സാന്ത്വനത്തിന്റെ പര്യായം ഷീബ അമീർ അമേരിക്കയിൽ.     

സാന്ത്വനത്തിന്റെ പര്യായം ഷീബ അമീർ അമേരിക്കയിൽ.     

0
1343

   ഷാജി രാമപുരം.

ഡാലസ്: സൊലസ് (solace) എന്ന സന്നദ്ധ സംഘടനയുടെ മുഖ്യ കാര്യദർശിയും 2017 ലെ കേരള സംസ്ഥാന സർക്കാരിന്റെ വനിതാരത്‌നം അവാർഡ് ജേതാവും ആയ ഷീബ അമീറിന് അമേരിക്കയിലെ വിവിധ പട്ടണങ്ങളിൽ വൻ വരവേൽപ്പ് നൽകി.

അർബുദം പോലുള്ള അതിഭയങ്കര രോഗത്താൽ  ചികിൽസിക്കാൻ ഭാരപ്പെടുന്ന കുഞ്ഞുങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഒരു അത്താണി ആകുക എന്ന ലക്ഷത്തോടെ 2007 ൽ തൃശൂർ കേന്ദ്രമാക്കി സാന്ത്വനം എന്നർത്ഥം വരുന്ന സൊലസ് എന്ന സംഘടന രൂപംകൊണ്ടു. കുറഞ്ഞത് 15 പേരെ എങ്കിലും സഹായിക്കാം എന്ന ആശയത്തോടെ ആരംഭിച്ച പ്രസ്ഥാനം ഇന്ന് 1600 കുട്ടികളുടെ സാന്ത്വനമായി വളർന്നു.

ഖത്തറിൽ ഭർത്താവ് അമീറും മകൻ നിഖിലും മകൾ നീലോഫറും ഒന്നിച്ച് സാമാന്യം ഭേദപ്പെട്ട നിലയിൽ കഴിയുകയായിരുന്നു ഷീബ അമീർ. തികച്ചും അപ്രതീക്ഷിതമായി മകൾ നീലുവിനു ലുക്കിമിയ ആണെന്ന് അറിഞ്ഞപ്പോൾ അവർ ആകെ തകർന്നു പോയി. മുംബൈ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിൽ മൂന്ന് വർഷത്തോളം മകളുടെ ചികിത്സയുമായി കഴിഞ്ഞു. ഇതിനിടയിൽ മകന്റെ മജ്ജ മകളിലേക്ക് പറിച്ചു വെയ്ക്കപ്പെട്ടു. അർബുദത്തെ അതിജീവിച്ച നിലോഫർ 28- മത്തെ വയസ്സിൽ ഷീബയെ വിട്ടു പോയി.

15 വർഷക്കാലത്തെ മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ, ആശുപത്രിയിൽ തൊട്ടടുത്ത ബെഡ്ഡുകളിലെ കുഞ്ഞുങ്ങൾ രോഗ പീഢയാൽ പുളയുന്നതും, കയ്യിൽ കാശില്ലാത്തതിനാൽ മാത്രം കൂട്ടിരുപ്പുകാർ ഭക്ഷണമില്ലാതെ നെടുവീർപ്പിടുന്നതും, കാൻസർ ബാധിച്ച കുട്ടിയെ  വാർഡിൽ തനിച്ചാക്കി വൈകുന്നേരത്തെ അന്നത്തിന് പണിതേടിപ്പോകുന്ന മാതാപിതാക്കൾ ഇവ ഷീബയുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയെങ്കിലും പതറിയില്ല.

തൃശൂർ പെയിൻ ആന്റ് പാലിയേറ്റിവ് കെയറിൽ എത്തി സാന്ത്വനപരിചരണത്തിന്റെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കി. കാൻസർ, ഓട്ടിസം, സെറിബ്രൽ പാൾസി, വൃക്കരോഗങ്ങൾ, തുടങ്ങി ജീവിതം പരിമിതപെടുത്തുന്ന രോഗങ്ങൾ ബാധിച്ചവരുടെ സാന്ത്വനത്തിനു എന്തൊക്കെ ചെയ്യാനാകും എന്ന് പഠിച്ചു.

പ്രതിഫലേച്ഛയില്ലാത്ത കർമ്മോൽസുകാരായ വോളന്റിയർമാരാണ് ഇന്ന് ഷീബ അമീറിനോടൊപ്പം സൊലസിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ജീവിതം പരിമിതപെടുത്തുന്ന രോഗങ്ങളാൽ അവശതയനുഭവിക്കുന്ന കുട്ടികൾക്ക് സാമൂഹികവും സാമ്പത്തികവും ധാർമികവുമായ പിന്തുണ നൽകുകയാണ് സംഘടനയുടെ ദൗത്യം.

അമേരിക്കയിൽ ഡാലസ്, സാൻഫ്രാൻസിസ്കോ,  ന്യുയോർക്ക്, വാഷിങ്ങ്ടൺ ഡി സി, താമ്പാ, ബോസ്റ്റൺ, ന്യൂ ജേഴ്സി, മെംഫിസ്, കാലിഫോർണിയ തുടങ്ങിയ സ്ഥലങ്ങളിൽ സംഘടനയുടെ ചാപ്റ്ററുകൾ ആരംഭിക്കുവാൻ സാധിച്ചത് സൊലസിന്റെ പ്രവർത്തനങ്ങളെ വിദേശ മലയാളികൾ രണ്ടുകൈയും നീട്ടി സ്വീകരിച്ചു എന്നതിന് വലിയ തെളിവാണ്.

മദർ തെരേസ അവാർഡ്, സോഷ്യൽ ആക്ടിവിസ്റ്റിനുള്ള ഫെഡറൽ ബാങ്ക് അവാർഡ്, സി.എൻ.എൻ – ഐ.ബി.എൻ റിയൽ ഹീറോ അവാർഡ് തുടങ്ങി അനേക അവാർഡുകൾ ഷീബ അമീറിനെ തേടി എത്തിയത് സംഘടനയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്.

മുതിർന്ന മാധ്യമപ്രവർത്തകൻ പി.പി ചെറിയാൻ, ഷാജി രാമപുരം എന്നിവർ മാധ്യമങ്ങൾക്ക് വേണ്ടി നടത്തിയ അഭിമുഖത്തിൽ ഷീബ അമീർ ദൃഢനിശ്ച്ചയത്തോടെ പറയുകയാണ് ആഗ്രഹങ്ങൾക്ക് ചിറകുകൾ ഉണ്ടാകണമെങ്കിലും വിലക്ക് വേണം. സ്വപ്നങ്ങൾക്ക് പോലും പരിധി വയ്ക്കണം. വേദനിക്കുന്ന കുഞ്ഞുങ്ങളുടെ രോദനങ്ങൾ നിലക്കും വരെ ഞാൻ കാവലാളാകും.22

കൂടുതൽ വിവരങ്ങൾക്ക് : www.solacecharities.org

Share This:

Comments

comments