ഒരേ ചിതയിലെ പുകയുന്ന കനലുകൾ…(കവിത)

0
212
class="gmail_default">പി. സി. മാത്യു.
വെയിൽ കൊമ്പു തേരാക്കി യെത്തുമെൻ മാരനെന്നു മോഹിച്ചു നീ
വെണ്മതൂകുമാ കൊട്ടാരത്തിൽ തോഴിമാരൊത്തു നീർച്ചാലിൽ നീന്തി
നീരാടി ആനന്ദിച്ചീടുമാ സുന്ദരമുഹൂർത്തത്തിലപ്രതീക്ഷിതമായ്
നിർനിമേഷയായി, വിഷാദമയിയായി ഈറനണിഞ്ഞിരുന്നതെന്തേ ?
മരിച്ചു നീയെന്നിലൊരു മരീചികപോൽ നീണ്ട വർഷങ്ങൾ കോഴിയവെ
മറന്നു നീയെന്നെ യോർക്കാതെയൊരു ഗതകാലസ്മരണ തൻ സന്ധ്യയിലും
കണ്ണുതുറന്നാൽ നിന്നെ മാത്രം, പുസ്തകം തുറന്നാലും നിന്നെ മാത്രം കണ്ടൂ
കാതിലും നിന്നിമ്പമൊഴികളൊരു കർണ രസമായി തീർന്ന മാധുര്യ കാലം
അനുരാഗമുണർത്തി നിറമാർന്നു വിടർന്നു നില്കുമൊരു റോസാ മലരായി
അറിയാതെ വീശുമോരു കുസൃതിക്കാറ്റിൻ തലോടലേറ്റു വരുമോയെന്നോതി
നിത്യേന തേൻ നുകരാനോടിയെത്തും കരിവണ്ടിനോടൊരു നുണ ചൊല്ലി
നിശതോറും നാളുകൾ നീട്ടവെയൊടുവിലെന്നെങ്കിലുമെത്തുമാ കുറുമ്പൻ
ശലഭo എന്നൊരു പ്രതീക്ഷയുമായി വീണ്ടുമാഗാനത്തിൻ ഈരടികളൊരു
ശീലമായി തീരില്ലെങ്കിൽ പാടാം നിനക്കായ് മാത്രമെന്നോതി പ്രിയനവൻ..
വിധിയുടെ കനലെരിയും മരുവിലെ  വിടവിലൊരു തീരാ ദുഃഖ സ്മൃതിയായി
വിശ്രമിക്കവേ നീയറിയുന്നുവോ വിഹായസ്സി ലൊരു  മഴക്കാറു നിനക്കായ്
ജനിക്കുന്നു വീണ്ടുമൊരു മഴക്കായ് കാത്തിരിക്കുന്നൊരു വേഴാമ്പലിനായ്
ജന്മാന്തരങ്ങൾ കഴിഞ്ഞാലും മറക്കാൻ കഴിയാതിഴയിട്ട ബന്ധങ്ങൾ പിരിയും
കയറുപോൽ പിരിഞ്ഞിണചേർന്നമർന്നൊടുവിൽ എരിഞ്ഞൊരുചിതയിൽ
കനലുകളായ് പിന്നെ പുകയായ് ചാരമായ് മരങ്ങൾക്കു വളമായി മാറട്ടെ…

Share This:

Comments

comments