നേർത്ത രേഖകൾ.(ചെറുകഥ)

0
310
dir="auto">ആര്‍ച്ച ആരോമല്‍.(Street Light fb Group)
“എടാ, എബീ… നീയിതെന്നാ ഭാവിച്ചാ? ദേ… ഇതിപ്പം ഈ വർഷോം കൂടങ്ങ്‌ കഴിയുവാന്നേ… നീയിങ്ങനെ തേരാപ്പാരാ നടക്കുന്നതല്ലാതെ, കാര്യത്തിനൊരു തീരുമാനമുണ്ടാക്കാൻ നോക്കെടാ…
ഞങ്ങളൊന്ന് ഇടപെടാന്ന് വച്ചാ, അതിപ്പം നിനക്കൊട്ട്‌ സമ്മതോമല്ല. നല്ല തങ്കം പോലൊരു പെങ്കൊച്ചാ. അവളെ ആമ്പിള്ളേരു കൊത്തിക്കൊണ്ടു പോകും.  പിന്നെക്കിടന്ന് കാറീട്ടൊരു കാര്യോമൊണ്ടാകുവേല, ഞാൻ പറഞ്ഞേക്കാം”  ജോസച്ചായൻ വിടാൻ ഭാവമില്ല.
“അങ്ങനെ പറഞ്ഞു കൊടച്ചായാ…”
അപ്പോഴേക്കും സൂസിയാന്റിയെത്തി.
“കഴിഞ്ഞ മൂന്നാലു വർഷായി ഞാൻ സ്ഥിരോം കാണുന്നതല്ലേ… കാര്യം ആസ്‌ത്രേലിയയിലൊക്കെ ആന്നേലും എന്നാ ഒരു അടക്കോം ഒതുക്കോം ഒക്കെയാ ആ പെങ്കൊച്ചിന്‌.. ഇക്കാലത്ത്‌ സൗന്ദര്യോം നല്ല സ്വഭാവോം ഒത്തിണങ്ങിയ പെമ്പിള്ളാരെക്കിട്ടണേൽ ഭാഗ്യം ചെയ്യണം. അതാ ജാതി പോലും രണ്ടായിട്ടും ഇവനിതു പറഞ്ഞപ്പം ഞാനും താല്‌പര്യം കാണിച്ചത്‌. അല്ലെങ്കിലും അവളുടെ അമ്മ ആലപ്പുഴേലെ നല്ലൊന്നാന്തരം ക്രിസ്ത്യാനി കുടുംബത്തിലെയാ….
അപ്പൻ ഹിന്ദുവായോണ്ട്‌ മോളെ മാമോദീസമുക്കാല്ലാന്ന് മാത്രേ ഉള്ളൂ.അയാക്കടെ കാലം കൂടി കഴിഞ്ഞാ പിന്നെ അവക്ക്‌ സമ്മതാണേൽ സമുദായത്തിലും ചേർക്കാം” ചർച്ച കാടുകയറിത്തുറങ്ങുന്നതു കണ്ടപ്പോൾ ഫോണുമെടുത്ത്‌ എബി മുറ്റത്തേക്കിറങ്ങി.
നാട്ടിലിപ്പം മഞ്ഞുകാലമാണേലും ഇവിടിപ്പോൾ വേനലിന്റെ തുടക്കമാണ്‌. കടും നിറങ്ങളിൽ മേപ്പിൾ മരങ്ങളിൽ ഇലകൾ നിറയുന്ന കാലം. വൈകുന്നേരങ്ങളിലെ ഈ നടത്തം അവന്‌ ഏറെ പ്രിയമുള്ളതാണ്‌.
അവനോർത്തു. അപ്പനേം അമ്മയേം കണ്ട ഓർമ്മ പോലുമില്ല. മഴ താണ്ഡവമാടിയ ഒരു രാത്രിയിൽ ബാക്കിയായത്‌ താൻ മാത്രമായിരുന്നു. പലബന്ധുവീടുകളും മാറിമാറി താമസിക്കവേയാണ്‌, ഒരിക്കൽ അവധിക്കുവന്ന ജോസച്ചായൻ തന്നെക്കണ്ടത്‌. “ഇവനെ ഞങ്ങൾ കൊണ്ടു പൊക്കോട്ടെ ” എന്ന് ചോദിച്ചപ്പോൾ അമ്മാമ്മച്ചിക്കത്‌ നൂറുവട്ടം സമ്മതമായിരുന്നു. “എനിക്കിനി സമാധാനമായി കണ്ണടയ്ക്കാല്ലോ”. എന്നുപറയുമ്പോൾ ആ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.
അങ്ങനെ അപ്പന്റെ അകന്ന ബന്ധുക്കളായ ജോസച്ചായനും സൂസിയാന്റിയും തനിക്കപ്പനും അമ്മയുമായി. മക്കളില്ലാത്ത അവർക്ക്‌ താൻ മകനായി. എന്നാലും അപ്പാ, അമ്മാ എന്ന് വിളിക്കാൻ തനിക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. അവർ അങ്ങനെ വിളിക്കാൻ നിർബന്ധിച്ചുമില്ല.
താര…
അവളൊരു മോഹമായി മനസിൽ കടന്നുകൂടിയിട്ട്‌ രണ്ടുവർഷമാകുന്നു. ജോസച്ചായന്റെയും സൂസിയാന്റിയുടെയും വിവാഹവാർഷികത്തിനാണവളെ ആദ്യം കണ്ടത്‌. ബഹളങ്ങളിൽ നിന്നൊഴിഞ്ഞ്‌ മാറിയിരിക്കുകയായിരുന്ന അവളെ ആദ്യമേ ശ്രദ്ധിച്ചിരുന്നു. ഇളം നീല നീളൻ ഗൗണിൽ അവൾ നിലാവുപോൽ സുന്ദരിയായിരുന്നു. ഗ്ലാസിലെ പഴച്ചാറു മൊത്തി സംഗീതത്തിൽ ലയിച്ചിരുന്ന അവളുടെ കണ്ണുകളിലെ സ്ഥായിയായ വിഷാദഭാവമാവാം ഒരു പക്ഷേ അവളോടടുക്കാൻ പ്രേരണയായത്‌.
ആന്റി, വർക്കു ചെയ്യുന്ന ഹോസ്പിറ്റലിലെ നഴ്സായിരുന്നു അവൾ. വല്ലപ്പോഴുമൊക്കെ ആന്റി ഒരുക്കുന്ന അത്താഴവിരുന്നിലേക്ക്‌, അതിഥിയായി അവളുമെത്താറുണ്ടായിരുന്നതു കൊണ്ടുതന്നെ അപരിചിതത്വമെന്ന മൂടുപടം എപ്പോഴോ അഴിഞ്ഞുവീണിരുന്നു.
എങ്കിലും നേർത്ത രേഖകൾ പോൽ ഞങ്ങൾക്കിടയിലവശേഷിച്ച എന്തോ ഒന്നാവണം അവൾക്കുമുൻപിൽ മനസ്സു തുറക്കുന്നതിൽ നിന്നും എന്നെ വിലക്കിക്കൊണ്ടിരുന്നത്‌.
“ഞാൻ അവളോടൊന്ന് സംസാരിക്കട്ടെ എബീ?” എന്ന് സൂസിയാന്റി പലവട്ടം ചോദിച്ചതാണ്‌. താനാണ്‌ വിലക്കിയത്‌. അവൾക്ക്‌ സമ്മതമല്ലെങ്കിൽ, ഇപ്പോഴുള്ള സൗഹൃദമെങ്കിലും തുടരണമെന്ന് മനസ്‌ ആഗ്രഹിച്ചിരുന്നിരിക്കണം.
പക്ഷേ, ഇനിയും കാത്തിരിക്കുക വയ്യ. സിഡ്നി ഹാർബർ ബ്രിഡ്ജിലെ പുതുവത്സരാഘോഷങ്ങൾ കാണാൻ പോകുമ്പോൾ താരയേയും കൂട്ടാൻ സൂസിയാന്റിയോട്‌ പറഞ്ഞതങ്ങനെയാണ്‌. അവിടെ വച്ച്‌ അവളോടെല്ലാം തുറന്ന് പറയാമെന്ന് കരുതി. എന്നാൽ അവൾ വരില്ലെന്ന് തീർത്തുപറഞ്ഞത്രേ.
 ഓരോന്നാ ലോചിച്ച്‌ നടന്നതറിഞ്ഞില്ല. സെക്കന്റ്‌ സ്റ്റ്രീറ്റ്‌ എത്തിയിരിക്കുന്നു. ഇവിടെയാണ്‌ താരയുടെ അപ്പാർട്ട്‌മെന്റ്‌.
എബി തിരിച്ചുനടന്നു. തൊട്ടുമുൻപിൽ അവൾ.. താര..
എബിയൊന്ന് പതറി.
“താരയെന്താ ഇവിടെ?” എബി ചോദിച്ചു..
“ആഹാ.. ഇത്‌ ഞാനല്ലേ ചോദിക്കേണ്ടെ? എബിയെന്താ ഇവിടെ? ” താര ചോദിച്ചു
“ചുമ്മാ..
ഞാൻ വെറുതെ നടക്കാനിറങ്ങിയതാ.ഓരോന്നാലോചിച്ച്‌ ഇവിടെയെത്തിയത്‌ അറിഞ്ഞില്ല. തിരിച്ചു പോകാൻ തുടങ്ങുകയായിരുന്നു”
“വിരോധമാവില്ലെങ്കിൽ ഞാനും വരാം. റൂമിലെല്ലാവരും ഷോപ്പിംഗിനിറങ്ങി. ഞാൻ പോയില്ല. തനിച്ചവിടെയിരിക്കാൻ തോന്നിയില്ല. ഒന്ന് നടക്കാനിറങ്ങിയതാ ഞാനും ” താര പറഞ്ഞു.
വിരലെത്തിച്ചാൽ തൊടുന്ന അകലത്തിൽ നടക്കുമ്പോഴും മൗനം ഞങ്ങൾക്കിടയിൽ വേലിക്കെട്ടുകൾ തീർക്കുന്നത്‌ ഞാനറിഞ്ഞു.
“ന്യൂ ഇയർ സെലിബ്രേഷന്‌ താര വരുന്നില്ലെന്ന് ആന്റി പറഞ്ഞു. ചോദിക്കുന്നതു കൊണ്ടൊന്നും തോന്നരുത്‌ താരാ.” ഒന്ന്നിർത്തി എബി തുടർന്നു. ” താൻ എപ്പോഴുമെന്താ ഇങ്ങനെ ഒഴിഞ്ഞുമാറി നടക്കുന്നത്‌?”
താര ഒന്നു ചിരിച്ചു. വിഷാദത്തിൽ മുക്കിയെടുത്ത വിളറിയ ചിരി…
“എബിയ്ക്കെന്നെക്കുറിച്ച്‌ എന്തറിയാം എന്നെനിക്കറിയില്ല. ഡിസംബർ എനിക്കു സമ്മാനിച്ചതെല്ലാം നഷ്ടങ്ങൾ മാത്രമാണ്‌” അവൾ പറഞ്ഞുതുടങ്ങി
“സ്നേഹിച്ചു കൊതിതീർന്നിട്ടില്ലായിരുന്നു അവർക്ക്‌….” ഒരു നെടുവീർപ്പോടെ അവൾ തുടർന്നു.
“എന്റെ പപ്പയും മമ്മിയും. അവരുടേത്‌ ഒരു പ്രണയവിവാഹമായിരുന്നു. രണ്ടു സമുദായങ്ങളുടെ പോർവിളികളവഗണിച്ച്‌ ഒന്നായവർ.  അവർക്കു കൂട്ടായി ഏട്ടനും ഞാനും. സ്വർഗ്ഗമായിരുന്നു ഞങ്ങളുടെ വീട്‌. ദൈവങ്ങൾക്കുപോലും അസൂയ തോന്നിയിരിക്കണം. അല്ലെങ്കിൽ പിന്നെ,…….
ആ ക്രിസ്ത്‌മസ്‌ രാത്രി.. ” അവൾ വിതുമ്പി…
“പപ്പയൊരിക്കലും മമ്മിയുടെ ആഗ്രഹങ്ങൾക്ക്‌ എതിരു നിന്നിട്ടില്ല. മമ്മിയെ മതം മാറാൻ നിർബന്ധിച്ചിരുന്നുമില്ല. മമ്മി പള്ളിയിൽ പോകാറുണ്ടായിരുന്നു. ആ രാത്രി…
പാതിരാകുർബാന കൈക്കൊണ്ട്‌ തിരികെ നടക്കവേ, റോഡിനപ്പുറം നിന്ന പപ്പയേക്കണ്ട്‌ ഏട്ടൻ മമ്മിയുടെ കൈവിടുവിച്ച്‌ ഓടി. പിറകേ ഓടിയ മമ്മിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ഒരു കാർ.
പപ്പയുടെ തോളിൽ ഉറങ്ങുകയായിരുന്ന ഞാനിതൊന്നും അറിഞ്ഞില്ല. പക്ഷേ, മമ്മി വന്നുവീണത്‌ ശബ്ദം കേട്ട്‌ തിരിഞ്ഞു നോക്കിയ ഏട്ടന്റെ മുന്നിലാണ്‌.
ഞങ്ങളെ തനിച്ചാക്കി മമ്മി പോകുമ്പോൾ എനിക്ക്‌ വയസ്‌ അഞ്ച്‌.. ഏട്ടന്‌  ഒമ്പതും.  രക്തത്തിൽ കുളിച്ച അമ്മയു ടെ ശരീരം കണ്ട്‌ ബോധം കെട്ടുവീണ ഏട്ടന്റെ മനസിൽനിന്നും ആ കാഴ്ച മായ്ച്ചുകളയാൻ ഒരു വൈദ്യശാസ്ത്രത്തിനുമായില്ല. മമ്മിയുടെ മരണത്തിനു കാരണം ഞാനാണെന്നു പറഞ്ഞ്‌ രാത്രികളിൽ ഏട്ടൻ അലറിവിളിക്കുമായിരുന്നു. വായിലൂടെ നുരയും പതയും വന്ന് ബോധമറ്റുവീഴുന്ന ഏട്ടനാണ്‌ പിന്നീടുള്ള എന്റെ ഓർമ്മകളിൽ നിറയെ.
നഴ്സിംഗ്‌ പഠിക്കാനായി ഞാൻ ബാംഗ്ലൂർ പോയശേഷം സ്ഥിതിഗതികൾ പിന്നെയും വഷളായി. തന്നെ വേട്ടയാടിയ ദുരന്തചിത്രങ്ങളെ മറക്കാൻ ഏട്ടൻ മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടി.  ഒരു കൗൺസിലിംഗും ഫലപ്രദമാകാതെ വന്നതോടെ അച്ഛനും മാനസികമായി തകർന്നു.
ഞാൻ മൂന്നാം വർഷം പഠിക്കുമ്പോഴാണ്‌ അതുണ്ടായത്‌. അതും ഒരു ക്രിസ്ത്‌മസ്‌ നാളിൽത്തന്നെ. മുറ്റത്തുവീണുകിടക്കുകയായിരുന്നു ഏട്ടൻ. കോളേജിൽ അറിയിപ്പു കിട്ടി ഞാൻ അന്നു തന്നെ വീട്ടിലേക്ക്‌ തിരിച്ചു. എത്തുമ്പോൾ കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ ഐ.സി.യുവിൽ വെന്റിലേറ്ററിലാണ്‌ ഏട്ടൻ. ഡ്രഗ് ഓവർഡോസ്………
ചങ്ക്‌ തകർന്ന് ഐ.സി.യുവിന്റെ മുന്നിൽ നിൽക്കുന്ന പപ്പയെക്കണ്ടപ്പോൾ എനിക്ക്‌ പിടിച്ചുനിൽക്കാനായില്ല. പക്ഷേ, ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ, മോളേ… അരുത്….നീ വേണം പപ്പയ്ക്ക് ധൈര്യം കൊടുക്കാനെന്ന്.
നാലുദിവസം ഒരു പോളക്കണ്ണടയ്ക്കാതെ കാവലിരുന്നിട്ടും ഏട്ടൻ പോയി.
ഏട്ടന്റെ ചിത കത്തീരുന്നതിനു മുൻപ്‌ പാടത്തിനക്കരെ റിസോർട്ടുകളിലെ പുതുവർഷാഘോഷം തുടങ്ങിയിരുന്നു. വിടരുന്ന വർണ്ണക്കുടകളിൽ ഞാൻ കാണുന്നതെന്റെ ഏട്ടന്റെ ചിതയായിരുന്നു. ഓരോ ആഘോഷങ്ങൾക്കു നടുവിലും ഞാനിന്നും അനുഭവിക്കുന്നത്‌ ആ സംഘർഷമാണ്‌..
എബിയ്ക്കെന്നെ മനസിലാകുമോയെന്നെനിക്കറിയില്ല. എബിയുടെ മനസ്‌ കാണാനെനിക്കാകാഞ്ഞിട്ടുമല്ല. ഞാൻ സ്നേഹിച്ചവരൊക്കെ എന്നെ വിട്ട്‌ പോയിട്ടേ ഉള്ളൂ..
ഭയമാണെനിക്ക്‌. സ്നേഹിക്കാൻ പോലും.
അതാ.. അതാ ഞാൻ എബിയ്‌ക്കെന്നോടുള്ള ഇഷ്ടമറിഞ്ഞിട്ടും… ഞാൻ … ഞാൻ… “
പൊട്ടിക്കരഞ്ഞുപോയ താരയെ മാറോട്‌ ചേർത്തുകൊണ്ടവൻ മന്ത്രിച്ചു. “ഞാനുണ്ട്‌…. ഞാനുണ്ട്‌ കൂട്ടായ്‌ എന്നും”
തങ്ങൾക്കിടയിലെ നേർത്ത രേഖകൾ മഞ്ഞു പോലുരുകിമാറുന്നതവരറിഞ്ഞു.
അകലെയെവിടെയോ, പുതുവർഷത്തെ വരവേറ്റ്‌ ഒരു തെരുവുഗായകൻ പാടി ക്കൊണ്ടിരുന്നു…
താരയെ ചേർത്തുപിടിച്ച് എബി നടന്നു തുടങ്ങി. ഒരു പുതിയ ജീവിതത്തിലേക്ക്……..

Share This:

Comments

comments