ആദ്യരാത്രിയിലെ കുറ്റസമ്മതം.(കഥ)അവസാനഭാഗം.

0
250

ഷെരീഫ് ഇബ്രാഹിം.

‘നിനക്ക് ഉറക്കം വരുന്നുണ്ടെങ്കില്‍ പറയണംട്ടാ..’

‘ഇല്ല. ഉറക്കം വരുന്നില്ല. ബാക്കി കൂടെ പറയൂ. കേള്‍ക്കാന്‍ നല്ല രസമുണ്ട്.’

നല്ല ചൂട്. ഞാൻ മേശപ്പുറത്തുള്ള ഫാൻ ഓൺ ചെയ്തു. അരി ഇടിക്കുന്ന യന്ത്രത്തിന്റെ ശബ്ദത്തിൽ അത് കറങ്ങാൻ തുടങ്ങി.

ഞാൻ കഥ തുടർന്നു.

————

അങ്ങിനെ ഞാന്‍ ദുബായ്ക്ക് പോയി. രണ്ടര വര്‍ഷത്തിന് ശേഷം തിരിച്ചു വന്നു. കാലത്ത് തന്നെ വാടകക്ക് എടുത്ത മോട്ടോര്‍ സൈക്ലില്‍ ഹൈദ്രോസ് മാമാടെ വീട്ടിലേക്ക് പോയി. അന്നൊക്കെ മണിക്കൂറിന് മൂന്ന് രൂപ കൊടുത്താല്‍ മോട്ടോര്‍ സൈക്കിള്‍ വാടകയ്ക്ക് കിട്ടും. ബേങ്ക് ചെക്ക് ലീഫ് ഒന്നും കൊടുക്കേണ്ട. നമ്മളെ അവരുടെ ഒരു പരിചയക്കാര്‍ പരിചയപ്പെടുത്തിയാല്‍ മതി. അത് എന്റെ കളിക്കൂട്ടുകാരന്‍ അബ്ദുല്‍റഹിമാന്‍ ഭംഗിയായി നിര്‍വഹിച്ചു.

കുറച്ചു പേര്‍ഷ്യന്‍ സാധനങ്ങളുമായാണ് ഞാന്‍ മാമാടെ വീട്ടിലേക്ക് പോയത്.

സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി മാമ അവിടെ ഉണ്ടായിരുന്നു.

‘നീ ഇന്ന് വരുമെന്ന് അളിയൻ പറഞ്ഞിരുന്നു. യാത്രയൊക്കെ സുഖമായിരുന്നില്ലേ?

അപ്പോഴേക്കും കാദർ ഹാജി മാമാനെ കാണാൻ വന്നു. ഞാൻ അടുക്കള ഭാഗത്തേക്ക് പോയി. അവിടെ അടുപ്പിൽ പുക ഊതി ഊതി നിൽക്കുകയാണ് എന്റെ ജഹി.

ഞാനവളെ ശ്രദ്ധിച്ചു. രണ്ടര വർഷം കൊണ്ട് അവളാകെ മൊഞ്ചത്തിയായിരിക്കുന്നു. വേഷമാണെങ്കിൽ പാവാടയിൽ നിന്ന് ദാവണിയിലേക്ക് മാറിയിരിക്കുന്നു. അപ്പോഴും ഞാനവളുടെ മുടി ശ്രദ്ധിച്ചു. പഴയ പോലെ രണ്ടായി മുടഞ്ഞിട്ട് അതിൽ റിബ്ബണ് പകരം സ്ലൈഡ് കുത്തിയിരിക്കുന്നു.

ഞാൻ പിന്നിലൂടെ ചെന്ന് അവളുടെ കണ്ണ് പൊത്തിയിട്ട് കുറച്ചു ശബ്ദം മാറ്റി ചോദിച്ചു. ‘ആരാണെന്ന് മനസ്സിലായോ?’

‘ഇക്കക്കയല്ലേ? ഞാൻ കണ്ടു. ഞാൻ ഇക്കാക്ക് ചായ ഉണ്ടാക്കാൻ വന്നതാ’

‘ജഹീ, നീയാകെ മൊഞ്ചത്തി ആയല്ലോ?’. ഞാന്‍ അവളോട്‌ പറഞ്ഞു.

‘ഇക്കക്കാക്കും ഒരു പൊടിമീശയൊക്കെ ആയി’. അതായിരുന്നു അവളുടെ മറുപടി.

അവള്‍ എനിക്ക് മാങ്ങയും ഉപ്പും കൊണ്ട് വന്നു. ഞങ്ങള്‍ അത് കഴിച്ചു.

ഇക്കാക്ക തമാശ പറയുന്നില്ലേ എന്ന അവളുടെ ചോദ്യത്തിന് സൂലൂര് ഉമ്മാടെ വീട്ടില്‍ പോകണം. പിന്നെ വന്നിട്ട് പറയാം എന്ന് പറഞ്ഞു ഞാന്‍ അമ്മായിയോടും ഫൈസലിനോടും യാത്ര പറഞ്ഞു പോയി.

————-

‘നീ ഉറങ്ങുകയാണോ? ഇടയ്ക്കിടെ മൂളുകയോ എന്തെങ്കിലും ചോദിക്കുകയോ വേണം’. ഞാൻ അടുത്ത് കിടക്കുന്ന ഭാര്യയോട് പറഞ്ഞു.

‘പേർഷ്യയിൽ നിന്ന് ആദ്യമായി വന്നപ്പോൾ ജഹനാരക്ക് ഇക്ക എന്ത് സമ്മാനമാണ് കൊടുത്തത്.

‘അതെ. അങ്ങിനെ എന്തെങ്കിലും ചോദിച്ചാലല്ലേ എനിക്ക് പറയാൻ ഇഷ്ടം ഉണ്ടാവുള്ളൂ. ഞാൻ അവൾക്ക് ഇൻസ്ട്രുമെന്റ് ബോക്സ്, പാവാടക്കും ബ്ലൗസിനുമുള്ള തുണികൾ കൊടുത്തു. പിന്നെ വിലമതിക്കാത്ത ഒന്നും…’

‘അതെന്താ…?’

‘അത് പിന്നെ പറയാം. ഇനി ഞാൻ സംസാരം തുടരട്ടെ..

————-

പിന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഞാൻ തത്തമംഗലത്തേക്ക് പോയി.

എന്നെ കണ്ട ഉടനെ മാമ പറഞ്ഞു.

‘ജാബറൂ.. നമുക്ക് നാളെ വൈകീട്ട് നാലുമണിക്ക് വാടാനപ്പള്ളിയിൽ പോണം. ജഹിമോൾക്ക് ഒരു ആലോചന വന്നിട്ടുണ്ട്. ചെക്കൻ ദുബായിലാണ്. അവന്‍ നിന്നെ അവിടെ വെച്ച് കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. അവർ വാടാനപ്പള്ളിയിൽ വലിയ തറവാട്ടുകാരാണ്. ഇനി അവനെപ്പറ്റി മാത്രം അറിഞ്ഞാൽ മതി.’

മാമ കിടക്കുന്ന ചാരുകസേരയുടെ പിന്നിൽ നിന്ന് മാങ്ങ ചെത്താൻ കൊണ്ട് വന്ന കത്തി ഉയർത്തി അവിടെ പോയാൽ എന്നെ കൊല്ലുമെന്ന് അവൾ ആംഗ്യം കാണിച്ചു.

നാലുമണിക്ക് ഞാൻ മാമ പറഞ്ഞ പോലെ അവരുടെ കൂടെ വാടാനപ്പള്ളിയിലുള്ള മൂസാനെ കാണാൻ പോയി. അവൻ ദുബായിലല്ല,അജ്മാനിൽ ആണെന്ന് മനസ്സിലായി. ഏതോ സാഹിത്യസദസ്സിൽ വെച്ച് എന്നെ പരിചയപ്പെട്ടിട്ടുണ്ടത്രെ. നല്ല സ്വഭാവമുള്ള പയ്യൻ. അവൻ അജ്മാനിൽ ഒരു കമ്പനിയിൽ ടൈപ്പിസ്റ്റ് ആണ്.”

ഞങ്ങൾ തിരിച്ചു മാമാടെ വീട്ടിൽ എത്തി. അമ്മായിക്കും മാമാക്കും അവനെ ഇഷ്ടപ്പെട്ടോ എന്നറിയാൻ തിരക്ക്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്നു ഞാൻ മറുപടി കൊടുത്തു.

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ജഹിയുടെ അടുത്ത് ചെന്നു. സാധാരണ കൊണ്ട് വരാറുള്ള മാങ്ങ ഇല്ല. ഞാനത് കാര്യമാക്കിയില്ല. അവളോട് ഞാൻ മാങ്ങ എവിടെ എന്ന് ചോദിച്ചു.

‘ഉം.. മാങ്ങ.. വയറ് നിറയെ വാടാപ്പള്ളിയിൽ നിന്ന് കേറ്റിയില്ലേ. അത് മതി.’ അവൾ മുഖം വീർപ്പിച്ചു.

‘അത് ശരിയാണല്ലോ. മൂസ അളിയന്റെ വീട്ടിൽ നിന്ന് പൊറോട്ടയും ഇറച്ചിയും കഴിച്ചു.’ ഞാൻ നയം വ്യക്തമാക്കി.

‘ഇനി ആ പേര് ഇവിടെ പറയരുത്. അളിയൻ അല്ല ഇളിയൻ…’ അവളുടെ മുഖം കടന്നൽ കുത്തിയപോലെ.

ഞാൻ വീട്ടിലേക്ക് മടങ്ങി.

പിന്നെ അവളുടെ പരിഭവം കുറേശ്ശേ കുറഞ്ഞു. ഞങ്ങൾ പഴയപോലെ കാണാറുണ്ട്. മാങ്ങതീറ്റ പൂർവാധികം ഭംഗിയോടെ നടന്നു.

രണ്ട് മാസത്തെ ലീവ് കഴിഞ്ഞ് ഞാൻ ദുബായിലേക്ക് പോയി.

വീണ്ടും ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ നാട്ടിൽ വന്നു.

=========

‘നീ ഉറങ്ങിയോ? സമയം നാല് മണിയായി. ഇനി നേരം വെളുക്കാൻ കുറച്ചേ ഉള്ളൂ.’ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു.

‘ഏയ്. ഞാൻ ഉറങ്ങിയിട്ടില്ല. ഇതെല്ലാം കേൾക്കാൻ വളരെ രസം. ഇക്ക ഇനിയും ബാക്കി പറയൂ’. അവളെന്നെ പ്രോത്സാഹിപ്പിച്ചൂ.

‘ഇതൊക്കെ കേട്ടിട്ടും നീയെന്താ ഞെട്ടാത്തത്?’ ഞാൻ ചോദിച്ചു.

‘ഇതിലെന്താ ഞെട്ടാന്‍ ഉള്ളത്. ഇക്ക എല്ലാം തുറന്നു പറഞ്ഞു. മറ്റുള്ളവര്‍ അങ്ങിനെ അല്ല’. ഇതായിരുന്നു അവളുടെ മറുപടി.

‘ഇത്ര നേരം ഞാൻ സംസാരിച്ചിട്ടും എന്റെ കൺമണി ആരാണെന്ന് നീ ചോദിച്ചില്ല’. ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.

‘ആരാ ആ കണ്‍മണി?’ അവള്‍ ചോദിച്ചു.

‘ആരാ?’ ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.

‘ആരാ… ജഹനാരാ.. അതായത് ഈ ഞാന്‍. ഇക്കാടെ മുറപ്പെണ്ണ്.’ ഇത് കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു.

‘ഞാൻ ഇക്കാക്ക് ഒരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്..’ അവൾ പറഞ്ഞു.

‘നീ തന്നെ എനിക്ക് സമ്മാനമല്ലേ?’ എന്നാണു അതിന് ഞാൻ കൊടുത്ത മറുപടി.

അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് മൂടിവെച്ച പാത്രം തുറന്ന് എന്റെ കയ്യിൽ തന്നു. ഞാനത് മൂടി തുറന്ന് നോക്കി. തൊലി ചെത്തി കഷണമാക്കിയ മാങ്ങയും കുറച്ചു ഉപ്പും ആയിരുന്നു അതില്‍.

‘പിന്നെ ഒരു കാര്യം. ഇത് ഇനി ഒരിടത്തും കഥയാക്കി പ്രസിദ്ധീകരിക്കരുത്. വായനക്കാർ ഇക്കാനെ കല്ലെറിയും. ഇത് ഒരു മാതിരി ആരും എഴുതാത്ത രീതിയും വൃത്തികെട്ട ക്ളൈമാക്‌സും. ഇതിനേക്കാൾ നല്ലത് ഇക്ക പറയാറുള്ള ഫലിതബിന്ദുക്കളാണ്.’ അവൾ എനിക്ക് സൂചന തന്നു. അത് ശരിയാണെന്ന് എനിക്ക് തോന്നി.

Share This:

Comments

comments