പരലോകബന്ധം (നർമഭാവന).

0
271

ഷെരീഫ് ഇബ്രാഹിം.

‘അതൊന്നും പറഞ്ഞാല്‍ പറ്റില്ല. നിങ്ങള്‍ എന്ത് വൃത്തികേടാണ് കാണിച്ചത്? ഒരു കാര്യവും ആരോടും പറഞ്ഞെല്പ്പിലക്കാനും എനിക്ക് സമയം കിട്ടിയില്ല. പെട്ടെന്നല്ലേ നിങ്ങൾ എന്റെ ജീവൻ എടുത്തത്. അത് കൊണ്ട് എനിക്ക് എന്റെ വീട്ടിൽ പോയി ഭാര്യയോടും മക്കളോടും എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. അവരായി കുറച്ചു നാൾ കൂടി കഴിയണം. അവർ ഇപ്പോൾ എന്നെ കാണാതെ മരിച്ചപോലെ ജീവിക്കുന്നുണ്ടാവും.’

ഞാൻ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.

‘നോക്കൂ ജബ്ബാർ.. മരണപ്പെട്ട ആരെയും വീണ്ടും ജീവൻ കൊടുക്കാൻ ആർക്കും കഴിയില്ല. തന്നെയുമല്ല, ഇന്നേക്ക് നിങ്ങൾ മരിച്ചിട്ട് മൂന്ന് ദിവസമായി. ഇന്ന് നിങ്ങളുടെ കണ്ണ് വീഴും. എനിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. ഞാൻ ദൈവം പറയുന്നത് അനുസരിക്കുന്ന ഒരു മാലാഖ മാത്രം’

‘അതൊന്നും പറഞ്ഞാൽ പറ്റില്ല. എനിക്ക് ചുരുങ്ങിയത് ഒരു മാസമെങ്കിലും ഭാര്യയോടും മക്കളോടും കൂടെ താമസിക്കണം’

ഞാനും വിട്ടു കൊടുക്കാൻ ഭാവമില്ല.

ഒടുവിൽ കുറച്ചു സമയത്തെ ആലോചനക്ക് ശേഷം മാലാഖ എന്നോട് പറഞ്ഞു.

‘എനിക്ക് മാക്സിമം തരാവുന്ന പരോൾ ഒരാഴ്ച്ചയാണ്. അതിന് തയ്യാറാണെങ്കിൽ ജബ്ബാർ നമുക്ക് നാളെ കാലത്ത് തന്നെ യാത്രപുറപ്പെടാം.’

‘നമ്മളോ?’

‘അതെ. നമ്മൾ രണ്ടു പേരും. കാര്യമുണ്ട്. ആ ഏഴു ദിവസം കഴിഞ്ഞാൽ ഇനിയും ദിവസം കൂടുതല്‍ വേണം എന്ന് പറയരുത്. ആ ഏഴു ദിവസത്തിൽ ആദ്യത്തെ മൂന്ന് ദിവസം നിങ്ങൾ അരൂപി ആയിരിക്കും. നിങ്ങളെ ആർക്കും കാണാൻ കഴിയില്ല, നിങ്ങൾ സംസാരിക്കുന്നത് ആരും കേൾക്കില്ല. എന്നാൽ നിങ്ങൾക്ക് മറ്റുള്ളവരെ കാണാനും സംസാരം കേൾക്കാനും കഴിയും. തയ്യാറാണോ?’

‘ഇതൊരു മാതിരി ഏതോ സിനിമയിലെ പോലെ ആണല്ലോ?’ ഞാനെന്റെ സംശയം പ്രകടിപ്പിച്ചു.

‘ഇത് സിനിമയിൽ വന്ന കഥയല്ല. നിങ്ങൾ എന്റെ കരാർ അംഗീകരിച്ചോ ഇല്ലയോ?’ മാലാഖയുടെ വാക്കുകളില്‍ വീര്യം കൂടി.

ഞാൻ സമ്മതിച്ചു.

പറഞ്ഞ പോലെ പിറ്റേന്ന് ഞാനും മാലാഖയും കൂടി എന്റെ നാട്ടിലേക്ക് യാത്ര തിരിച്ചു. ശരിക്കും ഒരു പ്ലെയിൻ യാത്ര പോലെ. കുറെ കഴിഞ്ഞപ്പോൾ ഞങ്ങൾ എവിടെയോ ഇറങ്ങി.

പിന്നെ നടന്നാണ് യാത്ര. എന്റെ വീടിന്റെ അടുത്തെത്തി.

ഗേറ്റ് തുറന്ന് അകത്ത് കടന്നു. വീടിന്റെ സൈഡിൽ എന്റെ മയ്യിത്ത് കുളിപ്പിച്ച കട്ടിലും നീല പന്തലും അതെ പോലെ തന്നെയുണ്ട്.

അകത്ത് ഭാര്യ വിതുമ്പി കൊണ്ട് എന്ത് പറഞ്ഞ് കരയുന്നത് പുറത്തേക്ക് കേട്ടു.

കണ്ടോ? ഞാൻ മരിച്ചിട്ട് നാല് ദിവസമായിട്ടും എന്റെ ഭാര്യ എന്നെ ഓർത്ത് കരയുന്നത് എന്ന് ഞാൻ മാലാഖയോട് ചോദിച്ചു.

മാലാഖ മറുപടി ഒന്നും പറഞ്ഞില്ല.

ഞങ്ങള്‍ അകത്ത് കടന്നു. അകത്തേക്ക് കടക്കാന്‍ ഞങ്ങൾക്ക് വാതില്‍ തുറക്കെണ്ടതില്ലല്ലോ?

അവിടെത്തെ രംഗം കണ്ടപ്പോള്‍ മാലാഖ ഉറക്കെ ചിരിച്ചു തുടങ്ങി. ആ ചിരി അവർക്ക്  കേൾക്കാന്‍ കഴിയില്ലല്ലോ? മാലാഖ ചിരിക്കാന്‍ കാരണം എന്റെ ഭാര്യ കരഞ്ഞത് സീരിയല്‍ കണ്ടു അതിലെ കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടത് കൊണ്ടാണ്.

ഞാന്‍ എന്റെ മക്കളെ നോക്കി. അവര്‍ മുകളില്‍ എന്തോ ചർച്ചയിലാണെന്ന് അവരുടെ സംസാരം കേട്ടപ്പോള്‍ മനസ്സിലായി.

ഞങ്ങള്‍ മുകളിലേക്ക് പോയി.

‘ദേ.. എല്ലാവരോടുമായി പറയുകയാണ്. ഉപ്പാടെ മാട്ടൂലുള്ള പറമ്പ് എനിക്ക് വേണം. അത് റോഡ് സൈഡിൽ ആയത് കൊണ്ട് നല്ല വില കിട്ടും. അത് വിറ്റിട്ട് വേണം എന്റെ മകളുടെ കല്യാണം കഴിച്ചു കൊടുക്കാൻ. എനിക്ക് ഒരു ഡോക്ടറെ തന്നെ മരുമോനായി വേണം.’

മൂത്തമകനാണ് അത് പറയുന്നത്.

‘ഇക്ക എന്താണ് ഈ പറയുന്നത്. എനിക്കത് കിട്ടിയിട്ട് ഉപ്പാടെ മറ്റു ഭാഗങ്ങളിൽ എനിക്കുള്ള ഷെയർ വിറ്റിട്ട് വേണം നല്ലൊരു വീട് പണിയാൻ. പിന്നെ ഇക്കാക്ക് ബഹ്‌റൈനിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇല്ലേ?’

രണ്ടാമത്തെ മകൻ അത് പറഞ്ഞപ്പോൾ ഞാൻ ഇളയ മകനെ നോക്കി. മാലാഖ അപ്പോഴും ചിരിക്കുകയാണ്. എനിക്ക് മാലാഖയോട് കുറച്ചു ദേഷ്യം വന്നു. പക്ഷെ, അത് ഞാൻ പുറത്ത് കാണിച്ചില്ല.

‘അതെ. നിങ്ങൾക്ക് എന്ത് വേണമെങ്കിലും എടുത്തോ. പക്ഷെ, ഈ വീട് എനിക്ക് വേണം. അതിൽ ആരും അവകാശം പറയരുത്. പിന്നെ ഉപ്പാടെ വാഹനങ്ങൾ എല്ലാം എനിക്ക് വേണം.’

അപ്പോഴാണ്‌ ഭാര്യ മക്കളോട് പറയുന്നത് ഞാന്‍ കേട്ടത്.

‘മക്കളെ, നാളെ തന്നെ ഉമ്മാക്ക് വിധവാപെൻഷന് അപേക്ഷിക്കണം’

ഞാൻ അവളെ ശ്രദ്ധിച്ചു. സീരിയലിന് ഇടക്കുള്ള പരസ്യമായിരുന്നു ടെലിവിഷനിൽ അപ്പോൾ.

എനിക്ക് ഒരു മകളെ ഉള്ളൂ. വിവാഹം കഴിഞ്ഞിട്ടില്ല. അവൾ എവിടെ എന്ന് നോക്കി. അവൾ നിസ്കരിച്ചു കഴിഞ്ഞ് എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതാണ് കണ്ടത്.

എനിക്ക് എന്റെ മകളെ ഒന്ന് ചുംബിക്കണം എന്ന് ഞാൻ മാലാഖയോട് പറഞ്ഞു. അദ്ദേഹം അത് അനുവദിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ മാലാഖയോട് പറഞ്ഞു. ‘നമുക്ക് പോകാം.’

‘എങ്ങോട്ട്?’

പരലോകത്തേക്ക് എന്ന് ഞാൻ മറുപടി കൊടുത്തു.

‘ഇതിനാണോ ഒരു മാസം വേണമെന്ന് പറഞ്ഞ് ഒടുവിൽ ഒരാഴ്ച്ചക്ക് വന്നിട്ട് രണ്ടു മണിക്കൂർ കഴിയുന്നതിന് മുമ്പ് മടങ്ങി പോകാൻ പറയുന്നത്? ഇനി പോയാൽ തിരിച്ചു വരാൻ പറ്റില്ല കേട്ടോ?’

ഞാൻ മറുപടി പറഞ്ഞില്ല. ഞങ്ങൾ പരലോകത്തേക്ക് പോയി.

Share This:

Comments

comments