം കെട്ടിയിട്ടടിച്ചതും…
നാലുമണിയടിച്ചപ്പോൾ പള്ളിക്കൂടം പിരിഞ്ഞെല്ലാവരും പോയിട്ടും
നോക്കിമടുത്തു കാണാത്ത മകനെ തേടി സ്കൂൾപറമ്പിലോടിയെത്തി
വട്ടുകളിച്ചു കൂട്ടുകാരുമായി വട്ടുകേറിയിരിക്കുമെന്നെ ചെവികളിൻ
വണ്ടു മൂളിപ്പിച്ചു കരയിച്ചു വീട്ടിലെത്തിച്ചതും മറ്റാരുമല്ലമ്മമാത്രം
പശുവിനെ അഴിച്ചോന്നു കാലാട്ടുവാൻ, പോളച്ചിറയിൽ ഇറക്കി
പുല്ലൊന്നു തീറ്റിക്കുവാൻ, കുളിപ്പിച്ചതിൻ പാലൊന്നു കറക്കുവാൻ
പഠിപ്പിച്ചത് മറ്റാരുമല്ലായെന്നമ്മ മാത്രമെന്നോർക്കുമ്പോളെന്നുള്ളം
പറക്കുന്നു നാട്ടിലേക്കിരുചിറകുവിരിച്ചു പറക്കും കഴുകുപോൽ
പഠിക്കണം പഠിച്ചുമോൻ വലിയ ആളാവണമെന്നു ചൊന്നതും
പഞ്ചസാരയിട്ടൊരുഗ്ലാസ്സ് പാലുമിരു മൊട്ടയും പുഴുങ്ങി മേശയിൽ
സാദാ സമയം മടികൂടാതെ ഉറക്കമൊഴിച്ചും നൽകി പഠിപ്പിക്കാൻ
സ്നേഹമാകുമമൊരമ്മക്കുമാത്രമേ കഴിയുകയുള്ളീയിഹത്തിൽ.

Share This:

Comments

comments