ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് : ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

0
116

ജോയിച്ചൻ പുതുക്കുളം.

ഒര്‍ലാന്റോ :അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡയില്‍ കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ ഒര്‍ലാന്റോ പട്ടണത്തില്‍ നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

 

ലോകസഞ്ചാരികളുടെ അവധിക്കാല തലസ്ഥാനമെന്നും സൗന്ദര്യ നഗരമെന്നും ഒക്കെ അറിയപ്പെടുന്ന ഒര്‍ലാന്റോ പട്ടണത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രമായ സീ വേള്‍ഡ് തീം പാര്‍ക്കിന് ഏറ്റവും അടുത്തുള്ള ഡബിള്‍ ട്രീ ഹില്‍ട്ടന്‍ ഹോട്ടല്‍ സമുച്ചയത്തില്‍ 2019 ജൂലൈ 25 മുതല്‍ 28 വരെ നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സില്‍ പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, സാജന്‍ ജോയി ബാംഗ്ലൂര്‍, പാസ്റ്റര്‍ ആരന്‍ ബുര്‍ക്ക് തുടങ്ങിയവര്‍ മുഖ്യ പ്രാസംഗികരായി എത്തിച്ചേരും.

സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ സൂസന്‍ ജോണ്‍ ദുബായ് മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പിറവം സെന്റര്‍ ശുശ്രൂഷകനായ പാസ്റ്റര്‍ ബാബു ചെറിയാന്‍ അന്തര്‍ദേശീയ സുവിശേഷ പ്രസംഗകനും ദൈവം ശക്തമായി ഉപയോഗിക്കുന്ന ദൈവഭൃത്യനുമാണ്. ഒട്ടേറെ പുസ്തകങ്ങളും ഗാനങ്ങളും രചിച്ചിട്ടുള്ള പാസ്റ്റര്‍ ബാബു ചെറിയാന്‍ നല്ലൊരു വേദ അദ്ധ്യാപകനും എഴുത്തുകാരനുമാണ്.

 

മറ്റൊരു പ്രസംഗകനായ പാസ്റ്റര്‍ സാജന്‍ ജോയി ബാംഗ്ലൂര്‍ ദൈവസഭയിലെ ഒരു ശുശ്രൂഷകനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഇക്കാലങ്ങളില്‍ വിവിധ ഇടങ്ങളില്‍ ദൈവം ഉപയോഗിക്കുന്ന സുവിശേഷ പ്രസംഗകനാണ്.ദൈവ മഹത്വത്തിനായി ലോകമെമ്പാടും പാസ്റ്റര്‍ സാജന്‍ ബാംഗ്ലൂര്‍ ഉപയോഗപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവരെ കൂടാതെ കേരളത്തിലെയും അമേരിക്കയിലേയും മറ്റു പ്രഗത്ഭരായ ദൈവ ദാസന്മാരും വിവിധ ദിവസങ്ങളില്‍ വചനം പ്രസംഗിക്കും.

” ഇത് മടങ്ങി വരവിന്റെയും പുതുക്കത്തിന്റെറെയും സമയം ” എന്നതാണ് കോണ്‍ഫ്രന്‍സ് ചിന്താവിഷയം. നാഷണല്‍ ലോക്കല്‍ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഗായക സംഘത്തിന്റെ ആത്മീയ ശുശ്രൂഷകളില്‍ ഡോ. ബ്ലെസ്സന്‍ മേമന മുഖ്യ ഗായകനായി പങ്കെടുക്കും. മൂന്നു മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി ചില്‍ഡ്രന്‍സ് മിനിസ്ടിയും യുവജനങ്ങള്‍ക്ക് വേണ്ടിയും, സഹോദരിമാര്‍ക്ക് വേണ്ടിയും പ്രത്യേക മീറ്റിംഗുകളും സ്‌പോര്‍ട്ട്‌സും ഉണ്ടായിരിക്കും.

 

കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആയിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുന്ന കുടുംബ സംഗമത്തില്‍ വിവിധ പ്രായക്കാര്‍ക്കായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സെക്ഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ആത്മീയ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മ നിലനിര്‍ത്തുന്നതിനുമായി പ്രത്യേക സെക്ഷനുകളും ക്രമീകരിച്ചിട്ടുണ്ട്. മൂന്നു നേരവും വിഭവ സമൃദ്ധമായ ഭക്ഷണവും അതി മനോഹരമായ നിലയിലുള്ള താമസ സൗകര്യവും ക്രമീകരണത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് വാട്ടര്‍ തീം പാര്‍ക്കുകളിലും ക്രൂസ് ഷിപ്പ് യാത്രയ്ക്കുമായി പ്രത്യേക നിരക്കുകളിലുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. 17മത് ഐ.പി.സി കുടുംബ സംഗമം വന്‍ വിജയമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് നാഷണല്‍ ലോക്കല്‍ കമ്മറ്റികള്‍ ദ്രുതഗതിയില്‍ ചെയ്തു വരുന്നത്.

 

കാലാകാലങ്ങളില്‍ കോണ്‍ഫ്രന്‍സിന് നേതൃത്വം നല്‍കുവാന്‍ ശക്തമാരായ ദൈവദ്യത്യന്മാരാണ് ലഭിക്കുന്നത്. ദൈവ സ്‌നേഹത്തിന്റെയും സത്യ സുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി നടന്നു വരുന്ന കോണ്‍ഫ്രന്‍സിന് ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ആന്‍റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കും.

 

എല്ലാ വ്യാഴാഴ്ചകളിലും 9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോണ്‍ നമ്പറിലൂടെ 790379 എന്ന ആക്‌സസ് കോഡ് നല്‍കി പ്രാര്‍ത്ഥനാ ലൈനില്‍ പ്രവേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Share This:

Comments

comments