ഓർമ്മകൾ…..(കവിത)
തേക്കുകൾപൂക്കുന്ന കാലത്തിലന്നൊരു
നേർത്തകാറ്റുള്ള പകലിൽ
പൂഴിയിൽപാതി മറഞ്ഞകാല്പാടുള്ള
മൈതാനത്തിന്റെയരികിൽ ,
പുത്തരിച്ചുണ്ട പൂവിട്ടപോലെ നീ
കണ്ണിൽ തുടുപ്പാർന്നുനിന്നു.
ഉത്ക്കടാമാമൊരു നേർത്ത വികാരത്തിൻ
തന്ത്രിയിൽ നാം കൊരുത്തിരുന്നെങ്കിലും
അന്യോന്യമൊരുവാക്കും കൈമാറിയില്ലന്ന്
കണ്ണാൽമൊഴിയുകയല്ലാതെ.
അമ്പത്കാശിന്റെ മിഠായിപ്പൊതിയിലും
അവ്യാഖ്യേയമാം ചിരിയിലും
പങ്കുവെച്ചെടുത്തതെല്ലാം
പേശലമാം മോഹങ്ങളായിരുന്നു.
പതിനാറുവസന്തം പടിവാതിലിൽ
പഞ്ചബാണനോടൊന്നിച്ചു വന്നുനിന്റെ
ചേലൊത്തമെയ്യിൽ ചിത്രംവരക്കുന്ന
നീടുറ്റകാഴ്ചയെന്നിൽ പടർന്നപ്പോൾ
ഗഗനപഥത്തിലെ മുഴുതിങ്കൾപെണ്ണിന്റെ
വദനത്തിലമരും ഉഡുകാന്തിപോലവെ
അരുണകിരണമണിയും കപോലത്തിൻ
അരികിലെന്റെ വരണ്ടചുണ്ടിനാൽ
ഒരു മഴവില്ലിന്റെ കാന്തിയെഴും
ചെറുചിത്രം അനുവാദമില്ലാതെഴുതി.
ഒരു നിമിഷത്തിന്റെയർദ്ധമാത്രയിൽ
ഞെട്ടിത്തരിച്ചതിൻശേഷം, പ്രചണ്ഡ –
രശ്മികൾ പാറുംമിഴിയാൽ ഒരു –
കടാക്ഷമെന്നിലേക്കെറിഞ്ഞ്
ഇടിമിന്നലിൽ വിറച്ചനാഗങ്ങൾ
മാളത്തിനുള്ളിൽ വലിയുന്ന പോലെ
എന്നിൽനിന്നും നിന്നിലേക്ക്
അതിശീഘ്രം നീയൊളിച്ചു.
വൃശ്ചിക്കാറ്റുമലയിറങ്ങുംമട്ടി ൽ ഉച്ചത്തിലുയർന്നനിൻ നിശ്വാസ-
ക്കാറ്റിൽ, ഉലയായിനീറുമെൻ
ചിന്തകൾപിന്നെയും
ചെഞ്ചോരക്കനലായി നീറ്റി,
താരാപഥങ്ങൾ വാലിട്ടെഴുതിയ
ചേതോഹരമാം കണ്ണിൽ
കർക്കിടക്കാറുകളെത്തി നോക്കി
പിന്നെ, ശക്തിയായിപെയ്തുതുടങ്ങി.
ഹാ കഷ്ടം! തെറ്റുപറ്റിയെന്നൊരു വാക്കു –
പോലും, മൊഴിയാനിട കിട്ടുംമുമ്പേ
പ്രണയത്തിൻ സാരസ്വതരഹസ്യം
മണ്ണിതിലെയേറ്റം സമസ്യയായി
ത്തീർന്നു, ദൂരെ വെയിലുചാഞ്ഞു.
വരയിട്ടതാളിൽ ചിതറിയകൈപ്പടയിൽ
കടലാസുപെൻസിലുകൊണ്ടെഴുതിയ
പ്രണയമില്ലാത്ത ലേഖനമാണ്
പിന്നെ നീ സമ്മാനമായിത്തന്നത്.
കാലപ്പഴക്കത്താൽ പൊടിഞ്ഞു കത്തെങ്കിലും
പൊടിയാതെയിന്നും കിടപ്പുണ്ട് ഉള്ളിൽ
പലകുറിനീ വെട്ടിയെഴുതിയവരികൾ.
കുറ്റപ്പെടുത്തിയിട്ടില്ല കുറ്റമേറ്റെടുത്തതുമില്ല
ഒന്നാവാൻപറ്റില്ല വിധിഹിതമെതിരാ –
ണെന്നാണ് നീ പറഞ്ഞതന്ന്.
തമ്മിൽകാണുമ്പോൾ മിണ്ടാനൊന്നുമേ
യില്ലായിരുന്നു പിന്നെയെങ്കിലും
വരനോടൊപ്പം കൈപിടിച്ചന്നു നീ
അമ്പലനടയിൽ നിന്നിറങ്ങുംവരെ
മറഞ്ഞിരിപ്പുണ്ടായിരുന്നു ഓരോ
ആൾക്കൂട്ടത്തിനിടയിലും ഞാൻ.
കാലമെൻ തൊലികളിൽചുളുവിട്ട് പ്രായം
ഏറിയെന്നോർമ്മിപ്പിക്കുമീ പകലുകളിൽ
രാത്രിയിൽ യാത്രചൊല്ലിയകന്ന നിദ്രകൾ
കൂട്ടിനെത്തുന്നു അനവരതം.
ഇന്നുമെൻനിദ്രതൻ ചില്ലയിൽ
ഋതുഭേദങ്ങളേതുമേയില്ലാതെ
സ്വപ്നങ്ങൾപൂക്കുന്ന മാത്രയിലെല്ലാം
എന്നോമാഞ്ഞ നിഴലുകൾനാമെങ്കിലും
ഓർമ്മകൾ പൂക്കളംതീർക്കാറുണ്ട്!
കത്തുന്നപ്രണയത്തിൻ സ്മരണയ്ക്കായിന്ന്
എന്തുഞാൻ നൽകേണ്ടു കാണിക്കയായി
ഉള്ളംമുറിഞ്ഞതിൽ നോവുണക്കാൻ
മാപ്പെന്നഔഷധമല്ലാതെ !