വർണ്ണവെറിയുടെ അരവയറുകൾ.(കവിത)

0
195
dir="auto">സബീർ.(Street Light fb Group)
എത്രയോ ജന്മങ്ങളീ വഴിയേ
കൊണ്ടും കൊടുത്തും
കൊടുത്തും വാങ്ങിയും
വന്നും പോയുമിരുന്നിരുന്നു  …….
ഒറ്റിഴതോർത്തിനാൽ
മൂന്നിഴം മുണ്ടിനാൽ
മാറിന്നു മുലക്കച്ചകൾ
തീർത്തവർ
മുന്നിൽ കൗപീനങ്ങൾ
തീർത്തവർ
നാണത്തെ മറച്ചിരുന്നു ……
ആഘോഷങ്ങളേതും
അവർക്കാത്മ സമർപ്പണത്തിന്റേതായിരുന്നു
സന്തോഷത്തിൻ
കൊടുക്കൽ വാങ്ങലുകൾ
നിറച്ചാർത്തുകൾ ചാർത്തിയിരുന്നവരിൽ
സ്നേഹമായിരുന്നവരുടെ
കരുത്തും കരുതലും വിശ്വാസവും
പൂക്കും വയലുകൾ
ഉതിർക്കും നെന്മണികൾ
വയൽപ്പാട്ടിന്നീണത്തിൽ
അരിഞ്ഞെടുക്കും
കൊയ്ത്തരിവാളിന്റെ
ധൃതചലനങ്ങളാലവർ
അവരന്തിക്കു കുടിയെത്തും
അരികുത്തിയാ
അടുപ്പിലെ കലത്തിലൊന്നിൽ
ആഴിയരി കഞ്ഞിയാകുന്നതും
അമ്മിയിലരച്ചൊരാ ചമ്മന്തിയും
കാത്തിരുന്നാ
അരവയറിന്നവകാശികൾ
ആടിയും പാടിയും
തമ്മിൽ കലഹിച്ചും
ആടിത്തിമിർത്തുമവർ
മറികടന്നൊരാ ജന്മിത്വത്തിൻ
ക്രൂരതകൾതൻ വേദനകളെ ….
ഈരടിപ്പാട്ടിൻ താളത്തിൽ
മറന്നിരുന്നവർ
അധിക്ഷേപങ്ങൾ ആക്ഷേപങ്ങൾ
പുലയാട്ടുകൾ ഒക്കെയും
കാലങ്ങൾ പോകവേ
കൂട്ടങ്ങളായവർ
കൊടിപിടിച്ചവർ
അവകാശപ്പോരാട്ടങ്ങളിൽ
അണിനിരന്നവർ
പ്രാണനുകൾ ബലികൊടുത്തും
ചോരചീന്തിയും
ആട്ടിപ്പായിച്ചവർ ഫ്യുഡലിസത്തിൻ
കൊടിയടയാളങ്ങളെ ….
അക്ഷരങ്ങൾ
അറിവായവർക്കു മുൻപിലെത്തി ,
ഉദ്യോഗത്തിൻ പദവികൾ
കവാടങ്ങൾ തുറന്നവർക്കു മുൻപിൽ ,
അരവയർക്കോലങ്ങളിൽ നിന്നുമവർ
പരിഷ്‌ക്കാരത്തിൻ ആധിക്യത്താൽ
കുടവയർക്കോലങ്ങളായി
ഇതിന്നിടയിലെപ്പൊഴോ
അധിനിവേശത്തിൻ പുതുരൂപങ്ങൾ
ആഗോളീകരണത്തിൻ
ശീലുകളായ് കടൽകടന്നെത്തി
കൂട്ടത്തിൽ
തക്കം പാർത്തിരുന്നാ
ഫ്യുഡൽപ്രഭുക്കൾ
തൻചിന്തകളും പൊടിതട്ടിയെടുത്തു !!
അവർ, വീണ്ടും
മറനീക്കിത്തുടങ്ങിയവരുടെ
ജാതി ഭ്രാന്തിന്റെ
മതവെറിയുടെ
വരേണ്യവെറിയുടെ അടയാളങ്ങളെ !!!
അറിവും അഹങ്കാരവും
ജാതിവെറിയും
മതഭ്രാന്തും
മനുഷ്യനെ
വീണ്ടുമാ ഭ്രാന്താവസ്ഥയിലേക്കു
കൈപിടിച്ച് നടത്തുന്നുവോ ?
അറിയാതെയെന്നോണം
അരവയറിനാളലൊടുക്കുവാൻ
കൊടിപിടിച്ചർ
ചോരചീന്തിയവർ
അരുനിൽക്കുന്നുവോ ഇതിനൊക്കെയും ?
അവരെയുമീ  ജാതിഭ്രാന്തിന്റെ
ശീലുകൾ വിഴുങ്ങുവാൻ
തുടങ്ങുന്നുവോ ?
വയലുകളിലവർ
പാകിത്തുടങ്ങിയോ
നെൽവിത്തുകൾക്ക് പകരമായ്
ജാതിവെറിയുടെ
മതഭ്രാന്തിന്റെ വിത്തുകൾ ?
ഇതോ വിദ്യതൻ അറിവിനാൽ
അവർക്കൊക്കെയും
പകർന്നു കിട്ടിയ
പരിഷ്ക്കരണത്തിൻ
പരിഷ്‌ക്കാരത്തിൻ പാഠങ്ങൾ!!!!!
എങ്കിലാ
പഴങ്കാലത്തിൻ
സ്നേഹത്തിൻ
ഈരിഴത്തോർത്തിന്റെ
ഇഴയടുപ്പത്തിലമരുകയോ
ഇനിയുള്ള കാലത്തിൽ
നാടിൻ നന്മകൾ
തേടുന്നൊർ ചെയ്യേണ്ടു ?

Share This:

Comments

comments