ആദ്യരാത്രിയിലെ കുറ്റസമ്മതം (കഥ) ആദ്യഭാഗം.

0
346

ഷെരീഫ് ഇബ്രാഹിം.

ആദ്യരാത്രിയിൽ എല്ലാം അവളോട് തുറന്ന് പറയണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഇന്നത്തെകാലമല്ലല്ലോ? പെണ്ണ് കാണാൻ പോയി ഇഷ്ടപ്പെട്ട് ഉറപ്പിച്ച പെണ്ണിനെ പിന്നെ കാണുന്നത് കല്യാണത്തിന്റെ അന്ന് മാത്രം. അതായത് 1974ൽ.

മണിയറയിലേക്ക് പൊയ്ക്കൊള്ളാൻ ആരോ എന്നോട് പറഞ്ഞു. കേട്ടപാതി ഞാൻ ആ റൂമിലേക്ക് പോയി. കട്ടിലിന്റെ അടുത്തുള്ള മേശപ്പുറത്ത് ഒരു മൺകൂജയിൽ കുറച്ചു വെള്ളം ഉണ്ട്. മറ്റൊന്ന് ഒരു ടേബിൾ ഫാൻ ആയിരുന്നു. അത് കൂടാതെ അഷ്ടാംഗഹൃദയം എന്ന രോഗചികിത്സക്കുള്ള പുസ്തകവും.

കുറച്ചു കഴിഞ്ഞപ്പോൾ വധുവിനെ കുറച്ചു പെണ്ണുങ്ങൾ കൂടി മണിയറയിലേക്ക് തള്ളി വിട്ടു. അവളുടെ ഒരു കയ്യിൽ താലത്തിൽ രണ്ടു ഗ്ലാസ് നിറയെ പാലും കുറച്ചു മുട്ട പുഴുങ്ങിയതും കുറച്ചു ചെറുപഴവും കണ്ടു. മറ്റേ കയ്യിൽ ഒരു അടച്ച പാത്രവും കണ്ടു. അതെന്താണാവോ?

‘എന്റെ പൊന്നു നവബന്ധക്കാരെ, ആ കുട്ടിയെ ഇങ്ങിനെ തള്ളിവിട്ടാൽ ആ കുട്ടിയുടെ കയ്യിലെ താലത്തിലുള്ള പാലും കോഴിമുട്ടയും പഴവും താഴെ വീണാൽ പിന്നെ ഞാൻ എന്താ കഴിക്കുക?’ എന്ന് പറയാൻ തോന്നി. പക്ഷെ, എന്റെ നാവിനെ ഒതുക്കി.

കട്ടിലില്‍ ഇരിക്കാന്‍ ഞാൻ നിർബന്ധിച്ചപ്പോൾ അവൾ അനുസരിച്ചു.

സംസാരപ്രിയനായ ഞാൻ ആമുഖം കൂടാതെ സംസാരിച്ചു തുടങ്ങി.

‘നോക്കൂ. ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്. എന്റെ കാര്യങ്ങൾ തുറന്ന് പറയാൻ ഞാൻ ഉദ്യേശിക്കുന്നു. ഇനി ഞാൻ അത് പറഞ്ഞില്ല എന്ന് നാളെ നീ പറയാൻ ഇടവരരുത്. എന്ന് കരുതി നിന്റെ മുൻകാലകാര്യങ്ങളൊന്നും എന്നോട് പറയണ്ട. അപ്പോൾ ഞാൻ ആരംഭിക്കട്ടെ.’

ശരി എന്നർത്ഥത്തിൽ അവൾ ഒന്ന് മൂളി.

ഞാൻ ആരംഭിച്ചു.

‘പത്താം ക്ലാസിൽ ഞാന്‍ പഠിക്കുമോൾ ഒരു പെൺകുട്ടിയോട് ഇഷ്ടമുണ്ടായിരുന്നു. അത് പ്രേമമൊന്നുമല്ല. അവളെ കല്യാണം കഴിച്ചു കിട്ടിയില്ലെങ്കിൽ ഞാൻ ആൽമഹത്യ ചെയ്യുമെന്നോ ഒളിച്ചോടുമെന്നോ ഒന്നും കരുതിയിട്ടില്ല. നീ കേൾക്കുന്നുണ്ടോ?’

ഉം. അവൾ വീണ്ടും മൂളി.

‘അവൾ എന്റെ ഉമ്മാടെ സഹോദരന്റെ മകളായിരുന്നു. മാമാടെ മകൾ. എന്റെ മുറപ്പെണ്ണ്. അവളുടെ ഉപ്പാക്ക് ബാഗ്ലൂരിൽ വലിയ ബിസിനെസ്സ് ആയിരുന്നു. അവള്‍ അവിടെയാണ് പഠിച്ചിരുന്നത്. നീ ഇടക്കിടെ മൂളണം കേട്ടോ.”

ഞാൻ അന്ന് കോളേജിൽ പഠിക്കുന്ന കാലം..

————

‘ഉമ്മാ, ഞാൻ മാമാടെ വീട്ടിൽ പോകട്ടെ. ഇന്ന് ഞായറാഴ്ച്ചയല്ലേ?’

ഞാൻ ഉമ്മാട് അനുവാദം ചോദിച്ചു. ഉപ്പാട് പറഞ്ഞിട്ടുണ്ടെങ്കിൽ പോയിക്കോളാൻ ഉമ്മാടെ മറുപടി.

ഞാനെന്റെ സൈക്കിൾ ഒന്ന് കൂടെ തുടച്ചു വൃത്തിയാക്കി. മുടി ചീകിയിട്ടും ഒരു രക്ഷയുമില്ല. ഒരു വിധം മുടിയുടെ മുമ്പിൽ ഒരു കുരുവിക്കൂട് ഉണ്ടാക്കി. മീശപോലെ ഉള്ള സ്ഥലത്ത് ഐബ്രോ പെൻസിൽ ഉപയോഗിച്ച് ഒരു വിധം ഒപ്പിച്ചു.

കാക്കാത്തിരുത്തി വഴി ഹൈദ്രോസ് മാമാടെ വീടായ തത്തമംഗലത്തേക്ക് സൈക്കിൾ ചവുട്ടി പോയി.

അവിടെ എന്റെ കൺമണി ജഹനാരയെ ഞാൻ നോക്കി. കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഒരു അലുമിനിയപാത്രത്തിൽ തൊലി കളഞ്ഞ മാങ്ങയും ഒരു ഭാഗത്ത് കുറച്ചു ഉപ്പുമായി വന്നു. കൂടെ അവളുടെ അനുജനും. ഞാൻ ജഹനാരയെ സൂക്ഷിച്ചു നോക്കി. സാധാരണ പോലെ രണ്ടു ഭാഗത്തേക്കും മുടി മുടഞ്ഞിട്ടിരിക്കുന്നു. അത് നീല നിറത്തിലുള്ള റിബ്ബൺ കെട്ടി വെച്ചിരിക്കുന്നു.

ഞാൻ പതിവ് പോലെ എന്റെ ദൗത്യം ആരംഭിച്ചു. മനോരമയിൽ വായിച്ച ഫലിതബിന്ദുക്കൾ ഓർത്തെടുത്ത് പറഞ്ഞുകൊണ്ടിരുന്നു.

‘ഒരാൾ ഹോട്ടലാണെന്ന് കരുതി ബാർബർഷാപ്പിൽ കയറി..’ തുടങ്ങിയ തമാശകൾ കേട്ട് അവൾ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി. ഫൈസലും ചിരിക്കുന്നുണ്ടായിരുന്നു. എന്റെ തമാശ കഴിഞ്ഞിട്ടും അവൾ ചിരി നിറുത്തുന്നില്ല.

‘ജഹീ.. നിനക്ക് കന്നഡ, ഇംഗ്ലീഷ്, ഹിന്ദി എല്ലാം അറിയാമല്ലോ? ഞാനൊന്ന് ചോദിക്കട്ടെ. ക്ക്താമണ്ടി എന്ന വാക്കിന്റെ അര്‍ഥം എന്താണ്?’.ഞാനവളോട് ചോദിച്ചു.

‘ഇത് തെലുങ്ക് ഭാഷയാവും. എനിക്ക് തെലുങ്ക് അറിയില്ല’ ഇതായിരുന്നു അവളുടെ മറുപടി.

‘ഇത് തെലുങ്ക് ഭാഷയല്ല.’ ഞാന്‍ പറഞ്ഞു.

‘എനിക്കറിയില്ല ഇക്കാക്ക’. അവള്‍ തോറ്റു.

‘ക്ക് എന്ന് പറഞ്ഞാൽ ചാവക്കാട് ഭാഷയിൽ എനിക്ക്. താ എന്നാൽ അറിയാമല്ലോ? മണ്ടി എന്നത് നീ ഒരു മണ്ടി ആണെന്ന്’

അത് കേട്ടപ്പോൾ അവൾ കിണുങ്ങി പോയി. ഞാൻ അവിടെ പ്രേംനസീർ ആയി. ‘ഹേ മണ്ടിപെണ്ണ്… ഒന്ന് ചിരിച്ചേ അങ്ങിനെയല്ല.. ഇങ്ങിനെ… ഹ ഹ ഹ…’

എന്ന് പറഞ്ഞു അഭിനയിച്ചു. അവൾ ചിരിച്ചു.

‘മോനെ ജാബറൂ, നീ എപ്പോ വന്നു?’ അത് ചോദിച്ചു മാമ വന്നു.

ഞാൻ ഇപ്പോൾ വന്നതേയുള്ളൂ എന്നൊരു നുണ പറഞ്ഞു. മാമാനെ പേടിയാണ്.

‘അളിയനും കൊച്ചുകദീജയ്ക്കും സുഖമല്ലേ?. അളിയനെ ഞാൻ മാട്ടൂൽ അങ്ങാടിയിൽ വെച്ച് കണ്ടിരുന്നു. കൊച്ചുകദീജാനെ കണ്ടിട്ട് കുറച്ചു നാളായി.’ മാമാടെ അടുത്ത ചോദ്യം.

അതിനും ഞാൻ മറുപടി കൊടുത്തു.

‘നീ ഇപ്പോള്‍ എത്രാം ക്ലാസ്സിലാ പഠിക്കുന്നേ?’

‘പത്താം ക്ലാസ്സിലാണ് മാമ’. ഭവ്യതയോടെ ഞാന്‍ പറഞ്ഞു.

പിന്നെ മാമ ഒന്നും ചോദിച്ചില്ല. മാമ പുറത്തേക്ക് പോയി.

എന്റെ അടുത്ത് വീണ്ടും ജഹനാരയും ഫൈസലും വന്നു. ഞാൻ പഴയ പോലെ തമാശകൾ പറയാനും മാങ്ങ ഉപ്പ് കൂട്ടി തിന്നാനും തുടങ്ങി.

ഞാൻ പത്താം ക്ലാസ്സ് നല്ല മാർക്കോടെ ജയിച്ചു പുറയാറിൽ പോളീടെക്നിക്കിൽ ചേർന്നു.

അപ്പോഴാണ് ഇത്താടെ കല്യാണം. ബന്ധക്കാരെല്ലാം തലേദിവസം വീട്ടിൽ വന്നിട്ടുണ്ട്. മാമയും കുടുംബവും കാര്യങ്ങളെല്ലാം നോക്കുന്നുണ്ട്. വൈകീട്ട് കോളാമ്പി മൈക്കിലൂടെ ഗാനങ്ങൾ. അപ്പോഴാണ് കുഞ്ഞുമ്മാടെ മകൾ ഷാജിയുടെ ഒരു ആഗ്രഹം. അവർക്കൊരു മാപ്പിളപ്പാട്ട് മൈക്കിലൂടെ പാടണമത്രേ. ഞാൻ അത് സമ്മതിച്ചു. ഷാജിയുടെ കൂടെ പാടാൻ ജഹനാരയും ഉണ്ടായിരുന്നു.

മധുരപ്പൂവനപ്പുതുമലര്‍ക്കൊടി കണക്കുനില്‍ക്കണ പെണ്ണ് കഴുത്തിലൊക്കെയും പൊന്ന്

മധുമൊഴികള്‍തന്‍ കിളിചിരികണ്ട് തളര്‍ന്ന താമരച്ചെണ്ട്

കുളികഴിപ്പിച്ച് കരിമിഴികളില്‍ പുതുസുറുമയും പൂശി വിശറിചുറ്റിലും വീശീ

കിളികള്‍ പോലുള്ള കുസൃതിപ്പെണ്ണുങ്ങള്‍ ചെവിയില്‍ കിന്നാരം പേശി

മലര്‍വനികയില്‍ പുലരിപോലിപ്പോള്‍ പുതിയ മാപ്പിളപോരും മണിയറയ്ക്കുള്ളില്‍ ചേരും

ഇളം കിളിനിന്നെ അകത്തു തള്ളീട്ട് പതുക്കെവാതിലും ചാരും

കാല്‍ത്തളകളെ ഇളക്കിതാളത്തില്‍ കട്ടിലിന്‍ ചാരത്തു ചെല്ലും കവിളില്‍ മാരനും നുള്ളും

ബഹറിനുള്ളിലെ ഹൂറിയെക്കണ്ടു പെരുത്തു സന്തോഷം കൊള്ളും

പാട്ട് കഴിഞ്ഞ ഉടനെ ആരോ ഉണ്ടാക്കിയ ഇലകളും പൂക്കളും കൂടിയ ഒരു മാല എടുത്ത് എന്നെക്കൊണ്ട് ജഹനാരയുടെ കഴുത്തിൽ നിർബന്ധിച്ച് അണിയിച്ചു.

‘ജാബറുക്ക ജഹിത്താനെ കെട്ട്യോളാക്കിയേ…’

ഏതോ ചില ചെറിയ കുട്ടികൾ കയ്യടിച്ച് പറയുന്നുണ്ടായിരുന്നു. മരത്തിന്റെ കോണിയിലൂടെ മുകളിലേക്ക് വന്ന ഉമ്മ അത് കണ്ടില്ലെന്ന് നടിച്ച് സന്തോഷിച്ച് താഴേക്ക് തന്നെ പോയി.

ഇടയ്ക്കിടെ ഞാൻ തത്തമംഗലത്തുള്ള മാമാടെ വീട്ടിൽ പോകുകയും ഇത് പോലെ തമാശകളും മാങ്ങ തിന്നലുമായി കഴിഞ്ഞിരുന്നു.

ഒരു ദിവസം ഞാൻ മാമാടെ വീട്ടിൽ ചെന്നു. അത് പതിവ് പോലെയുള്ള സന്ദർശനമല്ലായിരുന്നു.

‘മാമാ, ഞാൻ അടുത്ത ആഴ്ച്ച ബോംബെയിലേക്ക് പോകുകയാണ്. അവിടെ നിന്ന് പത്തേമാരിയിൽ പേർഷ്യക്കും പോകും. മാമ പ്രാർത്ഥിക്കണം.’

‘നിനക്ക് നല്ലത് വരുത്തട്ടെ’ എന്ന് മാമ എന്നെ ആശീർവദിച്ചു.

‘നീ ഭക്ഷണം കഴിച്ചിട്ടേ പോകാവൂ. ഞാൻ കാദർ ഹാജിയുടെ വീട്ടിലേക്ക് പോവുകാ’ എന്നും പറഞ്ഞ് മാമ പോയി.

ഞാൻ അകത്തേക്ക് നോക്കി. എന്റെ ജഹി എവിടെയാണാവോ? കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്റെ അടുത്ത് വന്നു. ‘ജഹി, ഞാൻ പേർഷ്യക്ക് പോകാ..’

അവളുടെ കണ്ണിൽ നിന്ന് കണ്ണീര് വരുന്നത് കണ്ടപ്പോൾ ഞാനും അറിയാതെ കരഞ്ഞു.

‘ഇക്കക്കാ, വാ നമുക്ക് മാങ്ങ ഉപ്പും കൂട്ടി തിന്നാം…’

‘വേണ്ട ജഹീ.. എനിക്കൊരു മൂഡുമില്ല..’

അവളുടെ പുതിയ പാവാടയിലും ബ്ലൗസിലും മാങ്ങാകറ കണ്ടു. ഞാന്‍ അതിന്റെ കാരണം ചോദിച്ചു. ഞാൻ മാമാട് യാത്ര പറയുന്നത് കേട്ട് എനിക്ക് വേണ്ടി മാങ്ങ പൊട്ടിച്ചപ്പോൾ കറ ആയതാണത്രേ. എനിക്ക് അവളോട് കൂടുതൽ ഇഷ്ടം തോന്നി.

ഞാൻ അവളെ വിളിച്ചു ആകത്ത് പോയി അവൾക്കൊരു സമ്മാനം കൊടുത്തു.

അമ്മായിയോടും ഫൈസലിനോടും യാത്ര പറഞ്ഞു ഞാൻ പൊന്നു.

————

‘നീ കേൾക്കുന്നുണ്ടോ? ഇടയ്ക്കിടെ മൂളണം കേട്ടോ. ഇത് വരെ കേട്ടപ്പോൾ നിനക്ക് എന്നോട് ദേഷ്യമായിട്ടുണ്ടാവും അല്ലെ?’

ഞാൻ എന്റെ ഭാര്യയോട് ചോദിച്ചു.

ഞാൻ വാച്ചിൽ നോക്കി. സമയം രാത്രി രണ്ട് മണി ആയിരിക്കുന്നു. ഞാൻ ഒരു പഴം എടുത്ത് കഴിച്ചു. ഒന്ന് അവൾക്ക് കൊടുത്തു. അവൾ വാങ്ങിയില്ല.

>> ഈ കഥയുടെ അവസാന ഭാഗം അടുത്ത പോസ്റ്റില്‍….

Share This:

Comments

comments