ഡാളസിൽ  സംയുക്ത ക്രിസ്‌തുമസ് – ന്യുഇയർ ആഘോഷം ഡിസംബർ 1 ശനിയാഴ്ച്ച.

0
733

  ഷാജി രാമപുരം.

ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് ഓഫ് ഡാലസിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷം ഡിസംബർ 1 ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ (11550 Luna Rd,Farmers Branch, TX 75234) വെച്ച് നടത്തപ്പെടുന്നു.

മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദ്രാസന അധിപൻ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ക്രിസ്തുമസ് – ന്യുഇയർ സന്ദേശം നൽകുന്നു. സണ്ണിവെയിൽ സിറ്റി മേയർ സജി ജോർജ്, കോപ്പൽ സിറ്റി കൗൺസിലർ ബിജു മാത്യു, സെന്റ്.തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ്  ഇന്ത്യയുടെ വികാരി ജനറാൾ വെരി.റവ.സി.കെ.ജേക്കബ്, എന്നിവർ മുഖ്യതിഥികളായി പങ്കെടുക്കുന്നു.

കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് ഡാളസിൽ ആരംഭിച്ചതിന്റെ നാല്പതാം വാർഷിക ജൂബിലി കൊണ്ടാടുകയാണ് ഈവർഷം. സെന്റ്.മേരീസ് മലങ്കര കത്തോലിക്ക ഇടവകയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ഡാളസിലെ ഇരുപത്തി ഒന്ന് ഇടവകളിലെ ഗായകസംഘങ്ങൾ ഗാനശ്രുശ്രുഷക്ക് നേതൃത്വം നൽകും. ഡാളസ്‌ പട്ടണത്തിലെ എല്ലാ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് 40 വർഷമായി നടത്തിവരുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷം.

വൈദീകർ ഉൾപ്പടെ 24 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവർത്തനങ്ങൾക്ക് ഓരോ വർഷവും മേൽനോട്ടം വഹിക്കുന്നത്. ഡാളസിലെ  എല്ലാ വിശ്വാസികളെയും അടുത്ത ശനിയാഴ്ച്ച നടത്തപ്പെടുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് റവ.ഫാ.മത്തായി മണ്ണൂർവടക്കേതിൽ, ജനറൽ സെക്രട്ടറി അലക്സ് അലക്‌സാണ്ടർ, ട്രഷറാർ ജോബി എബ്രഹാം എന്നിവർ അറിയിച്ചു.

Share This:

Comments

comments