ഭൂമിയിലെ അന്യഗ്രഹം, ടെക്സസിലെ ബിഗ്  ബെൻഡ്.(യാത്രാ വിവരണം)

0
575

സന്തോഷ്  പിള്ള.

കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട്  ഹെഡ്‍ലൈറ്റിൻറെ പ്രകാശത്തിന്  അധികദൂരം സഞ്ചരിക്കുവാൻകഴിയുന്നില്ല. വഴിവിളക്കുകൾ ഇല്ലെന്നു മാത്രമല്ല ഒരുതരത്തിലുള്ള പ്രകാശവും ചുറ്റുപാടും കാണാനുമില്ല. വാഹനം അടുത്തുവരുമ്പോഴേക്കും  പാതയിൽ നിന്നും ഇരു വശങ്ങളിലേക്കും ഓടി മാറുന്ന വന്യ ജീവികൾ. ഒറ്റനോട്ടത്തിൽ  പന്നി കുഞ്ഞുങ്ങളെ പോലെ തോന്നിക്കുന്ന ഹവാലിന (Javelinas ),  ജാക്ക്  റാബിറ്റ്,  എന്ന മുഴുത്ത ചെവിയുള്ള  മുയൽ, പാമ്പുകൾ, ഇടക്കിടെ കുറ്റികാട്ടിനുള്ളിൽ നിന്നും കാണുന്ന പുള്ളി മാനുകളുടെ തിളങ്ങുന്നകണ്ണുകൾ, ഇവയെ ഒക്കെ വകത്ത്  മാറ്റികൊണ്ടെന്നപോലെ വാഹനം മുന്നോട്ട് കുതിക്കുന്നു. വെളുപ്പിനെമൂന്നുമണിക്കാരംഭിച്ച  യാത്ര അല്പദൂരം കഴിഞ്ഞു പാതയോരത്ത് മാറ്റിനിർത്തി.  വാഹനത്തിൻറെ ഹെഡ്ലൈറ്റ് അണച്ച ശേഷം ദർശിച്ച ആകാശത്തിലെ നക്ഷത്ര കാഴ്ചകൾ അത്യത്ഭുതകരമായിരുന്നു. മനുഷ്യ നിർമിതവിളക്കുകളിൽ നിന്നും പുറപ്പെടുന്ന പ്രഭയുടെ  കടന്നുകയറ്റം ഇല്ലാതെ വാനിനെ നോക്കിക്കാണാൻ സാധിക്കുന്ന സ്ഥലം എന്ന പ്രത്യേകതയാൽ വളരെ അധികം ഗഗന നിരീക്ഷകരെ  ആകർഷിക്കുന്ന പ്രദേശം. അമേരിക്കയിലെ പട്ടണങ്ങളിലുള്ള വൈദ്യുത വിളക്കുകളുടെ പ്രകാശം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന പ്രകാശ മലിനീകരണം ആകാശത്തിലെ വളരെ അധികം നക്ഷത്രങ്ങളെ  മറക്കുന്നു. എന്നാൽ ബിഗ്  ബെൻഡ്,  പട്ടണങ്ങളിൽ നിന്നുംവളരെ ദൂരെ സ്ഥിതി ചെയ്യുന്നതു കൊണ്ട്  പ്രകാശ മലിനീകരണം ഒട്ടും തന്നെ ഇല്ലാത്ത സ്ഥലം ആകുന്നു. തെളിഞ്ഞ ആകാശം ആണെങ്കിൽ, നഗ്ന നേത്രങ്ങൾ കൊണ്ട്  ഏറ്റവും അധികം നക്ഷത്രങ്ങളെ ഇവിടെ കാണാൻസാധിക്കും.
അമേരിക്കയുടെ തെക്കേ അതിർത്തിയിൽ മെക്സിക്കോയുമായി ചേർന്ന്‌കിടക്കുന്ന 1251 സ്കോയർ മൈൽ വരുന്ന ദേശീയ പാർക്കിനെ ആണ് ബിഗ് ബെൻഡ്  എന്നറിയപ്പെടുന്നത് . ഈ  പ്രദേശം സന്ദർശിച്ചു തിരികെപോരുമ്പോൾ അന്യ ഗ്രഹം സന്ദർശിച്ചു മടക്ക യാത്ര ചെയ്യുന്ന പ്രതീതി. ഈ സ്ഥലം  ഭൂമിയിൽ തന്നെ ആണോഎന്ന് തോന്നിപ്പിക്കുന്ന ഭൂപ്രകൃതി. ടെക്സസിലെ പ്രധാന പട്ടണങ്ങളിൽ നിന്നും അകലെ സ്ഥിതിചെയ്യുന്നതുകൊണ്ട്  വിനോദ സഞ്ചാരികൾ ഏറ്റവും അടുത്തുള്ള  മിഡ്ഡ്‌ലാൻഡ്  എയർപോർട്ടിൽ നിന്നും മൂന്നു മണിക്കൂർഡ്രൈവ് ചെയ്തു വേണം ഇവിടെ എത്തുവാൻ. ടെക്സസിലെ ഒരു പ്രധാന പട്ടണമായ ഡാലസിൽ നിന്നും എട്ടുമണിക്കൂർ തുടർച്ചയായി യാത്ര ചെയ്താണ് ഞങ്ങൾ ഇവിടെ എത്തിയത് ,  ഇന്ത്യയുടെ അഞ്ചിലൊന്ന്വലിപ്പമുള്ള ടെക്സസ്  സംസ്ഥാനത്തിൻറെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന മരുഭൂമി പ്രദേശമായബിഗ്‌ബെൻഡ്  ശാസ്ത്ര കുതുകികൾക്ക്  അമൂല്യ  നിധിയാണ്  തുറന്നു വച്ചിരിക്കുന്നത് .
കുറ്റികാടുകൾക്കുള്ളിലേക്കുള്ള നടപ്പാതകൾ അനേകമുള്ള ഈ പാർക്കിലെ ഒരു മലയുടെ വശത്തുകൂടിയുള്ളനടപ്പാതയിലൂടെ 500 അടി മുകളിൽ എത്തിയപ്പോൾ ഒരു കടൽ ജീവിയുടെ തോട്  (ഷെൽ) പാറക്കുള്ളിൽ നിന്നുംപുറത്തേക്ക് തള്ളിനിൽക്കുന്നത്  കാണാൻ സാധിച്ചു. കടലിൽ നിന്നും വളരെ ദൂരത്തിൽ സ്ഥിതി ചെയ്യുന്നപ്രദേശത്ത്  കടൽ ജീവിയുടെ അവശിഷ്ടം എങ്ങനെ ഉണ്ടായി? അതും ഒരുമലയുടെ മുകളിൽ?
ക്രട്ടേഷ്യസ്സ്  പീരീഡ്‌ എന്നറയിപെടുന്ന 10 കോടി വർഷങ്ങൾക്ക്  മുമ്പ്  ഈ പ്രദേശം സമുദ്രമായിരുന്നു. അന്നിവിടെ ജീവിച്ചിരുന്ന ജീവികളുടെ ഫോസിലുകൾ ബിഗ് ബെൻഡിൽ പലസ്ഥലങ്ങളിലായി  നിക്ഷേപിക്കപെട്ടിട്ടുണ്ട്. മൂന്നര കോടി വർഷത്തെ ഡൈനസോറുകളുടെ ചരിത്രം ഇവിടുത്തെ മണ്ണിൽ ആലേഖനംചെയ്യപെട്ടു കിടക്കുന്നു.ഫോസ്സിലുകളെ കുറിച്ച്  പഠിക്കുന്ന പാലിയന്റോളജിസ്റ്റ്കളുടെ പറുദീസ എന്നാണ് ഈപ്രദേശം അറിയപെടുന്നത്. ഉരഗ വർഗ്ഗത്തിൽ പെട്ട ജീവികളുടെ ഉദയം മുതൽ, സസ്തനങ്ങൾ ഭൂമിയിൽപ്രത്യക്ഷ പെട്ടതു വരെയുള്ള  കാലഘട്ടങ്ങളിലെ ജീവികളുടെ ഫോസ്സിലുകൾ  ഇവിടെ ലഭ്യമാണ്.  പത്തു കോടി വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന മുപ്പത് അടി നീളമുള്ള മൊസാസാറസ്സ് എന്ന ഉരഗവർഗ്ഗത്തിൽ പെട്ട ജീവിയുടെ ഫോസിലാണ് ഇവയിൽ പ്രധാനപെട്ടത്. തൊണ്ണൂറിൽ പരം ഡൈനസോർ വർഗങ്ങളുടെയും, നൂറിൽ പരം പുരാതന സസ്യ വർഗങ്ങളുടേയും ഫോസിലുകൾ ഇതിനോടകം ഇവിടെനിന്നും വേർതിരിച്ചെടുത്തിട്ടുണ്ട് .
റിയോ ഗ്രാൻഡി  നദിയുടെ  അരികിലുള്ള  ഒരുമലയുടെ ചരുവിലൂടെ ഉയരത്തിൽ കയറി  കുറച്ചുദൂരം നടന്നുകഴിഞ്ഞപ്പോൾ താഴേക്കുള്ള ഇറക്കമായി. ഇടക്കിടെ പാറപ്പുറങ്ങളിൽ വിശ്രമിക്കാനിരിക്കുമ്പോൾ, സാഹസിക യാത്രക്ക് പ്രേരിപ്പിച്ച  മക്കൾ,  മുന്നോട്ട്, വീണ്ടും വീണ്ടും നടക്കുവാൻ  പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു.  അവസാനം നദിയുടെ ഓരത്തുള്ള വിശാലമായ ഒരു പ്രദേശത്ത്  എത്തിച്ചേർന്നു.ഇരുവശങ്ങളിലും ആയിരം അടിയെങ്കിലും ഉയരത്തിൽ പാറക്കെട്ടുകൾ മതിൽകെട്ടി നിൽക്കുന്ന. ഇവിടെനദിക്ക് കൂടിയാൽ 50 അടി വീതി. ചില സ്ഥലങ്ങളിൽ ഒരിക്കലും സൂര്യരശ്മികൾ പതിക്കുകയും ഇല്ല.  ലക്ഷംവർഷങ്ങൾക്കപ്പുറത്ത്  ഈ നദി അത്രയും ഉയരത്തിൽ പാറക്കെട്ടുകൾക്ക്  മുകളിലൂടെ ഒഴുകിയിരുന്നതാണ് . അനേക വർഷങ്ങൾ കൊണ്ട് നദിയിലെ ഒഴുക്ക് , പാറക്കെട്ടുകളെ മുറിച്ചുമാറ്റി ജലനിരപ്പ് താഴ്ന്ന്  താഴ്ന്ന്  പോയതുകൊണ്ടാണ്  ഇപ്പോൾ ഇരുവശത്തും അനേകം അടി ഉയരത്തിൽ പാറക്കെട്ടുകൾ കാണാൻസാധിക്കുന്നത്. ഇവിടെ നിന്ന് ഉറക്കെ ഒന്നലറിയാൽ പലവട്ടം ശബ്ദം പ്രതിദ്ധ്യനിക്കുമായിരിക്കും. അതിനുള്ള ത്വര മനസ്സിൽ ഉയർന്നു വന്നപ്പോൾ തന്നെ നുള്ളിക്കളഞ്ഞു. അമേരിക്കകാരെ മാത്രം കാണുന്ന ഈ സ്ഥലത്ത് അധികം ശബ്ദിക്കുന്നത്  അത്ര പന്തിയല്ല. മണൽ തിട്ട ഇവിടം കൊണ്ടവസാനിക്കുന്നതു കൊണ്ട്  ഇനിയും മുന്നോട്ട് പോകണമെങ്കിൽ നദിയിൽ ഇറങ്ങിയാലേ സാധിക്കൂ. കുടുംബ സമേധം  പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തിയ ഒരു സായിപ്പ്  നദിക്കരയിൽ കണ്ട ചതുരാകൃതിയിലുള്ള പടുകൂറ്റൻ പാറയെ ചൂണ്ടിക്കാണിച്ച്,  ഈ പാറക്കഷ്ണം  പുഴക്കക്കരെ ഉള്ള മലമുകളിൽ നിന്നും അടർന്നു വീണതാകാം എന്നഭിപ്രായപെട്ടു. താഴെ കിടക്കുന്ന പാറയുടെ അതേ ആകൃതിയിൽ മലമുകളിൽ കരിങ്കല്ലിൽ വലിയ വിടവ് കാണാൻ സാധിച്ചു. പണ്ടെങ്ങോ സംഭവിച്ച ഒരു ഭൂമികുലുക്കത്തിൻറെ തെളിവ് ഇതാ കൺമുമ്പിൽ കിടക്കുന്നു. ഒരാവേശത്തിൽ പാറയുടെ മുകളിൽ വലിഞ്ഞു കയറി അതിനുമുകളിൽ മലർന്നുകിടന്ന് ഇരുവശത്തുമുള്ള മലകൾ ഒരുക്കിയ ചെറിയ വിടവിലൂടെ ആകാശത്തെ നോക്കിക്കണ്ടു. പരന്ന സ്ഥലങ്ങളിൽ നിന്നും കാണുമ്പോൾ ആർച്ചിന്റെ രൂപത്തിൽ കാണുന്ന ആകാശത്തിന്,  അവിടെ നിന്നും നോക്കിയപ്പോൾ ചതുരാകൃതിയിൽ ഒരു നീണ്ട ദണ്ഡുപോലുള്ള  രൂപം.  പലവുരു കേട്ടിട്ടുണ്ടെങ്കിലും ” നമ്മളുടെ വീക്ഷണ ഗതിക്കനുസരിച്ചാവും നമ്മൾ കാണുന്ന ലോകം എന്ന തിരിച്ചറിവ് ” ആ സമയത്ത്  ശരിക്കും അനുഭവപെട്ടു. അനേക കൊടിവർഷങ്ങളുടെ കഥ ഉറങ്ങുന്ന പ്രദേശത്തെ കാഴ്ചകൾ അനേക ലക്ഷം വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പാറപ്പുറത്ത് കിടന്നാസ്വദിച്ചു കഴിഞ്ഞപ്പോൾ വർത്തമാനകാലത്തെ വലിയ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടതായി വന്നു. കൂറ്റൻ പാറയുടെ മുകളിൽ നിന്നും എങ്ങനെ താഴെ ഇറങ്ങും. കൈവിരലുകൾ കയറാൻ മാത്രം ചെറിയ വിടവുകളുള്ള പാറയിൽ  അല്പസമയമൊക്കെ അള്ളിപ്പിടിച്ച്  കമഴ്ന്നു കിടന്ന്  പതുക്കെ നിരങ്ങി നിരങ്ങി താഴേക്കുവന്നു. ഒരുവിധത്തിൽ താഴെ എത്തിയപ്പോൾ, കൈകാൽ മുട്ടുകളിൽ നല്ല  നീറ്റൽ അനുഭവപെട്ടു.
ബിഗ് ബെൻഡിലെ ഏറ്റവും ഉയരം കൂടിയ എമറി പീക്ക്  7832 അടി ഉയരത്തിൽ  ആണ് സ്ഥിതിചെയ്യുന്നത്. മലയുടെ മുകളിൽ കയറി  തിരികെ വരാൻ ആറു മണിക്കൂർ സമയം ങ്കിലും  വേണ്ടിവരും. പാതയുടെഇരുവശങ്ങളിലും ചെറിയമരങ്ങളും കുറ്റിച്ചെടികളൂം കാട്ടുപൂക്കളും കണ്ണിനു വിരുന്നേകാൻകാത്തിരിക്കുന്നു. കരടിയും, മൗണ്ടൻ ലയനും പൊടുന്നനെ മുന്നിലെത്താൻ സാധ്യതയുള്ളതായ മുന്നറിയിപ്പ്ബോർഡുകൾ കാണാൻ സാധിച്ചു. ഇവയെ കണ്ടാൽ ഒന്നിലധികം ആളുകൾ ഉണ്ടെങ്കിൽ, ഒരുമിച്ച് ചേർന്നുനിന്ന്കൈകാലുകൾ വശങ്ങളിലേക്ക് വീശി ഭയങ്കര ശബ്ദം ഉണ്ടാക്കി പേടിപ്പിക്കുവാനാണ്  നിർദേശിക്കുന്നത്. ഒരിക്കലൂം പിന്തിരിഞ്ഞ്  ഓടരുത് .
മലകയറുന്ന പലരും വലിയ ബാക്ക്  പാക്ക് പുറത്ത്  കെട്ടിവച്ചിരിക്കുന്നു. രാത്രിയിൽ ടെന്റ്  അടിച്ച്  അതിനുള്ളിൽ താമസിക്കാനുള്ള സാമഗ്രികൾ ആണ്  ബാക്ക്പാക്കിനുള്ളിൽ. ഇരുകൈകളിലുമുള്ള നീളൻദണ്ഡുകൾ  നിലത്ത്,  കുത്തി, കുത്തി ആണ്  മലകയറുന്നത്ത് . നടപ്പാതയുടെ വശത്ത്  കരിഞ്ഞ ഒരു മരംനിൽക്കുന്നതു കണ്ട് , മകൻ ചോദിച്ചു, “ഈ  മരം എങ്ങനെയാവും കരിഞ്ഞത് “? കാട്ടുതീയാവാം കാരണംഎന്നുത്തരം നൽകിയപ്പോൾ , മിന്നൽ കൊണ്ടാവാനാണ് കൂടുതൽ സാദ്ധ്യത എന്നറിയിച്ചു. ശരിയാണ് ഞങ്ങൾകയറുന്ന മലയുടെ എതിർവശത്ത്  കണ്ട മലയുടെ മുകളറ്റം കാർമേഘങ്ങളാൽ മൂടപെട്ടുകിടക്കുന്ന. കറുത്തനിറത്തിലുള്ള പടുകൂറ്റൻ പഞ്ഞിക്കെട്ടു കൊണ്ടുണ്ടാക്കിയ ഒരു കിരീടം ആരോ മലയുടെ ശിരസ്സിൽചാർത്തിയതുപോലെ!!! കാർമേഘ കിരീടത്തിനുള്ളിൽ നിന്നും ഇടക്കിടെ മിന്നലിൻറെ കണ്ണഞ്ചിപ്പിക്കുന്നവെള്ളിവെളിച്ചം പുറത്തേക്കുവരുന്നു.
എമറി പീക്കിലേക്ക് പോകുന്ന നടപാതക്കരികിൽ കുറച്ചുപേർ കൂടിനിന്നു ഫോട്ടോ എടുക്കുന്നതു കണ്ടു. അതൊലൊരാൾ പറഞ്ഞു “ടരാഞ്ജുല ബ്രേക്ക് ഫാസ്റ്റ്  കഴിക്കുകയാണ് “. എട്ടുകാലുകളിൽ വലിപ്പം കൂടിയടരാഞ്ജുല അനങ്ങാതെ പാറക്കഷണങ്ങൾക്കിടയിൽ ഇരിക്കുന്നതു  കാണാൻ സാധിച്ചു. സൂക്ഷിച്ച് നോക്കിയപ്പോൾ അതിനടിയിൽ മറ്റൊരു ജീവിയെ പിടിച്ചു വച്ചിരിക്കുന്നു. പൊന്തക്കാടുകളിൽ ഇലകൾ ഇളകുന്നു. ഹിംസ്ര ജന്തുക്കൾ ആരെങ്കിലും ആണോ? ഉള്ളൊന്നു കാളി. നടപ്പാതയിലൂടെ മലകയറ്റക്കാർ പുറകെ വരുന്നതു കണ്ടൊപ്പോൾ സമാധാനിച്ചു. ഞങ്ങൾ മാത്രമല്ലല്ലോ, ആപത്തുണ്ടായാൽ സഹായിക്കാൻ മറ്റുള്ളവരും ഉണ്ടാവുമല്ലോ. കാടിളകിയ ഭാഗത്തേക്ക്  വീണ്ടും നോക്കിയപ്പോൾ ആശ്വാസമായി. മാനുകൾ കൂട്ടമായി സഞ്ചരിക്കുന്നു. മനുഷ്യരെ പരിചയമുള്ളതുകൊണ്ടാവാം നടപ്പാതയിൽ നിന്നും  അധികം ദൂരത്തല്ലാതെയാണ്  അവർ നീങ്ങുന്നത്. മലയുടെ മുകളിൽ എത്തിയപ്പോൾ ആലോചിച്ചു ഇനിയും എത്ര ദൂരം കൂടി മുകളിലേക്ക് പോയാൽ ശൂന്യാകാശത്ത്  എത്താൻ സാധിക്കും?
ഭൂമിയിൽ  നിന്നും  62 മൈൽ  ഉയരത്തിൽ ബാഹ്യ അന്തരീക്ഷത്തിന്റേയും  ശൂന്യാകാശത്തിന്റെയും  അതിർത്തിയായ കാർമൻ ലൈനിന്  അപ്പുറത്തേക്കുള്ള  വിനോദസഞ്ചാരത്തിന്  രണ്ടര ലക്ഷം ഡോളറാണ്  ടിക്കറ്റ് ചാർജ്. എന്നാൽ അനേക കൊടിവർഷങ്ങൾക്ക്  പിന്നിലേക്കുള്ള ബിഗ്‌ബെൻഡ്  പാർക്കിലെ കാഴ്ചകൾആസ്വദിക്കാൻ ഒരു വാഹനത്തിന്  30 ഡോളർ മാത്രം. 1984 ൽ ശൂന്യാകാശത്ത്  സഞ്ചരിച്ച ആദ്യത്തെഇന്ത്യക്കാരനായ  രാകേഷ് ശർമ്മ റഷ്യയിൽ നിന്നും സോയുസ്  T-11 എന്ന വാഹനത്തിലാണ്  സഞ്ചരിച്ചത് .  അദേഹത്തിന്റെ യാത്രയെക്കുറിച്ച്  ആ സമയത്തെ പത്രമാധ്യമങ്ങൾ അനേകം ലേഖനങ്ങളും, വാർത്തകളുംപ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കയിൽ എത്തിയതിനുശേഷം ആദ്യമായി എൻറെ ശ്രദ്ധ പിടിച്ചുപറ്റിയബഹിരാകാശ യാത്രിക കല്പന ചൗളയാണ്.
2003 ഫെബ്രുവരി 1 ന്  എനിക്ക് ജോലിയായിരുന്നു. പൈലറ്റു പഠനം പാതിവഴിയിൽ ഉപേക്ഷിച്ച്  ആരോഗ്യരംഗത്തെ തൊഴിൽ സ്വീകരിച്ച ഈജിപ്തിൽ നിന്നുമുള്ള സഹ പ്രവർത്തകൻ കൊളംബിയ തകർന്നു, കൊളംബിയ തകർന്നു, എന്ന് വിലപിച്ച്  അടുത്തുള്ള  ടിവിയിലെ ന്യൂസ് ചാനൽ കാണാനായി ഓടിപോവുകയുണ്ടായി. പിന്നീടാണറിഞ്ഞത് കല്പന ചൗള എന്ന ഇൻഡ്യൻ വംശജ അടക്കം ഏഴ് ബഹിരാകാശസഞ്ചാരികളുടെ ജീവൻ അന്ന് നഷ്ടമായി എന്ന്. ടെക്സസിലെ  ഡാലസ്സ്  പട്ടണടുത്തുള്ള ആർലിംഗ്ടൺ എന്നസിറ്റിയിലെ യൂണിവേഴ്സിറ്റിയിൽ നിന്നും ബഹിരാകാശ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിനാസയിൽ ജോലി ചെയ്യുകയായിരുന്നു കല്പന. ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരികെഭൂമിയിലേക്ക്‌  വരുവാനായി കൊളംബിയ എന്ന വാഹനം, അമേരിക്കയുടെ പടിഞ്ഞാറേ തീരത്തുള്ളകാലിഫോർണിയയുടെ മുകളിലെ  അന്തരീക്ഷത്തിലേക്കാണ്  പ്രവേശിച്ചത് . അന്തരീക്ഷ  വായുവുമായി  അതിവേഗത്തിൽ കൂട്ടിമുട്ടുമ്പോൾ, ഘർഷണം മൂലം ഉളവായ അഗ്നി,   അതീവ താപത്തെ പ്രതിരോധിക്കുന്നപുറം കവചത്തിലെ ഇളകിപോയിരുന്ന ഓടിൻടെ സ്ഥാനത്തുക്കൂടെ വാഹനത്തിനുള്ളിലേക്ക്  കടക്കുകയാണുണ്ടായത് . ഒരുമണിക്കൂറിൽ 17500 മൈൽ വേഗത്തിലാണ്  കൊളംബിയ ആ സമയത്ത്സഞ്ചരിച്ചരുന്നത് . ഭാരതത്തിൽ ജനിച്ച് ബഹിരാകാശത്ത് സഞ്ചരിച്ച ആദ്യത്തെ വനിതയുടെ ഭൗതിക ശരീരംഭസ്മമായി  ടെക്സസ്  സംസ്ഥാനത്തുടനീളം വിതറിപ്പോവുകയാണുണ്ടായത് . ആർലിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഒരുകെട്ടിടത്തിന് കല്പന ചൗള യുടെ പേർ നൽകിയും, കോൺഗ്രസിന്റെ സ്പെഷ്യൽ ഹോണർ അവാർഡ് നൽകിയും, പഞ്ചാബിൽ നിന്നുമുള്ള ഈ ധീര വനിതയെ അമേരിക്കക്കാർ ആദരിക്കുകയുണ്ടായി..
പുലർച്ചെ നാലുമണിയാകുന്നു സമയം. മകൾ വാഹനം ഓടിക്കുമ്പോൾ ഉറങ്ങാതിരിക്കാൻ മുന്നിൽ കൂട്ടിനായിഞാനുമുണ്ട് . സഹധർമനിയും മകനും പുറകിലെ സീറ്റിൽ വാശിക്കുറങ്ങുന്നു. മകൻറെ ഇരുകാലുകളുംമുന്നിലെ സീറ്റിനുമുകളിലേക്ക്  ഉയർത്തിവച്ചിരിക്കുന്നു. നാട്ടിൽ നിന്നും അമേരിക്കയിൽ എത്തിയ ആദ്യകാലങ്ങളിൽ,  ഇരുകാലുകളൂം ഡാഷ്ബോർഡിൽ ഉയർത്തിവച്ചുകൊണ്ട്  യാത്രചെയ്യന്നവരെ കാണുമ്പോൾഒരസഹനീയത അനുഭവപ്പെട്ടിരുന്നു. പിന്നീട് , കാൽ ശരീരത്തിൻറെ ഭാഗം തന്നെയല്ലേ. കാലുകളെ അപ്രധാനഅവയവമായി എന്തിന് കാണുന്നു എന്ന് കുട്ടികൾ തന്നെയാണ്  ചോദിച്ചത് . എന്നാലും കുറച്ചുനാൾകൂടിക്കഴിഞ്ഞാണ്  ഇതംഗീകരിക്കാൻ കഴിഞ്ഞത്.
മലകളും കുന്നുകളും ഇറങ്ങി വാഹനം സമതലത്തിലേക്കടുത്തപ്പോൾ, എല്ലാ വാഹനങ്ങളുംചെക്ക്പോസ്റ്റിലേക്ക്  കടക്കുക എന്ന അറിയിപ്പ് കണ്ടു. ഞങ്ങൾ ചെക്ക്‌പോസ്റ്റിൽ കയറിയപ്പോൾ പലഭാഗത്തുനിന്നും അനേകം പ്രാവശ്യം കാമറയുടെ ഫ്ലാഷ് ലൈറ്റ് മിന്നുക ഉണ്ടായി  . വണ്ടിനിറുത്തിയപ്പോൾ ഒരുപോലീസ്‌കാരൻ അടുത്തുവന്ന്  എല്ലാ ജനൽ ചില്ലുകളും താഴ്ത്തുവാൻ ആവശ്യപ്പെട്ടു. മെക്സിക്കോയുടെഅതിർത്തിയിൽ   നിന്നും അനധികൃത കുടിയേറ്റക്കാർ വരാൻ സാധ്യത ഉള്ളതുകൊണ്ട്  വാഹന പരിശോധനഅധികൃതർ കർക്കശമാക്കിയിരിക്കുന്നു. എല്ലാവരും അമേരിക്കൻ സിറ്റിസൺ ആണോ എന്നവർ ചോദിച്ചു. ഡ്രൈവേഴ്സ്  ലൈസൻസ് വാങ്ങി പരിശോധിക്കുകയും ചെയ്തു. പോലീസിനെ കണ്ടിട്ടോ, പരിശോധനനടക്കുമ്പോഴോ  കുട്ടികൾക്ക് ഒരു പരിഭ്രമവും  കാണുന്നില്ല. അമേരിക്കയിൽ ജനിച്ച് വളർന്നത്കൊണ്ടായിരിക്കാം ഇങ്ങനെ ഒരു സ്വഭാവം.  അനധികൃതകുടിയേറ്റം തടയാനായി പ്രസിഡന്റ്  ട്രംപ്  അതിർത്തിയിൽ നിർമ്മിക്കാൻ ഒരുമ്പെടുന്ന കൂറ്റൻ മതിലുകൊണ്ട്  എന്താണ് സാധ്യമാകുന്നതെന്ന്  ആലോചിച്ചു. മെക്സിക്കോയുടെ പല ഭാഗങ്ങളിൽ നിന്നും കള്ളക്കടത്തുകാർ നിർമിച്ചിരിക്കുന്നതുരങ്കങ്ങളിലൂടെ മയക്കുമരുന്നുകളും, നീയമപരമല്ലാത്ത കുടിയേറ്റവും നിർബാധം തുടരുമ്പോൾ, ഭൂമിക്ക്മുകളിലെ മതിൽ ഒരു നോക്കുകുത്തി മാത്രമാവില്ലേ?
വീണ്ടും യാത്രതുടർന്നപ്പോൾ  റേഡിയോ സംഗീതം കേൾക്കാനായി ട്യൂൺ ചെയ്തുനോക്കി,. വിജനമായപ്രദേശത്ത് റേഡിയോ സിഗ്നൽ ലഭിക്കുന്നില്ല. കഴിഞ്ഞ തവണ നാട്ടിൽ ചെന്നപ്പോൾ ഒരു സുഹൃത്ത് നൽകിയപഴയ മലയാള ഗാനങ്ങളടങ്ങിയ മെമ്മറി സ്റ്റിക്ക.പ്ലേയ് ചെയ്യാനാരംഭിച്ചു.

കുമാരനാശാൻറെ

 “ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും

 സന്തതം കരതാരിയെന്നൊരു ചിത്രചാതുരി കാട്ടിയും

 ഹന്ത ചാരു കടാക്ഷ മാലകൾ അർകരെശ്മികൾ നീട്ടിയും

 ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശനെ വാഴ്ത്തുവിൻ”

എന്ന പ്രാർത്ഥന ഗീതം  ചിറകടിച്ചരികിലെത്തി.

ഓരോ വ്യക്തികളുടെയും ദൈവ സങ്കല്പം വ്യത്യസ്തമാണ് . ദൈവസങ്കല്പത്തിനെ  ഒരു വിഭാഗക്കാർ ഒരുനാമമാണ്   കൊടുത്തിരിക്കുന്നതെങ്കിലും,  ആ വിഭാഗത്തിലെ  തന്നെ, ഒരാളുടെ ദൈവമല്ല മറ്റൊരാളുടെചിന്തയിലുള്ള ദൈവം. അങ്ങനെ വിശകലനം ചെയ്യുമ്പോൾ, ലോകത്തിൽ എത്രത്തോളം ദൈവവിശ്വാസികൾഉണ്ടോ, അത്രത്തോളം ദൈവങ്ങളും ഉണ്ട് .,ഗാനത്തിന്റെ അർത്ഥം വിശദീകരിക്കുവാൻ മകൾആവശ്യപ്പെട്ടപ്പോൾ, കുമാരനാശാന്റെ അർത്ഥവത്തും, പ്രായോഗികവുമായ ദൈവവീക്ഷണം  മകളെപറഞ്ഞു മനസിലാക്കുവാൻ ശ്രമിച്ചു.

ഇതൊക്കെയാണെങ്കിലും മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ ചന്ദ്രനും നക്ഷത്രങ്ങളും കടന്ന്  ശൂന്യാകാശത്തേക്ക് സഞ്ചരിക്കുവാൻ തുടങ്ങി. ഭാവിയിൽ, അന്യ ഗ്രഹ സന്ദർശനം കഴിഞ്ഞ് ജീവികൾഭൂമിയിൽ എത്തുമ്പോൾ ഇന്റർഗാലക്ടിക്കൽ ഇമ്മിഗ്രേഷൻ ചെക്ക് സ്റ്റേഷൻസ്  സിനിമകളിൽ കണ്ടിട്ടുണ്ട് . ഞങ്ങൾ ഇപ്പോൾ കടന്നു പോന്ന ചെക്പോസ്റ്റിനെക്കാൾ ശാസ്ത്രീയ ഉപകരണങ്ങൾ ഉള്ള ചെക്ക്പോസ്റ്റുകൾ. അവിടെ വിരലടയാളങ്ങൾ പഴങ്കഥകളായി മാ റുന്നു. കണ്ണിനുള്ളിലെ റെറ്റിന കൊണ്ടും, മുഖത്തിന്റെആകൃതി കൊണ്ടും വ്യക്തികളെ തിരിച്ചറിയുന്ന കേന്ദ്രങ്ങൾ.

മനുഷ്യർ ആദ്യം ഭാവനയിൽ കാണും, എന്നിട്ടത് സിനിമയാക്കും. പിന്നീടത് യാഥാർത്ഥമാക്കുവാൻ വേണ്ടിപ്രയത്‌നിക്കും. nഅങ്ങനെ കണ്ടുപിടിത്തങ്ങൾ ഉണ്ടാകും. അതെ നമ്മൾ ഭാവനയിൽ കാണാത്തതൊന്നുംനമ്മൾക്ക്  നിർമ്മിച്ചെടുക്കുവാൻ സാധിക്കുകയില്ല.

അതുകൊണ്ട്  സ്വപ്‌നങ്ങൾ കാണുക.  ഉറക്കത്തിലുള്ള സ്വപ്നമല്ല, ,ഉണർന്നിരിക്കുമ്പോൾ,  മനുഷ്യ രാശിയെക്ഷീരപഥത്തിനു മപ്പുറത്തെത്തിക്കാനുതകുന്ന വിവിധ വർണങ്ങളുള്ള സ്വപ്‌നങ്ങൾ. മലയാളികൾ തീർച്ചയായും കാണണം. കാരണം അവിടെ ഒരു ഗ്രഹത്തിൽ, എത്തനോൾ അല്ലെങ്കിൽ ആൽക്കഹോൾ നിരന്തരമായി ഉൽപാദിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

അതെ വയലാർ പറഞ്ഞതു പോലെ

 ” സ്വപ്‌നങ്ങൾ, സ്വപ്നങ്ങളെ നിങ്ങൾ  സ്വർഗ്ഗകുമാരികൾ  അല്ലോ, നിങ്ങളീഭൂമിയിൽ ഇല്ലായിരുന്നെങ്കിൽനിശ്ചലം ശൂന്യമീ ലോകം

സ്വർഗത്തിൽ നിന്നു വിരുന്നു വരാറുള്ള ചിത്രശലഭങ്ങൾ നിങ്ങൾ “.

പരിസരം ഒരുക്കിയ അന്യഗ്രഹ പ്രതീതിയും, ബ്രഹ്മ മുഹൂർത്തവും, മലയാളം പാട്ടും പെട്ടെന്ന് ശൂന്യാകാശത്ത് 321 ദിവസം ചിലവഴിച്ച  ഇന്ത്യൻ വംശജ സുനിത വില്യംസിനെ ഓർമയാകുന്ന സ്‌ക്രീനിൽ പ്രതിഫലിപ്പിച്ചു.. ഗുജറാത്തിൽ നിന്നുമുള്ള ദീപക്  പാണ്ട്യയുടെയും സ്ലോവേനിയയിൽ നിന്നുമുള്ള ഉർസുലിൻ ബോണിയുടെയും പുത്രിയായ സുനിത വില്യംസാണ് ശൂന്യാകാശത്ത ആദ്യമായി ഇന്ത്യൻ മ്യൂസിക് ശ്രവിച്ച വ്യക്തി. ഭാരതം, പദ്മഭൂഷൺ നൽകി ആദരിച്ച സുനിത, ശൂന്യാകാശ പേടകത്തിനുള്ളിൽ നാല്  മണിക്കൂർ ഇരുപത്തിനാല്  മിനിറ്റ്  തുടർച്ചയായി മാരത്തോൺ ഓടി ആദ്യത്തെ ശൂന്യാകാശ മാരത്തോൺ ഓടിയ വ്യക്തി എന്ന ബഹുമതിയും കരസ്ഥമാക്കി.

നേരം പരപരാ വെളുത്തു വരുന്നു. നോക്കെത്താ ദൂരം പരന്നു കിടക്കുന്ന ഭൂപ്രദേശം കൃഷി ചെയ്യാനായികിളച്ചിട്ടിരിക്കിന്നു. ടെക്സസിൽ എന്തുമാത്രം സ്ഥലങ്ങളാണ്  വിജനമായി കിടക്കുന്നത്. വിജനതക്ക് മൂകസാക്ഷിയായി, ഒരേതാളത്തിൽ താഴേക്കും മുകളിലേക്കും ചലിച്ചുകൊണ്ടിരിക്കുന്ന എണ്ണക്കിണറുകൾ, ഒരുപരിഭവവും കൂടാതെ നിരന്തരം അവരുടെ ജോലി ചെയ്തുകൊണ്ടേയിരിക്കുന്നു. പ്രകൃതി വാതകംശേഖരിക്കുന്ന മറ്റൊരു പ്രദേശത്തെത്തിയപ്പോൾ, ശേഖരണ പ്രക്രിയയിൽ അമിതം വരുന്ന വാതകം, പതിനഞ്ചടി ഉയരമുള്ള ഒരുകുഴലിൻ മുകളിൽ എത്തിച്ച് കത്തിച്ചുകളയുന്നു. തുടർച്ചയായികത്തിക്കൊണ്ടിരിക്കുന്ന ഈ  തീപ്പന്തം, ഭൂമിക്കടിയിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഊർജ്ജ സ്രോതസിന്നെവിളിച്ചറിയിക്കുന്നു. ടെക്സസിൽ സ്ഥലങ്ങൾ വിൽക്കുമ്പോൾ, “മിനറൽ റൈറ്റ് ” ചിലർ വില്കാത്തതിന്റെകാരണം ഇപ്പോളാണ് മനസ്സിലായത് . വിറ്റു കഴിഞ്ഞ സ്ഥലത്തിനടിയിൽ എണ്ണ ശേഖരമോ, വാതകശേഖരണമോ ഉണ്ടെങ്കിൽ അതിന്റെ അവകാശം സ്ഥലം വാങ്ങുന്നവർക്ക് കൊടുക്കാതിരിക്കാം..

പാതവക്കത്ത്  പോലീസ് വാഹനം മിന്നിമിന്നി തിളങ്ങുന്ന വിളക്കുകൾ തെളിച്ചുകൊണ്ട് പാതയുടെ വലതുവശത്തുള്ള ഒരുവരി അടച്ചു വച്ചിരിക്കുന്നു. മുള്ളുവേലികെട്ടി അതിര് തിരിച്ചിരിക്കുന്ന ഒരു പശുവളർത്തൽ കേന്ദ്രത്തിൽ നിന്നും വേലി ചാടി ഒരു കാള കൂറ്റൻ റോഡിലൂടെ തലങ്ങും വിലങ്ങും പായുന്നു, അതിനെ പിടിക്കാനായി പോലീസും ഫാമിലെ ജീവനക്കാരും പിറകെ ഓടുന്നു. അതിവേഗത്തിൽവാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്നത്കൊണ്ട്  വലിയ അപകടം ഉണ്ടാകാൻ സാധ്യതയുള്ള സന്ദർഭംഒഴിവാക്കാനാണ്  പോലിസിന്റെ ശ്രമം. റോഡിൽ എത്തപെട്ട വൃഷഭത്തിനാകട്ടെ റോഡിലെ നിയമങ്ങൾഒന്നും തന്നെ അറിയുകയുമില്ല. ഫാമിലെ വളർത്തുമൃഗങ്ങൾ തെരുവിലിറങ്ങിയാൽ ഇവിടെ വലിയസംഭവമാണ്.

ചെന്നയിലെ ഇരുവശത്തേക്കും പോകുന്ന തിരക്കുള്ള  ഹൈവേയുടെ, നടുക്കുള്ള  ഇടുങ്ങിയ സ്ഥലത്ത്  കാലുകൾ ശരീരത്തിനടിയിലേക്ക്  മടക്കിവച്ച്  കിടക്കുന്ന ഒരു പട്ടണവാസി കാളയെ ഒരിക്കൽകാണുകയുണ്ടായി.. ബസുകളും ലോറിയുമൊക്കെ കാളയുടെ ശരീരത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടിൽചീറിപ്പായുന്ന. കാളയുടെ കാലുകൾ ഒന്നുനീട്ടിയാൽ,  ഉറപ്പായും വണ്ടികളുടെ വീലുകൾ കാലുകൾക്ക്  മുകളിലൂടെ കയറിയിറങ്ങും. പക്ഷെ പട്ടണജീവിതം നന്നായി പരിചയിച്ച മൃഗം,  റോഡിലെ നിയമങ്ങൾപാലിച്ച്, വളരെ ശ്രദ്ധിച്ചു് , നടുറോഡിൽ വിശ്രമിക്കുന്നു.

അനേകം മണിക്കൂറുകൾ യാത്ര ചെയ്തിട്ടും വിജനമായ സ്ഥലങ്ങളിൽ നിന്നും മാറാൻ കഴിയുന്നില്ല. ദീർഘ ദൂര ഡ്രൈവർമാർ പറയുന്നത്, ടെക്സസ്  ഒരു വലിയ മതിൽപോലെയാണ് .വണ്ടിയോടിച്ച്  ഈസംസ്ഥാനത്തെത്തി കഴിഞ്ഞാൽ,അടുത്ത സംസ്ഥാനത്തെത്താൻ അനേക ദൂരം സഞ്ചരിക്കേണ്ടതായി വരുന്നു. ബിഗ് ബെൻഡിലെ മാസ്മരിക പ്രകൃതി സമ്മാനിച്ച അനുഭൂതി, വീണ്ടും വീണ്ടും അവിടെ സന്ദർശിക്കണംഎന്ന ആഗ്രഹത്തെ ജനിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

1516171819202122

Share This:

Comments

comments