ഐ സി യു.(ചെറുകഥ)

ഐ സി യു.(ചെറുകഥ)

0
239
dir="auto">
മച്ചാടൻ.(Street Light fb Group)
“പച്ചവെള്ളത്തിൽ പൊടിയും പഞ്ചാരയും ഇട്ടിങ്ങു വരും, നിനക്കിതൊന്നു തിളപ്പിച്ചാൽ എന്താ കുഴപ്പം?
അത്യാവശ്യം ചൂടോടെ തന്നെയാണല്ലോ താൻ കൊടുത്തത്
അത് പറഞ്ഞാൽ കലി കൂടുകയേ ഉള്ളൂ.
ഒന്നും മിണ്ടാതെ ചായ വാങ്ങി ഒന്നുകൂടി ചൂടാക്കി
” ഹോ ചൂടാക്കാൻ പറഞ്ഞതിന് വാ പൊള്ളിക്കണോ”
എന്ത് ചെയ്താലും കുറ്റം
ചെയ്തില്ലെങ്കിലും കുറ്റം.
കതിർമണ്ഡപത്തിലെ കൈപിടിക്കുന്നതിൽ
തന്നെയുണ്ടായിരുന്നു ഒരു ധാർഷ്ട്യം
അതിന്നും തുടരുന്നു.
മക്കൾ പലപ്പോഴും ചോദിക്കാറുണ്ട്
“എങ്ങിനെ സഹിക്കുന്നു അമ്മേ”
താനും ചോദിച്ചിട്ടുണ്ട്.
ഉത്തരം കിട്ടിയില്ലിതുവരെ.
അല്ലെങ്കിൽ തന്നെ ഉത്തരമില്ലാത്ത
പ്രയാണമല്ലേ ജീവിതം.
കാണുന്നവർക്കു മുന്നിൽ
ഒന്നിനും കുറവില്ലാത്ത ജീവിതം.
“പാർവതി ഉണ്ടോ”
ഐ സി യുവിന്റെ വാതിൽ തുറന്ന
നേഴ്‌സിന്റെ ചോദ്യമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്.
സന്ദർശക സമയമാണ്.
അതും വേണ്ടപ്പെട്ട ഒരാൾക്ക് മാത്രം.
പതിയെ അകത്തേക്ക് നടന്നു.
തളർന്നു കിടക്കുന്ന ആ രൂപം.
എന്റെ മനു
നിന്നെ എനിക്കിങ്ങനെ
കാണാനല്ല ഇഷ്ടം..
എന്റെ ആ പഴയ ധാർഷ്ട്യക്കാരനായി….
ഉള്ളൊന്നു തേങ്ങി..
കനം വിങ്ങിയ ചുണ്ടിൽ
സാരിത്തലപ്പ് തിരുകി.
“പാറു എനിക്ക് വീട്ടിൽ പോകണം ,
ഡിസ്ചാർജ് എഴുതി വാങ്ങിക്കൂ..”
പാറു ഈ വിളി
ഒന്നോ രണ്ടോ തവണ മാത്രം കേട്ടിരിക്കുന്ന
ഈ വിളി…
ഉള്ളൊന്നു പിടഞ്ഞു.
“അതിപ്പോ ഈ അവസ്ഥയില്……..”
“ഒന്നും പറയേണ്ട, ഞാൻ പറഞ്ഞത് കേട്ടാൽ മതി”.
പണ്ടേ അനുസരിപ്പിച്ചിട്ടേയുള്ളൂ ശീലം.
അതിനുമാത്രം ഒരു കോട്ടവും വന്നിട്ടില്ല.
” മേഡം എന്താണ് പറയുന്നത്?
അദ്ദേഹത്തിന്റെ ഈ അവസ്ഥയിൽ ഞങ്ങൾ ഇതനുവദിക്കില്ല. ഇന്നുകൂടി
കഴിഞ്ഞാൽ വെന്റിലേറ്ററിൽ ആക്കേണ്ട
സ്ഥിതിയാണ് “
ഡോക്ടർ രോഷാകുലനായി ശബ്ദിച്ചു.
” വെന്റിലേറ്റർ…..
അപ്പോൾ……..
നിങ്ങൾക്കു ഉറപ്പുതരാൻ കഴിയുമോ
ഡോക്ടർ ഈ ചികിത്സ കൊണ്ടു അദ്ദേഹം സുഖപ്പെടുമെന്ന്? “
” ആദ്യമേ പറഞ്ഞതാണല്ലോ
ചികിത്സയുടെ എല്ലാ ഘട്ടവും കഴിഞ്ഞെന്ന്,
ഇനി പറ്റാവുന്നത്ര ജീവൻ പിടിച്ചു നിർത്താനാണ് ഞങ്ങളുടെ ശ്രമം”
“എങ്കിൽ ഡോക്ടർ…
അദ്ദേഹത്തിന്റെ ഇഷ്ടം നടക്കട്ടെ..
നിങ്ങൾക്കാവശ്യമുള്ള എന്ത് സമ്മതപത്രവും ഞാൻ ഒപ്പിട്ടു തന്നേക്കാം “
പാർവതിയുടെ ശബ്ദം ഉറച്ചതായിരുന്നു.
” ഐ സി യു,
കണ്ണടയാൻ നേരം കാണേണ്ടവരെ
കാണാതിരിക്കാനുള്ള വിശേഷമുറി.
എനിക്കറിയാം എന്റെ സമയം.
അതിന് മുൻപ്‌ എനിക്ക് നിന്നോട് കുറെ പറയണം. ഇതുവരെ പറയാൻ മടിച്ച കാര്യങ്ങൾ”
” ഡോക്ടർ അധികം സംസാരിക്കരുതെന്നു പറഞ്ഞിട്ടില്ലേ, ഒന്നും ചിന്തിക്കേണ്ട.
മക്കൾ സ്‌കൂൾ വിട്ടു വരട്ടെ.
അതുവരെ ഉറങ്ങിക്കോളൂ  “
സ്‌നേഹപൂർണമായ ശാസനയിൽ അവളയാളുടെ ശിരസിൽ തഴുകി.
” സ്നേഹം എന്തെന്ന് നീ അറിഞ്ഞിട്ടില്ല,
തരാൻ ഞാനൊട്ടു ശ്രമിച്ചിട്ടുമില്ല.
അത് പ്രകടിപ്പിച്ചാൽ പിന്നെ ഞാനില്ല എന്ന
ഭാവം നയിച്ചൊരു മൂഢനായിരുന്നു.
എനിക്കറിയാമായിരുന്നു നീ..
മക്കൾ എല്ലാം എന്റെ സ്‌നേഹപൂർണമായ വാക്കുകൾ കാംക്ഷിച്ചിരുന്നു എന്ന്.
പലപ്പോഴും ഞാനതിനു തുനിഞ്ഞിരുന്നതുമാണ്.
പക്ഷെ എന്നും എന്നെ പിറകോട്ടു വലിച്ചിരുന്നു എന്റെ ദുരഭിമാനം…
എന്റെ ഓരോ നിമിഷത്തിലും നീയായിരുന്നു..
മക്കളായിരുന്നു…
അവരുടെ ഭാവിയായിരുന്നു…
എന്നിട്ടും ഞാൻ….. “
അയാളുടെ  ശബ്ദത്തിനു
കുറ്റബോധത്തിന്റെ..
ക്ഷമാപണത്തിന്റെ
ഇടർച്ചയുണ്ടായിരുന്നു…
” എന്തിനാ ഇപ്പോൾ ഇതൊക്കെ പറയുന്നത്?
എനിക്കറിയാം എന്റെ മനു
നല്ലവനാണെന്നു… “
കണ്ണീരണിഞ്ഞ മുഖവുമായി അവൾ അയാളിൽ മുഖമമർത്തി.
ഒഴുകിയിറങ്ങിയ കണ്ണുനീർതുള്ളികളിൽ
പകർന്നുനൽകാൻ
മടിച്ച സ്നേഹത്തിന്റെ
ഹൃദയതാളം നിലക്കുന്നതവൾ
കണ്ണീരിലും വിഹ്വലതയോടെ അറിഞ്ഞു.

Share This:

Comments

comments