ആരോഹണം അവരോഹണം. (കഥ)

ആരോഹണം അവരോഹണം. (കഥ)

0
233

ഷെരീഫ് ഇബ്രാഹിംദാറുസ്സലാംതൃപ്രയാർ.

അന്നത്തിന്നായി തട്ടുകടയിൽ ചായക്കച്ചവടം നടത്തുകയാണ് കരീംക്ക. കരീംക്കാടെ മകൻ ലത്തീഫ് ഗൾഫിൽ നിന്നും വന്ന വാർത്ത നാട്ടിൽ കാട്ടൂതീ പോലെ പരന്നു. ഗൾഫിൽ നിന്നും വന്നത് അത്രവലിയ വാർത്തയാണോയെന്ന് നമുക്ക് തോന്നാം. പക്ഷെ സത്യത്തിൽ അതൊരു വലിയ വാർത്തയാണ്. കാരണം, വീട്ടിൽ അനുസരണക്കേട്‌ കാട്ടിയതിന്റെ പേരിൽ പതിനെട്ട് വർഷം മുമ്പ് പന്ത്രണ്ടാം വയസ്സിൽ എങ്ങോട്ടോ പോയതാണ് ലത്തീഫ്. പിന്നെ ഇപ്പോൾ നാട്ടിൽ തിരിച്ചെത്തുന്നത്‌വരെ ലത്തീഫ് ജീവിച്ചിരിക്കുന്നുണ്ടോ എന്താണ് സംഭവിച്ചതെന്നോ ആർക്കും ഒന്നും അറിയില്ലായിരുന്നു.

ജനങ്ങളുടെ പ്രവാഹമായിരുന്നു, കരീംക്കാടെ വീട്ടിലേക്ക്. ഇതിനിടെ ലത്തീഫ് ശെരിയായ ലത്തീഫ് അല്ലെന്നും നാട്ടിൽ ഒരു വാർത്ത പരന്നു. പക്ഷെ ആ വാർത്തക്ക് ആയുസ്സ് കുറവായിരുന്നു.

മകൻ വന്നു കുറച്ചു നേരം സംസാരിച്ച് കഴിഞ്ഞ് സാധാരണപോലെ പ്രഭാതനമസ്കാരം കഴിച്ചു പെട്ടിക്കട തുറക്കാൻ കരീംക്ക പോയി.

നാട്ടുകാരെയും ചില ബന്ധക്കാരെയും ലത്തീഫിന്ന് പരിജയപ്പെടുത്തി കൊടുക്കേണ്ട ചുമതല 30 വയസ്സായിട്ടും ഒരു ജോലിയും ചെയ്യാത്ത ലത്തീഫിന്റെ എളാപ്പാടെ മകൻ മസൂദ് സ്വയം അങ്ങേറ്റെടുത്തു. ലത്തീഫിനും അത് സന്തോഷമായിരുന്നു.

‘മസൂദേ, നമുക്ക് ഒന്ന് പുറത്തു പോയാലോ?’ ജനങ്ങളുടെ തിരക്ക് കുറഞ്ഞപ്പോൾ ലത്തീഫ് ചോദിച്ചു.

‘മോനെ വല്ലതും കഴിച്ചിട്ട് പോകാം’ ഉമ്മാടെ വാക്ക് കേട്ടപ്പോൾ പോയിട്ട് വരാം എന്ന് മാത്രം മറുപടി കൊടുത്തു ലത്തീഫ്.

ലത്തീഫും മസൂദും കൂടെ നാട്ടിലെ വായനശാലയിലേക്ക് പോയി. വഴിയിൽ പലരും വരുന്നുണ്ടായിരുന്നു.

വഴിയിൽ വെച്ച് പള്ളിപ്രസിഡണ്ട്‌ മസൂദിനോട് ചോദിച്ചു ‘ഇതാരാ, മസൂദെ?’

‘ഇത് എന്റെ മൂത്താപ്പാടെ മകൻ ലത്തീഫ്’ മസൂദ് പറഞ്ഞപ്പോൾ ലത്തീഫ് ഉടനെ തിരുത്തി ‘ലത്തീഫ് ഹാജി’

ലൈബ്രറിയിൽ ഒരു പാട് ആളുകൾ ലത്തീഫിന്റെ അടുത്ത് ചെന്ന് പരിജയപ്പെട്ടു. അതിൽ ഒരാൾ ബ്രോക്കർ ആയിരുന്നു.

‘എനിക്ക് കുറച്ചധികം സ്ഥലങ്ങൾ വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. ഒരു മൂന്നോ നാലോ കോടി രൂപ വരെ ഇറക്കാൻ ഞാൻ തയ്യാറാണ്’ ലത്തീഫിന്റെ വാക്കുകൾ കേട്ടപ്പോൾ ബ്രോക്കർ വിശ്വൻ വായിച്ചിരുന്ന പത്രം മേശപ്പുറത്തേക്കിട്ട് ഒരു നിമിഷം നിശബ്ദനായി.

പരിസരബോധം വന്നപ്പോൾ വിശ്വൻ ലത്തീഫിന്റെ അടുത്തേക്കിരുന്നു. എന്നിട്ട് ചോദിച്ചു ‘സാറിന്റെ പേര് ലത്തീഫ് എന്നല്ലേ?’

അത് കേട്ടപ്പോൾ മസൂദാണ് തിരുത്തികൊടുത്തത് ‘ലത്തീഫ് എന്നല്ല ലത്തീഫ് ഹാജി എന്നാണ് പറയേണ്ടത്’

‘ലത്തീഫ് ഹാജി സാറേ, എന്റെ കയ്യിൽ കണ്ണായ സ്ഥലത്ത് കുറച്ചു കെട്ടിടങ്ങളും സ്ഥലങ്ങളും ഉണ്ട്. നമുക്ക് എന്നാണു പോകാൻ കഴിയുക?’

‘എന്തായാലും രണ്ട് ദിവസം കഴിയട്ടെ, ഇനി മസൂദുമായി ബന്ധപ്പെട്ടാൽ മതി’ ബ്രോക്കർക്ക് ഒരു അഞ്ഞൂറ് രൂപ കൊടുക്കാൻ മസൂദിനോട് പറഞ്ഞു. ലത്തീഫ് ഏൽപ്പിച്ചിരുന്ന പൈസയിൽ നിന്നും അഞ്ഞൂറ് രൂപ കൊടുത്തു. കണ്ടു നിന്നവർക്കും വിശ്വനും അത്ഭുദം.

ആളുകളുമായി പരിചയപ്പെട്ട് ലത്തീഫും മസൂദും നടന്ന് വീട്ടിലെത്തി.

ലത്തീഫിനെ കാണാനായി ഒരു പാട് ആളുകൾ വീട്ടിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ലത്തീഫ് വരുന്നത് കണ്ടപ്പോൾ എല്ലാവരും ഭക്ത്യാദരവോടെ എഴുനേറ്റു. ഓടിട്ട പഴയ ഒരു വീടാണെങ്കിലും അതിന്റെ മുമ്പിൽ പലതരത്തിലുള്ള കാറുകൾ കിടക്കുന്നത് കണ്ടപ്പോൾ ഒരു പുതിയ കാർ വാങ്ങണമെന്ന് ലത്തീഫിന്ന് തോന്നി. വിവരം ഉടനെ മസൂദിനോട്‌ പറഞ്ഞു.

മസൂദ് മെഴ്സിടസ് ബെൻസ്‌ കാർ കമ്പനിയിൽ വിളിച്ചു വിവരം പറഞ്ഞു.

ഉച്ചയായപ്പോൾ കരീംക്ക വീട്ടിലെത്തി. ഇനി ഉച്ചക്ക് ഭക്ഷണം കഴിച്ച് ഒന്ന് മയങ്ങണം. ഗൾഫിൽ നിന്നും വന്നതിന്ന് ശേഷം അതൊരു ശീലമായി. വീട്ടിലും പുറത്തും നിറയെ ആളുകളെ കണ്ടപ്പോൾ ലത്തീഫ് ഇപ്പോൾ ഭക്ഷണം കഴിക്കില്ലെന്ന് മനസ്സിലായി. കരീംക്ക ഭക്ഷണം കഴിച്ച് കിടന്നു.

‘മസൂദേ, കുറച്ചു കുട്ടികൾ പുറത്ത് നിൽക്കുന്നുണ്ടല്ലോ, ഒന്ന് വിളിച്ചേ’ മസൂദിനോട് പറഞ്ഞു.

അവർ കുറച്ച് ഭയത്തോടെ ലത്തീഫിന്റെ അടുത്ത് ചെന്നു. എന്തിനാ വന്നതെന്ന് മസൂദ് ചോദിച്ചപ്പോൾ മദ്രസയുടെ ഉദ്ഘാടനത്തിന്ന് കലാപരിപാടികൾ ഉണ്ടെന്നും അതിനു സംഭാവന വാങ്ങാൻ വന്നതാണെന്നും അവർ പറഞ്ഞു. ‘മക്കളെ അതൊക്കെ തെറ്റാണ്’ എന്ന് മസൂദ് പറഞ്ഞു. ലത്തീഫ് മസൂദിനോട് അവർക്ക് ആയിരം രൂപ കൊടുക്കാൻ പറഞ്ഞു. ‘മക്കളെ, കല ഇസ്ലാമിൽ തെറ്റില്ല. പക്ഷെ കലാഭാസം ആവരുതെന്ന്’മാത്രം’ എന്ന് ആ കുട്ടികളോട് ഉപദേശിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ടയ്യും കോട്ടുമൊക്കെയിട്ട രണ്ടു പേര് വന്നു. വന്നവർ നീട്ടിവലിച്ചൊരു ഗുഡ് ആഫ്റ്റർനൂണ്‍ കാച്ചി. ലത്തീഫ് പ്രത്യഭിവാദ്യം ചെയ്തു.

അവർ കൊണ്ട് വന്ന ലാപ്‌ ടോപ്‌ തുറന്ന് ലത്തീഫിനോട് കുറെ കാര്യങ്ങൾ പറഞ്ഞു.

‘സാർ, സാറിന്ന് ഒരു ഗുണമുള്ള കാര്യവുമായിട്ടാണ് ഞങ്ങൾ വന്നിട്ടുള്ളത്’ ഒന്ന് നിറുത്തി അദ്ദേഹം തുടർന്ന് ‘ഞങ്ങൾ ECECE ബാങ്കിൽ ബാങ്കിൽ നിന്നാണ്. ഇപ്പോൾ സാർ കുറച്ച് പണം ഞങ്ങളുടെ ബാങ്കിൽ നിക്ഷേപിക്കുക. ആറു വർഷത്തേക്ക് വർഷം തോറും അതേ സംഖ്യ വീണ്ടും നിക്ഷേപിക്കുക. അത് ഞങ്ങൾ സാറിന്ന് വേണ്ടി പല കമ്പനിയിലും ഷെയർ ചേരും. അങ്ങിനെ സാറിന്നു ഒരു പാട് ലാഭങ്ങൾ ലഭിക്കും. ഞങ്ങൾ സാറിന്ന് മാത്രം ഒരു പ്രത്യേക സ്കീം കൊണ്ട് വന്നിട്ടുണ്ട്.’

പിന്നെയും അവർ ഒരു പാട് സാർ എന്ന് വിളിക്കുകയും മറ്റും ചെയ്തു. ലത്തീഫ് ആ സാർ വിളിയിൽ വീണു. അഞ്ചുലക്ഷത്തിന്റെ ഷെയർ ചേർന്നു. അവർ താങ്ക്സ് പറഞ്ഞു പോയി.

ബുക്ക്‌ ചെയ്തവരിൽ നിന്നും കൂടുതൽ പൈസ കൊടുത്ത് ഒരു പുതിയ ബെൻസ്‌ കാർ വാങ്ങി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ കാർ കൊണ്ടുവന്നു. ആ കാർ വീടിന്റെ മുന്നിലിട്ടപ്പോൾ വീടിന്നു പോലും ഭംഗിയായി.

ഉച്ചകഴിഞ്ഞ് തട്ട്കടയിലേക്ക് സൈക്കിളിൽ പോകാൻ ഉപ്പ തുടങ്ങിയപ്പോൾ കാറിൽ കൊണ്ട് വിടാമെന്ന് ലത്തീഫ് പറഞ്ഞെങ്കിലും ഉപ്പ സ്നേഹത്തോടെ അത് നിരസിച്ചു കൊണ്ട് പറഞ്ഞു ‘വേണ്ട എനിക്ക് സൈക്കിളിൽ പോകുന്നതാണ് സുഖം’.

ലത്തീഫ് പിന്നെ നിർബന്ധിച്ചില്ല.

ബ്രോക്കർ വിശ്വൻ വന്നു. ‘ലത്തീഫ് ഹാജി സാറേ, ഞാനൊരു കോളും കൊണ്ടാണ് വന്നിട്ടുള്ളത്. കോടമാതൂർ എന്ന സ്ഥലത്ത് ഒരു മൂന്ന് ഏക്കർ വസ്തുവുണ്ട്. അതിന്ന് ഒരു മൂന്നു കോടി രൂപയെ വരൂ. ഇപ്പോൾ വാങ്ങി ഒരു മാസം കഴിഞ്ഞു വിറ്റാൽ ഇരട്ടി വില കിട്ടും.’

എന്നാൽ അവർക്ക് ഇപ്പോൾ വിൽക്കാതെ ഒരു മാസം കഴിഞ്ഞ് വിറ്റാൽ പോരെ എന്ന് ചോദിച്ചില്ല. പകരം സ്ഥലം കാണാതെ തന്നെ രണ്ടു ലക്ഷം രൂപ അഡ്വാൻസ്‌ കൊടുത്തു.

‘വൈകീട്ട് വിശ്വൻ വായനശാലയിൽ കാണുമല്ലോ? നമുക്കവിടെ കാണാം’ ലത്തീഫിന്റെ വാക്ക് കേട്ട് കിട്ടിയ രണ്ട് ലക്ഷം രൂപയുമായി വിശ്വൻ പോയി.

‘നമുക്ക് വായനശാലയിലേക്ക് പോകാം’ മസൂദിനോട് ലത്തീഫ് പറഞ്ഞു. കാറിൽ പോകും എന്ന് കരുതി മസൂദ് കാറിന്നടുത്ത് ചെന്നു. പക്ഷെ നടന്നു പോകാം എന്ന് ലത്തീഫ് പറഞ്ഞതനുസരിച്ച് രണ്ടു പേരും കൂടെ വായനശാലയിലേക്ക് നടന്നു.

വായനശാലയിൽ പതിവിൽകവിഞ്ഞ ആളുകൾ ഉണ്ടായിരുന്നു.

ലത്തീഫിനെ കണ്ടപ്പോൾ എല്ലാവരും ഭക്ത്യാദരവോടെ എഴുനേറ്റു.

ലത്തീഫ് മുതലാളിയോട് അടുത്ത ആളായി മാറിയ വിശ്വനോട് ചിലർക്ക് അസൂയ, മറ്റു ചിലർക്ക് ആരാധന.

‘വിശ്വൻ എനിക്ക് രണ്ടോ മൂന്നോ പെട്രോൾ പമ്പ്‌ വാങ്ങണമെന്നുണ്ട്. അത് കൂടാതെ പെർമിറ്റുള്ള നാലോ അഞ്ചോ ബസ്സും’.

അതും വിശ്വൻ ഏറ്റു.

ലത്തീഫും മസൂദും എവിടെ പോകുകയാണെങ്കിലും ഒന്നുകിൽ നടന്നോ അല്ലെങ്കിൽ മറ്റു വാഹനങ്ങളിൽ പോകുകയോ ആണ് പതിവ്. ഒരിക്കലും സ്വന്തം കാറിൽ പോയിട്ടില്ല.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം ലത്തീഫ് ഉപ്പാട് ചോദിച്ചു ‘ഉപ്പാ, നമുക്കീ വീടൊന്ന് പൊളിച്ചു ടെറസ് ആക്കി വലുതാക്കി പണിയാം’

‘അത് വേണ്ട മോനെ, ഞാൻ മരിക്കുന്നത് വരെ ഈ വീട് ഇത് പോലെ നിന്നോട്ടെ. അതല്ല, പണിയണ്ട സ്ഥിതിയാവുമ്പോൾ നമുക്ക് ആലോചിക്കാം’. എന്നാണു കരീംക്ക മറുപടി പറഞ്ഞത്.

ഒരു പാട് സമ്പാദിച്ചുവെങ്കിലും ഉപ്പ പറയുന്നത് അനുസരിക്കാറാണ് രീതി.

ദിവസങ്ങൾ കഴിഞ്ഞു. ലീവ് കഴിഞ്ഞു തിരിച്ചു പോകേണ്ട ദിവസമായി. ഒരു പാട് ലക്ഷങ്ങൾ സ്ഥലങ്ങൾക്കും പെട്രോൾ പമ്പിനും ബസ്സുകൾക്കും അഡ്വാൻസ്‌ കൊടുത്തു. ഇനി ആറ് മാസം കഴിഞ്ഞ് നാട്ടിൽ വന്നു രെജിസ്റ്റർ ചെയ്യണം.

നാളെയാണ് ലത്തീഫിന്റെ മടക്കയാത്ര. വീട്ടിൽ ഒരു പാട് ആളുകൾ വന്നിട്ടുണ്ട്. അകത്ത്‌ പെട്ടിയിൽ കൊണ്ട് പോകേണ്ട സാധനങ്ങൾ പായ്ക്ക് ചെയ്യുകയാണ് ചിലർ. കരീംക്ക തട്ടുകടയിലാണ്. ഇന്ന് അമ്പലത്തിലെ ഉത്സവമായത്കൊണ്ട് വരാൻ കുറച്ച് വൈകും.

നേരം വെളുത്തു. എല്ലാ കാര്യത്തിന്നും കൂടെ ഒരു നിഴൽപോലെ കൂടെയുണ്ട് മസൂദ്.

ലത്തീഫ് ഗൾഫിലേക്ക് പോയി.

പിന്നെ കുറെ നാളേക്ക് ലത്തീഫിന്റെ ഒരു വിവരവും വീട്ടുകാർക്കോ നാട്ടുകാർക്കോ എന്തിനേറെ മസൂദിനൊ ഇല്ല. അല്ലെങ്കിലും ഉത്തരം കിട്ടാത്ത സമസ്യയാണല്ലോ, ലത്തീഫ്.

മാസങ്ങളുടെ അന്വേഷണത്തിന്നോടുവിൽ വിവരം അറിഞ്ഞു. ലത്തീഫ് കൊണ്ട് പോയ ബോക്സിൽ ആരോ കൊടുത്ത ഒരു പോതിയിലെ വസ്തു ഗൾഫിൽ നിരോധിച്ചതായിരുന്നു. അതിന്ന് നിരപരാധിയായ ലത്തീഫിന്നു കിട്ടിയ ശിക്ഷ, അഞ്ചു വർഷത്തെ ജയിൽവാസവും നാടുകടത്തലും.

തട്ടുകടയിൽ നിന്ന് വന്ന കരീംക്ക മകന്റെ വിവരം അറിഞ്ഞു മനസ്സ് വേദനിച്ചിട്ടാണ് രാത്രി കിടന്നത്. പക്ഷെ പിറ്റേന്ന് അദ്ദേഹം ഉണർന്നില്ല. അദ്ധേഹത്തിന്റെ നിത്യതയിലേക്കുള്ള ഉറക്കത്തിന്റെ തുടക്കമായിരുന്നത്.

കാറിന്റെ ഗഡുക്കൾ മുടങ്ങിയത് കൊണ്ട് ബാങ്കുകാർ കാർ കൊണ്ടുപോയി. വസ്തുക്കൾക്കും കെട്ടിടങ്ങൾക്കും ബസ്സുകൾക്കും പമ്പിന്നും കൊടുത്ത അഡ്വാൻസ്‌ കരാറിന്റെ കാലാവുധി കഴിഞ്ഞത്‌ കൊണ്ട് നഷ്ടപ്പെട്ടു.

—————————————-

നീണ്ട അഞ്ചുവർഷങ്ങൾക്കു ശേഷം ലത്തീഫ് കേരളത്തിലേക്ക് മടങ്ങിയെത്തി. കരീംക്കാടെ തട്ടുകട ലത്തീഫ് പുതുക്കി. അതേ സ്ഥലത്ത് ആ തട്ടുകട പുനരാരമ്പിച്ചു.

ഒരു ദിവസം ലത്തീഫ് തട്ടുകടയിൽ ഗ്ലാസ് ക്ലീൻ ചെയ്തു നിൽക്കുമ്പോൾ ഒരു മാരുതി കാർ ആ കടയുടെ മുമ്പിൽ നിറുത്തി. അതിൽ നിന്നും ഒരാൾ ഒരു കൂൾഡ്രിങ്ക്സ് ഓർഡർ ചെയ്തു. ആ കാർ ഡ്രൈവ് ചെയ്തിരുന്ന ആളുടെ അടുത്തേക്ക് ലത്തീഫ് കൂൾ ഡ്രിങ്ക്സ്മായി ചെന്നു. ആളെ ശ്രദ്ധിച്ചു. അത് മസൂദ് ആയിരുന്നു.

‘മസൂദെ ഒന്ന് കാണണമെന്നുണ്ട്’ ലത്തീഫ് പറഞ്ഞപ്പോൾ മസൂദ് കൊടുത്ത മറുപടി മറ്റൊന്നായിരുന്നു.

‘ഇന്നെന്റെ മാമാടെ മകൻ സമദ് ഗൾഫിൽ നിന്നും വരുന്നുണ്ട്. ഞാൻ കുറച്ച് തിരക്കിലാണ്.

അതും പറഞ്ഞ് മസൂദ് നൂറിന്റെ ഒരു നോട്ട് ലത്തീഫിന്റെ കയ്യിൽ കൊടുത്ത് ബാക്കി പോലും വാങ്ങാതെ കാർ ഡ്രൈവ് ചെയ്ത് പോയി.

———————————————————-

ഗുണപാഠം:

  1. ഗൾഫിലേക്ക് പോകുന്നവർ,അവരുടെ കയ്യിൽ കൊടുത്തയക്കുന്ന സാധനങ്ങൾ സൂഷ്മനിരീക്ഷണം നടത്തുക.
  2. ഗൾഫുകാരെ,നാട്ടുകാരിലും വീട്ടുകാരിലും ബന്ധക്കാരിലും ചിലർ നിങ്ങളെ കറവപ്പശുക്കളായിട്ടേ കരുതൂ. കറവവറ്റിയാൽ പിന്നെ അറുക്കാൻ കൊടുക്കും. അത് കൊണ്ട് ഇന്നത്തെ കാലം എന്നും ഉണ്ടാവുമെന്ന് കരുതാതെ നാളത്തേക്ക് കൂടി കരുതി വെക്കൂ.

<<സമ്പത്ത് കാലത്ത് കാപത്തു വെച്ചാൽ – ആപത്ത് കാലത്ത് കായ്പത്തു തിന്നാം>>>>

Share This:

Comments

comments