കലയ്ക്ക് പുതിയ നേതൃത്വം; ഡോ. ജയ്‌മോള്‍ ശ്രീധര്‍ പ്രസിഡന്റ്.

0
186

ജോയിച്ചൻ പുതുക്കുളം.

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലും പ്രാന്ത പ്രദേശങ്ങളിലും കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന കല -ഡെലവേര്‍വാലി മലയാളി അസോസിയേഷന്റെ 2019-ലെ പ്രസിഡന്റായി ഡോ. ജെയ്‌മോള്‍ ശ്രീധര്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.
കല സംഘടിപ്പിച്ച ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിനും വാര്‍ഷിക കുടുംബ സംഗമത്തിനും മുമ്പായി നടന്ന ജനറല്‍ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ഫോമയുടെ നാഷണല്‍ കമ്മിറ്റിയിലെ വിമന്‍സ് പ്രതിനിധിയും, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയും, ഫിലഡല്‍ഫിയയുടെ സമീപ പ്രദേശത്തുള്ള വൈഡനര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമാണ് ഡോ. ജെയ്‌മോള്‍.

കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്ക് താഴെപ്പറയുന്നവരും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. കുര്യന്‍ മത്തായി (വൈസ് പ്രസിഡന്റ്), ജിന്റോ ആലപ്പാട്ട് (ജനറല്‍ സെക്രട്ടറി), ജോര്‍ജ് മാത്യു (ജോയിന്റ് സെക്രട്ടറി), ജോസഫ് സഖറിയ (ട്രഷറര്‍), ജോര്‍ജ് ഫിലിപ്പ്, ജോസഫ് വി. ജോര്‍ജ്, സുജിത് ശ്രീധര്‍, ജോര്‍ജ് ജോസഫ്, അലക്‌സ് ജോണ്‍, കുരുവിള ജേക്കബ് (ജെറി) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ഡോ. ജയിംസ് കുറിച്ചിയും, ജോജോ കോട്ടൂരും കമ്മിറ്റിയിലെ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. ഓഡിറ്റേഴ്‌സ് ആയി ജോര്‍ജ് വി. ജോര്‍ജും, മാത്യു പി. ചാക്കോയും തെരഞ്ഞെടുക്കപ്പെട്ടു. അഡൈ്വസറി കൗണ്‍സില്‍ ചെയറായി തങ്കപ്പന്‍ നായരെ തെരഞ്ഞെടുത്തു. അന്‍സു വര്‍ഗീസാണ് വിമന്‍സ് ഫോറം ചെയര്‍, ജയ്ബി ജോര്‍ജ് കോ- ചെയറും.

ഡോ. ജയിംസ് കുറിച്ചി തന്റെ ആമുഖ പ്രസംഗത്തില്‍ കലയുടെ ഭാവി യുവ നേതാക്കളിലാണെന്ന് ഉദ്‌ബോധിപ്പിച്ചു. കലയുടെ കടന്നുപോയ വര്‍ഷത്തില്‍ ഒന്നിച്ചുനിന്നു പ്രവര്‍ത്തിച്ച കമ്മിറ്റി അംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. അലക്‌സ് ജോണ്‍ ജനറല്‍ സെക്രട്ടറി ജോജോ കോട്ടൂരിനുവേണ്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോര്‍ജ് മാത്യു അവതരിപ്പിച്ച ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമ്മേളനം പാസാക്കി.

കലയുടെ നേതൃത്വത്തില്‍ നടന്ന കേരള ദുരിതാശ്വാസ ഫണ്ട് ശേഖരണത്തെപ്പറ്റി ജോര്‍ജ് മാത്യു വിശദീകരിച്ചു. കലയുടെ ലക്ഷ്യം 25,000 ഡോളര്‍ ആയിരുന്നുവെങ്കിലും അതിലും കൂടുതല്‍ തുക കമ്മിറ്റി ശേഖരിച്ചെന്നും അത് കലയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് ദുരിതം അനുഭവിക്കുന്നവര്‍ക്ക് നേരിട്ട് വിതരണം ചെയ്യാന്‍ കഴിഞ്ഞെന്നും അദ്ദേഹം പ്രസ്താവിച്ചു. കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ കലയ്ക്കുള്ള അഭിമാനവും നന്ദിയും പ്രസിഡന്റ് രേഖപ്പെടുത്തി.

പുതിയ പ്രസിഡന്റ് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും പരിപാടികളില്‍ സംബന്ധിച്ചവര്‍ക്ക് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

Share This:

Comments

comments