ഹൃദയപൂർവ്വം ഒരു ചോദ്യം.(കവിത)

0
1436
dir="auto">എൻ.കെ.അജിത്,ആനാരി(Street Light fb Group)
എത്രനാൾ വാണിടും നീയെന്നിലെന്നുള്ള
നിശ്ചയംകൂടാതെ നിന്നേവഹിപ്പൂ ഞാൻ
എന്നെയാണോ നീ വഹിക്കുന്നത്, അതോ
നിന്നെയാണോ ഞാൻ വഹിക്കുന്നത്?
ഞാനറിയാത്തൊരു സ്പന്ദനമേകിയെൻ
പ്രാണനീളത്തിന്റെ കാരണമായിടാൻ
കാരണഭൂതന്റെ കല്പപേറിയോൻ
കാലങ്ങളായി തുടിക്കുന്നു നന്മയായ്!
എന്റെ വികാരവും, എന്റെ വിചാരവുമെന്റേ –
തെന്നുള്ളതിനൊക്കെയും കാരണി
കർമ്മകാണ്ഡത്തിൽ കിതപ്പുകൂടാതെ നീ
യെന്നെ നയിക്കുവാൻ സന്നദ്ധനെപ്പഴും !
കൊച്ചുവാൽമാക്രിപോലച്ഛന്നുടൽവിട്ടു
സിക്താണ്ഡമാകുവാനമ്മയിലെത്തിയും
കായമെഴുന്നു കൈകാൽകൾവരിച്ചതു
പൂർണ്ണരൂപത്തിലായെത്തുന്ന കാലവും,
നീളെയെൻ കായത്തിലോരോകലയിലും
ധാതുവായ്, പ്രാണന്റെ തോയവുമിറ്റിച്ച
താളം പിഴയ്ക്കാതെ താനെമിടിക്കുന്ന
താഴായി നീ, ജീവപേടകം വാഴുന്നു !
ആരൊക്കെയെപ്പഴോ നൃത്തം ചവിട്ടിയ,
വേദിയായ് കാലത്തിനൊപ്പം ചരിച്ചു നീ
നോവുന്ന വാക്കിനാൽ നീറുന്ന നേരവും
നേരും നെറിയതും നീ കാട്ടിയെന്നോട് !
നാലറയ്ക്കുള്ളിലായോരോഞരമ്പിലായ്
പായും നിണത്തെ നിയന്ത്രിച്ച മാന്ത്രികാ
നീളെയെൻ ദേഹത്തു കാര്യപ്രസക്തമായ്
കാര്യങ്ങൾ ചെയ്യുന്ന കാര്യസ്ഥനാണു നീ!
ഒരുദിനം വിട്ടകന്നെങ്ങോ പറക്കുന്ന
പ്രാണന്റെവാസത്തെയുൾക്കൊണ്ടദ്രാവകം
അന്ത്യശ്വാസത്തെയുതിർത്തൊഴിഞ്ഞോടുന്ന
പ്രാണനോടൊപ്പമൊടുക്കംഉറഞ്ഞിടും!
അന്നോളമുള്ളിൽ തുടിപ്പായി നീ നിന്റെ
കർമ്മത്തെ നന്നായി ചെയ്യുന്നു ചിത്തമേ
നന്ദിയൊരിക്കലും ചൊല്ലിയാൽത്തീരാത്ത
ചിന്മയൻവാഴുന്ന കോവിലും നീതന്നെ !
നിന്നാലായീശ്വരൻ വാഴുന്നുവെങ്കിലാ
ഈശനും രക്തത്തിലാകെക്കുളിച്ചിടും
പിന്നെന്തുകൊണ്ടാണ് രക്തത്തിൻപേരിലായ്
നിത്യവും മർത്ത്യന്റെ ജല്പനം മണ്ണിലായ്?
ഞാനറിയുന്നെന്റെയീശനേനീയെന്റെ
ജീവരക്തത്തിലും സാന്നിദ്ധ്യമാകുന്നു
അപ്പോഴശുദ്ധതയില്ലെങ്കിലീശനേ പിന്ന-
തിൻപേരിൽ കലഹം വിതയ്ക്കണോ?

Share This:

Comments

comments