സുൽത്താന്റെ ഉപദേശം. (കഥ)

0
226

ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.

ആഹ്ലാദം കൊണ്ട് ഞാൻ എന്നെ തന്നെ മറന്ന നിമിഷം. എത്രയോ നാളായി കാണാൻ ആഗ്രഹിച്ച എന്റെ മനസ്സിലെ ഗോഡ് ഫാദെർ. മങ്ങോസ്റ്റ് മരത്തിന്റെ താഴെയുള്ള ചാരുകസേരയിൽ അദ്ധേഹം കിടക്കുകയാണ്. ചുറ്റും കുറച്ചാളുകൾ നിൽക്കുകയും കസേരയിൽ ഇരിക്കുന്നുമുണ്ട്. എന്നെ കണ്ടപ്പോൾ അവരുമായി സംസാരിച്ചിരുന്നത് നിറുത്തി എന്നോട് പറഞ്ഞു.. ഇരിക്കൂ. മടിച്ചു മടിച്ചു ഞാനിരുന്നു. അദ്ധേഹത്തോട് അത്രയധികം ബഹുമാനം.

‘എവിടെ നിന്ന് വരുന്നു?’ അദ്ധേഹത്തിന്റെ ചോദ്യം.

ഞാൻ തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്നാണ് എന്ന മറുപടി കൊടുത്തപ്പോൾ അദ്ദേഹം ചോദ്യം ആവർത്തിച്ചു ‘എന്താണ് മോന്റെ പേര്?’

‘ഷെരീഫ്… സ്വന്തക്കാര് ശെറഫൂ എന്ന് വിളിക്കും’ ഞാൻ മറുപടി കൊടുത്തു.

‘ഞാൻ മോനെ ശെറഫൂ എന്ന് വിളിക്കാം’ എന്തോ ഒരാൽമബന്ധം ഉള്ളത് പോലെ അദ്ദേഹം പറഞ്ഞു.

അദ്ധേഹത്തിന്റെ വാക്ക് കേട്ടപ്പോൾ മനസ്സിലൊരു സന്തോഷം.

കുറച്ചു കഴിഞ്ഞപ്പോൾ വളരെയധികം സാഹിത്യകാരന്മാർ വന്ന് അദ്ധേഹത്തോട് പലതും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അതിനിടയിൽ അദ്ദേഹം അപ്പോൾ വന്ന ഒരാളോട് എന്നെ പരിചയപ്പെടുത്തി. ‘വാസുദേവൻ നായർ ഇത് ശെറഫു ആണ്. തൃപ്രയാർ ആണ് വീട്’

‘അപ്പോൾ കുഞ്ഞുണ്ണി മാഷെ നാട്ടുകാരനാണല്ലേ?’ വാസുദേവൻ‌ നായർ എന്നോട് ചോദിച്ചു.

‘അതെ വളരെ അടുത്ത നാട്ടുകാരനും എന്റെ പരിചയക്കാരനുമാണ്. അല്ല, ഞാൻ ഒരു കാര്യം പറയട്ടെ. തെറ്റാണെങ്കിൽ ക്ഷമിക്കണം. എന്റെ വീക്ഷണത്തിൽ കുഞ്ഞുണ്ണി മാഷിന്റെ വാക്കുകൾക്ക് കുഞ്ഞുണ്ണി കവിതകൾ എന്ന് പറയാതെ കുഞ്ഞുണ്ണി മാഷുടെ മഹത്വചനങ്ങൾ എന്ന് പറയാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ശേരിയല്ലേ?’ ഞാൻ പറഞ്ഞു.

‘ശറഫു പറഞ്ഞതിൽ കാര്യമുണ്ട്’ എന്ന് സുൽത്താൻ പറഞ്ഞപ്പോൾ അവിടെ കൂടിയവർ തലകുലുക്കി സമ്മതിച്ചു.

‘ഞാൻ വന്നത് സുൽത്താനെ കാണാനും ഞാൻ പുതിയതായി എഴുതിയ സുൽത്താന്റെ ഉപദേശം എന്ന കഥയുടെ അഭിപ്രായം അറിയാനുമാണ്’

ഞാൻ എന്റെ പുതിയ കഥയെടുത്ത് അദ്ധേഹത്തിന്റെ കയ്യിൽ കൊടുത്തു. അദ്ദേഹം അത് വായിച്ചു കഴിഞ്ഞു വാസുദേവൻ‌ നായരുടെ കയ്യിൽ കൊടുത്തു. ആ സമയത്താണ് വേറെ ഒരാൾ കടന്ന്‌ വന്നത്. ആ വന്ന ആളെ സുൽത്താൻ ക്ഷണിച്ചിരുത്തി.

‘ഇരിക്കൂ പിള്ളേ, കുറേ നാളായല്ലോ കണ്ടിട്ട്?’

ശറഫൂന്റെ കഥ വായിച്ചു കഴിഞ്ഞു എങ്കിൽ പിള്ളയ്ക്ക് കൊടുക്കൂ എന്ന സുൽത്താന്റെ വാക്ക് കേട്ടപ്പോൾ വാസുദേവൻ‌ നായർ അത് ചെയ്തു.

‘ശറഫു എത്ര നാളായി എഴുത്ത് തുടങ്ങിയിട്ട്?’ പിള്ള എന്നോട് ചോദിച്ചു.

‘പത്താം ക്ലാസിലും കോളേജിലും പഠിക്കുമ്പോൾ കയ്യെഴുത്ത് മാസികയിൽ എഴുതാറുണ്ട്. പിന്നെ, ഗൾഫിൽ പോയതിന് ശേഷം കുങ്കുമം മലയാള നാട് തുടങ്ങിയ മാസികയിൽ എഴുതിയിട്ടുണ്ട്. എന്റെ കഥകളിലൂടെ എന്തെങ്കിലും സന്ദേശം കൊടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. പിന്നെ എന്റെ എല്ലാ കഥകളുടെയും പേരിന്റെ അവസാനം അം എന്നായിരിക്കും’ ഞാനെന്റെ നയം വ്യക്തമാക്കി.

വീണ്ടും അവർ ആവശ്യപ്പെട്ട പ്രകാരം എന്റെ കയ്യിലുണ്ടായിരുന്ന ഒന്ന് രണ്ടു കഥകൾ അവർക്ക് കൊടുത്തു.

അതെല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ആരോ പറഞ്ഞു… ‘ഇതിലൊരു ഷെരീഫുക്ക ടച്ച് ഉണ്ടല്ലോ?’

‘ശറഫു, കഥകളുടെ അവസാനം അം എന്ന് പറഞ്ഞല്ലോ? അപ്പോൾ കഥ തുടങ്ങുന്നതും അ എന്നോ ആ എന്നോ ആക്കുക’ പിള്ള പറഞ്ഞു.

‘നമ്മൾ എഴുതുന്ന കഥകൾ എഴുത്തുകാരായ നമ്മൾ നന്നായെന്നെ പറയൂ. പാടില്ല, പകരം വായനക്കാരായ നമ്മൾ തന്നെ അത് വായിച്ചു നോക്കുക. വായനക്കാരായ നമ്മൾക്ക് ഇഷ്ടപ്പെട്ടാൽ മാത്രം പ്രസിദ്ധീകരിക്കുക. വായനക്കാർ വായിക്കുന്നതിന് മുമ്പ് തന്നെ നന്നായെന്നോ മോശമായെന്നോ ഒക്കെ പറഞ്ഞെന്നിരിക്കും. നന്നായി എന്ന് കേൾക്കുമ്പോൾ അഹങ്കരിക്കരുത്… മോശമായി എന്ന് കേൾക്കുമ്പോൾ വിഷമിക്കരുത്. കഥയുടെ കൂമ്പടയാതെ നോക്കുക. ഇടയ്ക്കിടെ എഴുതുക.. നമ്മുടെ ചുറ്റും കാണുന്ന കാര്യങ്ങൾ നോക്കിയാൽ തന്നെ കഥയ്ക്കുള്ള ത്രെഡ് കിട്ടും’ സുൽത്താൻ ഒരു പാട് ഉപദേശങ്ങൾ തന്നു.

എനിക്ക് വളരെ സന്തോഷം തോന്നി.

‘ഞാനെഴുതുന്ന കഥകളുടെ മുസ്ലിം പേരുകൾ മാറ്റി മറ്റു മതക്കാരുടെ പേരുകൾ ഇട്ടാലും കഥയ്ക്ക് ഒരു വ്യത്യാസവും ഉണ്ടാവില്ല. മാത്രമല്ല,കഥയെഴുത്തുകാരൻ എന്ന വിശേഷണത്തിൽ അറിയുന്നതിനേക്കാൾ പ്രവാസികളുടെ വേദനകൾ കുത്തിക്കുറിക്കുന്നവൻ എന്ന് കേൾക്കാനാണ്‌ എനിക്കിഷ്ട്ടം’. ഞാനെന്റെ ആഗ്രഹം പറഞ്ഞു.

‘ബെപ്പൂരെത്തി ഇക്ക’ അടുത്തിരുന്ന എന്റെ ഭാര്യ പറഞ്ഞപ്പോഴാണ് ഇത്ര നേരം ഞാൻ ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു എന്ന് മനസ്സിലായത്. സ്വന്തം വണ്ടി ഓടിക്കുമ്പോൾ ഉറങ്ങാത്ത ഇക്ക ബസ്സിൽ കയറിയത് മുതൽ ഉറങ്ങുകയായിരുന്നു.

എന്റെ ഗോഡ് ഫാദെറായ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ്‌ ബഷീർ എവിടെ, വാസുദേവൻ‌ നായർ എന്ന MT എവിടെ, പിള്ളയായ തകഴി എവിടെ… എല്ലാം ഒരു പകൽസ്വപ്നം എന്ന് കരുതാൻ കഴിയുന്നില്ല. ഞാൻ സുൽത്താന്റെ മണ്ണിൽ കാലു കുത്തി. ഭാര്യക്ക് കൈ വേദനക്ക് ചികിത്സിക്കാൻ ബേപ്പൂരുള്ള മർമാണി ഗുരുക്കളുടെ അടുത്ത് വന്നതാണ് ഞാൻ.

ആ ബേപ്പൂരെ കാറ്റിന് പോലും സുൽത്താന്റെ സാഹിത്യം ഉള്ളതായി തോന്നി. സുൽത്താന്റെ പാത്തുമ്മയുടെ ആട് അവിടെയൊക്കെ ഉള്ളതായി എനിക്ക് തോന്നി. അപ്പോഴാണ്‌ ഞാൻ ഭാര്യയുടെ നെറ്റി മുഴച്ചിരിക്കുന്നതായി കണ്ടത്. ‘ഇതെന്ത് പറ്റി?’ ഞാൻ ചോദിച്ചതിന് അവൾ മറുപടി പറഞ്ഞില്ല. അവളും യാത്ര തുടങ്ങിയ മുതൽ ഉറങ്ങുകയായിരുന്നു എന്നും ബ്രൈക് ഇട്ടപ്പോൾ മുന്നിലെ സീറ്റിൽ ഇടിച്ചതാണെന്നും മനസ്സിലായി.

‘സൂശിച്ചു എറങ്ങിക്കൊളീ. പുറത്ത് മയ പെയ്യുന്നുണ്ട്. വീയാതെ നോക്കണം’. കണ്ടക്ടർ പറഞ്ഞത് ശെരിയാണ്. പുറത്ത് കുറേശ്ശെ മഴ പെയ്യുന്നുണ്ട്. ഞങ്ങൾ വീഴാതെ ഇറങ്ങി.

————————————–

മേമ്പൊടി:

ബേപ്പൂർ സുൽത്താൻ (വൈക്കം മുഹമ്മദ്‌ ബഷീർ) തരുമായിരുന്ന ഈ ഉപദേശം ഞാൻ എല്ലാ പുതിയ എഴുത്തുകാർക്കും നൽകുന്നു.

Share This:

Comments

comments