ജീവത്യാഗം.(കഥ)

0
211

ഷെരീഫ് ഇബ്രാഹിം.

 അഞ്ചു വയസ്സായ മകൻ നസീം എന്റെ കണ്ണ് തുടച്ചു പറഞ്ഞു.

‘ഉമ്മ, കരയേണ്ട. ഉമ്മാനെ ഞാൻ നോക്കിക്കോളാം’.

അത് കേട്ടപ്പോൾ എന്റെ അടക്കിപ്പിടിച്ച ദുഃഖം അണപൊട്ടിയൊഴുകി.

എന്റെ കണ്ണ് തുടച്ചുകൊണ്ടിരുന്ന അവന്റെ കുഞ്ഞിക്കൈ ഞാൻ എടുത്ത് മാറ്റി അവനെ കെട്ടിപ്പിടിച്ചു.

‘ഉപ്പ ചീത്തയാ അല്ലേ ഉമ്മാ?’. അഞ്ചു വയസ്സായ അവൻ എല്ലാം മനസ്സിലാക്കിയിരിക്കുന്നു. ഞാനും എന്റെ ഇക്കയും സംസാരിക്കുന്നതെല്ലാം അവൻ കേട്ടിരിക്കുന്നു.

‘അങ്ങിനെ പറയരുത് മോനെ, അത് മോന്റെ ഉപ്പയാണ്. കരച്ചിലിനിടക്കും ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കി.

‘മോന്‍ വാ സ്കൂള്‍ വിട്ടു വന്നതല്ലേ. വല്ലതും കഴിക്കാം’

അവനെ ഞാന്‍ വിളിച്ചു.

‘ഉമ്മ വല്ലതും കഴിച്ചോ?’ അതായിരുന്നു അവന്റെ മറുചോദ്യം.

ഉം എന്ന് ഞാന്‍ മൂളി. അത് നുണയായിരുന്നു. കാലത്ത് ആ വിവരം അറിഞ്ഞത് മുതല്‍ ഒന്നും കഴിച്ചിട്ടില്ല.

‘ഉം. അവൾ കഴിക്കും.. വെറുതെ നുണ പറയുകയാ’. അതും പറഞ്ഞു പുറത്ത് നിന്ന് വല്ലിക്ക വന്നു.

ഞാൻ വേഗം എഴുനേറ്റു.

‘ഇക്ക ഇരിക്ക്. ഞാന്‍ ചായ എടുക്കാം’. ഉള്ളിലെ ദുഃഖം പുറത്ത് കാട്ടാതെ ഞാന്‍ പറഞ്ഞു.

ചായ വേണം കഴിക്കാനും എന്തെങ്കിലും, ഉള്ളത് കൊണ്ട് വായോ. എനിക്ക് മാത്രമല്ല, നമുക്ക് എല്ലാവര്‍ക്കും ‘. ഇക്കാട് കൂടുതല്‍ ഒന്നും പറയാന്‍ നിന്നില്ല. എന്റെ ചെറുപ്പത്തില്‍ ഉപ്പ മരിച്ചു. പിന്നെ എനിക്കും താഴെയുള്ള അനുജനും വല്ലിക്കയാണ് എല്ലാം. ഞങ്ങളുടെ മൂന്നു പേരുടെയും വീടുകള്‍ അടുത്തടുത്താണ്.

ഞാൻ ഭക്ഷണം വെച്ചു. ഞാൻ ഇക്കാക്കും മോനും ഭക്ഷണം വിളമ്പികൊടുത്തു.

‘നീ എന്തേ ഭക്ഷണം കഴിക്കാത്തെ?” വല്ലിക്ക ചോദിച്ചു.

എനിക്ക് വിശപ്പില്ലെന്ന് ഞാൻ മറുപടി കൊടുത്തു.

‘ആയിഷ, ഞാൻ ഇന്നും ഇന്നലെയും അല്ലല്ലോ നിന്നെ കാണുന്നത്. നീ ഇവിടെ ഇരുന്നേ. എല്ലാത്തിനും ഒരു വഴിയുണ്ടാക്കാം. ഭക്ഷണം കഴിക്ക്’ അതും പറഞ്ഞ് വല്ലിക്ക എന്റെ കൈപിടിച്ച് കസേരയിൽ ഇരുത്തി നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു.

എന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു.

‘മോനെ, നീ പോയി റഹീം മാമാട് ഒന്നിങ്ങോട്ട് വരാൻ പറയൂ’

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ വല്ലിക്ക നസ്സീമിനോട് പറഞ്ഞു. അവൻ റഹീമിന്റെ വീട്ടിലേക്ക് പോയി.

‘റഹീമേ നമുക്ക് ആയിഷാടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടേ?’ വല്ലിക്ക തന്നെ വിഷയം അവതരിപ്പിച്ചു.

‘നമുക്ക് നിയമത്തിലൂടെ നോക്കിയാലോ ഇക്ക?’ റഹീം ഒരു മറുചോദ്യമാണ് ചോദിച്ചത്.

‘നീ ഉദ്യേശിക്കുന്നത്?’

‘നമുക്ക് ജമാലിന് എതിരായി കോടതിയിൽ കേസ് കൊടുക്കാം. അവൻ ചെയ്ത തെമ്മാടിത്തത്തിന് അതേ മാർഗ്ഗമുള്ളൂ’.

‘റഹീം പറഞ്ഞതാണ് എന്റെയും അഭിപ്രായം. പക്ഷെ, ആയിഷ അത് സമ്മതിക്കുന്നില്ല.

ഞാൻ അവരുടെ സംസാരം കേൾക്കുമ്പോഴും എന്റെ മോൻ പറഞ്ഞ ഒരു വാക്ക് ഞാൻ ഓർക്കുകയായിരുന്നു.

‘ഞാൻ പഠിച്ചു വലുതായി ജോലി കിട്ടി ഉമ്മാനെ നോക്കാം’

‘ആയിഷ, നീ മറുപടി ഒന്നും പറഞ്ഞില്ല.’ വല്ലിക്ക കുറച്ചു ഗൗരവത്തിൽ എന്നോട് ചോദിച്ചു.

‘ഇക്കാക്കും റഹീമിനും എന്നെക്കൊണ്ട് അത്ര ബുദ്ധിമുട്ടായോ?’ എന്ന് ഞാൻ ചോദിച്ചു.

‘ഞങ്ങൾക്ക് നീ ബുദ്ധിമുട്ടോ? അങ്ങിനെ ചിന്തിക്കുക പോലുമരുത്. ഞങ്ങളുടെ കാലശേഷം നിന്റെ കാര്യം ആലോചിക്കുമ്പോഴാണ്… എന്താണ് നിന്റെ ഉറച്ച തീരുമാനം?’

വല്ലിക്ക മുറ്റിയ താടി തടവിക്കൊണ്ട് പറഞ്ഞു.

വരുംവരായ്കകൾ ആലോചിച്ചു ഉറപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

‘എന്തായാലും അദ്ദേഹത്തിന്റെ പേരിൽ കേസും ഒന്നും കൊടുക്കണ്ട. അദ്ദേഹം ചെയ്ത തെറ്റിന് അല്ലാഹു വിധി നടപ്പാക്കിക്കോട്ടെ. എന്റെ മകന്റെ ഉപ്പയെ ഞാൻ കോടതി കയറ്റില്ല’

പിന്നെ അവർ ആ വിഷയത്തെപ്പറ്റി ഒന്നും ചോദിച്ചില്ല.

സത്യത്തിൽ ഒരു സ്ത്രീയും മാപ്പ് കൊടുക്കാത്ത തെറ്റല്ലേ എന്റെ ഭർത്താവ് ചെയ്തത്. ഗൾഫിൽ നിന്ന് ലീവിന് വന്ന എന്റെ ഭർത്താവ് മഞ്ചാടികുന്ന് എന്ന സ്ഥലത്ത് നിന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുക. എന്നെ വന്നു കാണുകയോ ഞങ്ങളുടെ കാര്യങ്ങൾ ഒന്നും അന്വേഷിക്കുകയോ ചെയ്യാതിരിക്കുക. എന്റെ കാര്യം പോട്ടേന്നു വെക്കാം ഞങ്ങളുടെ മോന്റെ കാര്യമോ?ഗൾഫിലേക്ക് വിസ ശരിയാക്കി കൊടുത്തത് എന്റെ വല്ലിക്കയായിരുന്നു. അത് വരെ കൂലിപ്പണി ചെയ്തു ജീവിക്കുകയായിരുന്നു.

ശരവേഗത്തിലാണ് കാലം കടന്നു പോയത്. ഞാന്‍ എന്റെ മകന് വേണ്ടി ജീവിച്ചു.

‘ഉമ്മാ, ഞാന്‍ ഏഴാം ക്ലാസില്‍ ഒന്നാമനായി പാസായി.’ എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്നതിന്നിടയില്‍ മകന്‍ വന്നു പറഞ്ഞു. ഞാന്‍ സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞു.

അവന്‍ അതും പറഞ്ഞു കൊണ്ട് വെച്ച ഭക്ഷണം പോലും കഴിക്കാതെ പുറത്തേക്ക് ഓടുമ്പോള്‍ ഞാന്‍ കാര്യം അന്വേഷിച്ചു.

‘എനിക്ക് ഈ വിവരം ആദ്യം ഉമ്മാട് പറയണമെന്നുണ്ട്. ഇനി എന്റെ മാമമാരോട് പറയണം.’ എന്നവൻ ഓടുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു.

അവൻ തിരിച്ചു വരുമ്പോൾ കൂടെ എന്റെ വല്ലിക്കയും ഉണ്ടായിരുന്നു.

‘നീ ഇപ്പോൾ ഒരു സന്തോഷകാര്യം അറിഞ്ഞല്ലോ? ഇതാ മറ്റൊരു സന്തോഷകാര്യം പറയാനാണ് ഞാനിപ്പോൾ വന്നത്’. വന്ന കയറിയപാടെ വല്ലിക്ക പറഞ്ഞു.

ഞാൻ ഒന്നും ചോദിക്കാതെ തന്നെ വെല്ലിക്ക കൂട്ടിച്ചേർത്തു.

‘ഇന്ന് മഞ്ചാടികുന്നിൽ നിന്ന് പള്ളി പ്രസിഡന്റ് എന്നെ കാണാൻ വന്നിരുന്നു. നീ കേൾക്കുന്നുണ്ടോ?’

ഞാൻ ഉവ്വ് എന്നർത്ഥത്തിൽ മൂളി.

‘നവാസിന് നീയുമായുള്ള അകൽച്ചമാറ്റണമെന്നും പഴയപോലെ ജീവിക്കണമെന്നും ആഗ്രഹിക്കുന്നത്രെ. മാത്രമല്ല,ഇപ്പോഴത്തെ ബന്ധം വേണ്ട എന്ന് വെക്കണമെന്നും. നിന്റെ അഭിപ്രായം അറിഞ്ഞിട്ട് അവരെ അറിയീക്കാമെന്ന് ഞാൻ അവരോട് പറഞ്ഞു.’

ഞാൻ നിർവികാരിയായി നിൽക്കുകയാണ്.

എന്റെ മറുപടി ഇല്ലാതെ വന്നപ്പോൾ വല്ലിക്ക വീണ്ടും എന്റെ അഭിപ്രായം ചോദിച്ചു.

‘എനിക്ക് ഒന്നും അറിയില്ല. എല്ലാം വല്ലിക്കാടേം റഹീമിന്റെയും ഇഷ്ടം..’ ഞാൻ എങ്ങിനെയോ പറഞ്ഞു.

‘അങ്ങിനെ പറഞ്ഞാൽ ശരിയാവില്ല. നിന്റെ വിഷമം എനിക്കറിയാം. അവൻ തെറ്റ് ചെയ്തു. ആ തെറ്റിനെ നീ മറ്റൊരു തെറ്റ് കൊണ്ട് നേരിട്ടില്ല. അതാണ് നിന്റെ വിജയം. ഒരിക്കൽ മാപ്പ് കൊടുക്കുക.. അതാണ് എന്റെ അഭിപ്രായം’.

ഇക്കാടെ അഭിപ്രായത്തോട് ഞാൻ സമ്മതം മൂളി.

പറഞ്ഞ പോലെ പിറ്റേന്ന് എന്റെ ഭർത്താവും വല്ലിക്കയും എത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ നസീം സ്കൂളില്‍ നിന്നും വന്നു. അവനെ അദ്ദേഹം വിളിച്ചിട്ടും അവന്‍ വരാതെ മാറി നിന്നു. ശത്രുവിനെ കാണുന്നപോലെയാണ് അവൻ അവന്റെ ഉപ്പാനെ കാണുന്നതെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവനോട് പറഞ്ഞു.

‘മോനെ ചെല്ല്. ഉപ്പാട് വിഷമം കാണിക്കരുത്’

ഞാൻ പറഞ്ഞ പോലെ അവൻ അനുസരിച്ചു. അദ്ദേഹം അവനെ കെട്ടിപ്പിടിച്ചു കുറെ ഉമ്മകൾ കൊടുക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണിൽ നീരണിഞ്ഞു.

കൊണ്ട് വന്ന ഒരുപാട് സാധനങ്ങള്‍ അവനും എനിക്കും സഹോദരന്മാര്‍ക്കും നല്‍കി. വീട്ടില്‍ എപ്പോഴും സന്തോഷനിമിഷങ്ങള്‍. മകന്‍ വന്നാല്‍ എപ്പോഴും ഉപ്പാടെ കൂടെ. പത്ത് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോടും വല്ലിക്കാടും ഒരു കാര്യം പറഞ്ഞു.

‘ഒരാഴ്ച്ച കഴിഞ്ഞാല്‍ എന്റെ ലീവ് തീരും. എന്റെ പാസ്പോര്‍ട്ട് ആണെങ്കില്‍ മഞ്ചാടികുന്നിലാണ്. ഞാന്‍ അത് എടുത്തിട്ട് വേഗം വരാം’

ഞങ്ങളൊക്കെ സമ്മതിച്ചു. അദ്ദേഹം മഞ്ചാടികുന്നിലേക്ക് പോയി. പോയ ആള്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും വന്നില്ല. വല്ലിക്ക പള്ളി പ്രസിഡന്റായി ബന്ധപ്പെട്ടു. അദ്ദേഹം എന്നെ അറിയീക്കാതെ ഗൾഫിൽ പോയെന്ന് അറിഞ്ഞു.

*****

ഇന്ന് എന്റെ മകള്‍ക്ക് പത്ത് വയസ്സ് കഴിഞ്ഞിരിക്കുന്നു. കുട്ടികള്‍ തമ്മില്‍ പന്ത്രണ്ട് വയസ്സ് വ്യത്യാസമുണ്ട്. മകന് ഇരുപത്തിരണ്ട് വയസ്സായി. അവന്‍ ഒരു വിസ സമ്പാദിച്ച് ഗള്‍ഫില്‍ പോയി ലീവിന് വന്നിരിക്കുകയാണ്. എന്റെ മകന്‍ നസീം ചെറുപ്പത്തില്‍ എന്റെ കണ്ണ് തുടച്ച് പറഞ്ഞ പോലെ എന്റെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് അവനാണ്.

ഞാനും വല്ലിക്കയും റഹീമും മക്കളും കൂടി സിറ്റിംഗ് റൂമില്‍ ഇരുന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഗേറ്റ് തുറന്ന് ഒരു സ്ത്രീ ഒരു ചെറിയ കുട്ടിയുമായി വരുന്നത് കണ്ടു. വല്ല ധർമക്കാരാവുമെന്നാണ് ആദ്യം കരുതിയത്.

അവർ അടുത്ത് വന്നു ചോദിച്ചു. ‘ഇത് ഐശുത്താത്താടെ വീടല്ലേ?

അതെ എന്ന് പറഞ്ഞിട്ട് അവരോട് കയറിയിരിക്കാൻ പറഞ്ഞു.

ഞങ്ങള്‍ ചോദിക്കാതെ തന്നെ അവര്‍ അവരെപ്പറ്റി പറഞ്ഞു തുടങ്ങി.

‘ഇത്താ ഞാന്‍ മഞ്ചാടികുന്നില്‍ നിന്നാണ്. ഇപ്പോള്‍ ഏകദേശം മനസ്സിലാവുമല്ലോ? എന്നെ വെറുക്കരുത്. ആ മനുഷ്യന്‍ എന്നെ ഉപേക്ഷിച്ച് ഇപ്പോള്‍ വേറെ വിവാഹം കഴിച്ചു. ഞാനെന്താണ് ചെയ്യേണ്ടത് എന്നൊരു ഉറപ്പുമില്ല. ആല്‍മഹത്യ തെറ്റായത് കൊണ്ട് അതിനെ കുറിച്ച് ആലോചിക്കുന്നില്ല. എന്റെ ഈ കൊച്ചു മകളുടെ കാര്യം ആലോചിക്കുമ്പോഴാണ് കൂടുതല്‍ വിഷമം…’

അവര്‍ പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.

കുറെ കഴിഞ്ഞപ്പോള്‍ വെല്ലിക്ക പറഞ്ഞു.

‘നോക്കൂ മൈമൂന, ഒരു ഭർത്താവ് വേറെ ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോൾ ആ സ്ത്രീക്കുള്ള വേദന ഇപ്പോൾ മനസിലായില്ലേ? ഇതായിരുന്നു എന്റെ സഹോദരിക്കും ഉണ്ടായത്.’

‘നിങ്ങൾക്ക് ഇപ്പോൾ എന്ത് പ്രതികാരം വേണമെങ്കിലും എന്നോട് ചെയ്യാം. ഞാൻ അത് കരുതി തന്നെയാണ് വന്നത്. ഞാനും ഒരു കുറ്റക്കാരിയാണ്.’ അതും പറഞ്ഞു അവർ കരയാൻ തുടങ്ങി.

വീണ്ടും അവർ പറഞ്ഞു. ‘ഞാനിവിടെ അവകാശം പറയാൻ വന്നതല്ല, എന്റെ തെറ്റിന് മാപ്പ് ചോദിക്കാൻ വേണ്ടി മാത്രം..ഞാൻ പോകുന്നു..’

അവർ അത് പറഞ്ഞു പുറത്തേക്ക് നടന്നു.

അത് വരെ ഒന്നും പറയാതിരുന്ന നസീം  പുറത്തേക്ക് ഇറങ്ങി അവരുടെ കൈ പിടിച്ചു.

ഞങ്ങൾ ആകെ പേടിച്ചു. എന്തെങ്കിലും അവിവേകം ചെയ്യാനാണ് അവന്റെ ഉദ്യേശം എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷെ, ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തികൊണ്ട് അവൻ ഉറക്കെ പറഞ്ഞു.

‘കുഞ്ഞുമ്മ, ഒരിടത്തും പോകേണ്ട. എന്റെ സ്വന്തം പെങ്ങളുടെ കൂടെ കുഞ്ഞുമ്മാക്കും ഈ പെങ്ങൾക്കും എന്നും ഞങ്ങളോടൊപ്പം ജീവിക്കാം.’

അത് പറഞ്ഞ് ആ കുട്ടിയേയും എടുത്ത്  നസീം ഞങ്ങളുടെ അടുത്തേക്ക് വന്നു.

ഞാൻ മൈമൂനായുടെ കൈ പിടിച്ച് അകത്തേക്ക് കൊണ്ട് വന്നു.

ഇത് കണ്ട വല്ലിക്കയും റഹീമും ഉറക്കെ പറഞ്ഞു.

‘അൽഹംദുലില്ല (അള്ളാഹുവിന് സ്തുതി)’.

Share This:

Comments

comments