ബോധി ഗയ….. ഒരു സ്വപ്ന സാഫല്യം. (യാത്ര വിവരണം)

ബോധി ഗയ..... ഒരു സ്വപ്ന സാഫല്യം. (യാത്ര വിവരണം)

0
661
dir="auto">ഇന്ദിര പിള്ള.(Street Light fb Group)  
           സ്കൂളിൽ പഠിക്കുന്ന കാലത്തു സാമൂഹ്യപാഠ ക്ലാസ്സിൽ കേട്ട ശ്രീബുദ്ധന്റെ ചരിത്രം മനസ്സിൽ അങ്ങനെ മായാതെ കിടന്നു. നേപ്പാളിലെ ലുംബിനിയിൽ ശുദ്ധോദന മഹാരാജാവിന്റെയും മായാറാണിയുടെയും മകനായി ജനിച്ച സിദ്ധാർദ്ധ ഗൗതമൻ പിൽക്കാലത്തു ശ്രീ ബുദ്ധനായ ബോധിവൃക്ഷച്ചുവട് എന്നെങ്കിലുമൊരിക്കൽ എനിക്ക് കാണാനാകുമെന്ന് സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല. എന്നാൽ ഇന്ത്യൻ റയിൽവെയുടെ ഒരു ടൂറിസ്റ്റ് പാക്കേജിൽ ഗയയിലേക്കൊരു യാത്ര തരപ്പെട്ടതു വലിയൊരു അനുഗ്രഹമായി ഞാൻ കരുതുന്നു.
             വാരണാസിയിൽ നിന്നും ട്രെയിനിൽ ഗയയിലെത്തിച്ചേർന്നതു ഒരു പ്രഭാതത്തിലായിരുന്നു. വരാണസിയിലെപോലെ ബസ് പോലുള്ള വലിയവാഹനങ്ങൾ പോകാത്ത റോഡുകൾ. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഗയയിലെ വിഷ്ണുക്ഷേത്രത്തിലേക്കു പോകാൻ ഓട്ടോറിക്ഷകൾ ഏർപ്പാടുചെയ്തിരുന്നു. ഇടുങ്ങിയ റോഡിലൂടെ സുരക്ഷിതമായി ഞങ്ങളെ ക്ഷേത്രത്തിലെത്തിച്ചു ഓട്ടോറിക്ഷ മടങ്ങിപ്പോയി. പിതൃതർപ്പണത്തിനു ധാരാളം ഭക്തർ എത്തുന്ന ക്ഷേത്രമായതുകൊണ്ടുതന്നെ ഈ ഉദ്ദേശവുമായി കടന്നുവരുന്ന ഭക്തരുടെ വലിയ തിരക്കനുഭവപ്പെട്ടു. ഒരുമണിക്കൂറിലേറെ ക്ഷേത്രത്തിൽ ചെലവഴിച്ചിട്ടു ഞങ്ങൾ നേരെ പോയത് മറ്റൊരു ഓട്ടോറിക്ഷയിൽ ബോധി ഗയ യിലേക്കായിരുന്നു. യാത്രക്കാർ അപരിചിതർ ആയിരുന്നിട്ടും വളരെ മാന്യതയോ ടെയും മര്യാദയോടെയും പെരുമാറുന്ന ഓട്ടോ ഡ്രൈവർമാർ, മിതമായ കൂലി…
         ഒരു മണിക്കൂർ യാത്ര അവസാനിച്ചത് ബോധി ഗയയിലെ  ബുദ്ധവിഹാറിലെ പ്രവേശന കവാടത്തിലാണ്. പണമടങ്ങിയ പേഴ്‌സ് മാത്രം കയ്യിലെടുത്തു സുരക്ഷാ കവാടത്തിലൂടെ ഞങ്ങൾ അകത്തുകടന്നു. Alice In wonderland എന്ന് പറഞ്ഞതുപോലെ ഒരു സഞ്ചാരിയെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ഞങ്ങളെ കാത്തിരുന്നത്. മൊട്ടുസൂചി വീണാൽപ്പോലും കേൾക്കാവുന്ന നിശബ്ദത, അതിലേറെ ശാന്തത. ഈ ഭൂമിയിൽ ഇത്രയും മനോഹരമായ ഒരു സ്ഥലമുണ്ടോ എന്നതിശയിപ്പിക്കുന്ന അന്തരീക്ഷം. ഞങ്ങൾ  വരിവരിയായി നിന്നു ബുദ്ധക്ഷേത്രത്തിൽ പ്രവേശിച്ചു. സ്വർണവർണ്ണത്തിലുള്ള ശ്രീ ബുദ്ധന്റെ പ്രതിമ…കുറേനേരം നോക്കിനിന്നു. പുറത്തിറങ്ങി ഇടത്തോട്ട് വലംവച്ചെത്തിയത്  ബോധിവൃക്ഷ ചുവട്ടിൽ. കുറെയധികം ബുദ്ധഭിക്ഷുക്കളും തീർത്ഥാടകരും ബോധിവൃക്ഷച്ചുവട്ടിൽ കണ്ണടച്ച് ധ്യാനത്തിലാണ്.
           ചൈനയിൽ നിന്നും ടിബറ്റിൽനിന്നുമൊക്കെ എത്തിയിട്ടുള്ള ബുദ്ധഭിക്ഷുക്കൾ ആ വിശാലമായ മൈതാനത്തും പൂന്തോട്ടത്തിലും ധ്യാനനിരതനായി ഇരിക്കുന്നത് കാണാം. പൊടികുഞ്ഞുങ്ങളുടെ തൊട്ടിൽ മൂടിയിടുന്ന ഒരുതരം കുടയുടെ ആകൃതിയിലുള്ള കൂടാരത്തിനുള്ളിൽ ദിവസങ്ങളോളം ധ്യാനത്തിലിരിക്കാറുണ്ടത്രെ ഇവർ. ഒറ്റനോട്ടത്തിൽ പ്രതിമകളാണെന്നു തോന്നിക്കുന്ന ഇവരുടെ അടുത്ത് പോയി നോക്കിയാലെ ജീവനുള്ള മനുഷ്യർ തന്നെയെന്ന് നമുക്ക് ബോധ്യമാകൂ..
         ബോധി ഗയയിലെ സ്വച്ഛതയിൽ  നിന്നു പുറത്തുകടക്കുമ്പോൾ ഒരു നഷ്ടബോധം നമ്മെ പിടികൂടും എന്നുള്ളത് തീർച്ചയാണ്. അനേകം ചെറുതും വലുതുമായ ബുദ്ധക്ഷേത്രങ്ങൾ നിറഞ്ഞ, നല്ല വൃത്തിയും വെടിപ്പും കുളിർമയുമുള്ള ഇവിടം കാണുകയെന്നത്‌ ഒരു ഭാഗ്യം തന്നെയാണ്.

Share This:

Comments

comments