പ്രണയവും നിന്നോടുമാത്രം.(കവിത)

0
386
>മഞ്ജുള ശിവദാസ്‌.
അണയാത്ത ഭക്തി നിന്നോടുമാത്രം,
അകലാത്ത കൂട്ടുമെൻബന്ധുവും നീ.
അഴലുകൾ മായ്ക്കുന്ന സാന്ത്വനം നീ,
അനശ്വരപ്രണയവും കവിതമാത്രം.
അഗ്നിയായാളിപ്പടർന്നീടുകെന്നിൽ നീ,
പതറാതെ മുൾവഴികൾ താണ്ടിടാം ഞാൻ.
പരിഭവംഭാവിച്ചു നീയകന്നാൽ-
ആത്മാവൊഴിഞ്ഞ മൃതസമമായിടും.
പിണങ്ങിപ്പിരിഞ്ഞിടാൻ തോന്നിടും നേര-
ത്തിതാ എന്റെ പ്രാണനുമെടുത്തുകൊൾക.
അന്യയായകലത്തിരുന്നു കാണാനെനി-
ക്കാവില്ല ശ്വാസം നിലച്ചുപോകാം.
എന്നെ ഞാനാക്കുന്ന ശക്തിയും നീ,
ഇന്നെന്റെ ശബ്ദവും രൂപവും നീ.
കണ്ടതുംകേട്ടതും പങ്കുവയ്ക്കാനുള്ളൊ-
രുറ്റ ചങ്ങാതി നീ മാത്രമല്ലേ.
അനുഭവരസങ്ങളതു മധുരമോ കയ്പോ-
നുകരുവാൻ നീമാത്രമൊപ്പമെന്നും.
ചിതറാതെ ജന്മങ്ങൾതോറുമെൻ കൂട്ടായ്-
ചിതയിലും കൂടെ നീ വരികയില്ലേ.

Share This:

Comments

comments