വടക്കാങ്ങര: വിശുദ്ധ ഖുർആൻ വെളിച്ചത്തിന്റെ വെളിച്ചമാണെന്നും അതിൽ നിന്ന് പ്രസരിക്കുന്ന പ്രകാശത്തിന്റെ പ്രസക്തി അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ഐ.ഇ.സി.ഐ ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി പ്രസ്താവിച്ചു. മജ്ലിസ് മദ്‌റസാ ബോർഡ് മലപ്പുറം ജില്ലയിലെ മദ്റസാ വിദ്യാർഥികൾക്കായി നടത്തുന്ന ‘ഖുർആനറിയാം പൊരുളറിയാം’ കാമ്പയിനിന്റെ ജില്ലാ മത്സരങ്ങൾ വടക്കാങ്ങര എച്ച്.എം.എസ് മദ്റസയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം.
മഹല്ല് പ്രസിഡണ്ട് എ.സിദ്ദീഖ് ഹസൻ മൗലവി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ, ടാലന്റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിന്ധ്യ ഐസക്, പി.കെ.സയ്യിദ് ഹുസൈൻ തങ്ങൾ എന്നിവർ ആശംസകളർപ്പിച്ചു. മജ്ലിസ് അക്കാദമിക് കൗൺസിൽ മലപ്പുറം ജില്ല പ്രസിഡണ്ട് പി അബ്ദുറഹീം സ്വാഗതവും പ്രോഗ്രാം കൺവീനർ ഷമീം അലി ശാന്തപുരം നന്ദിയും പറഞ്ഞു.
ജില്ലയിലെ നൂറോളം മദ്രസകളിൽ നിന്നുള്ള നാനൂറോളം പ്രതിഭകളാണ് നാല് വേദികളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്.
