ജോയിച്ചന്‍ പുതുക്കുളം.
ഫ്രീമോണ്ട്, കാലിഫോര്‍ണിയ: സാന്‍ ഫ്രാന്‍സിസ്കോ മേഖലയിലെ അയ്യപ്പ ഭക്തര്‍ ഓക്ടോബര്‍ പതിനാല് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് ഫ്രീമോണ്ട് സിറ്റി സെന്‍ട്രല്‍ പാര്‍ക്കില്‍ യോഗം ചേര്‍ന്ന് ശബരിമലയിലെ ആചാരങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അയ്യപ്പ നാമജപവുമായി പ്രതിഷേധ യാത്ര നടത്തി. പരമാവധി തൊണ്ണൂറു പേര്‍ക്ക് പ്രകടനം നടത്താനാണ് ഫ്രീമോണ്ട് സെന്‍ട്രല്‍ പാര്‍ക്ക് അധികൃതര്‍ അനുവാദം നല്‍കിയത്. അതുകാരണം തൊണ്ണൂറു പേരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്.
കേരള ബിജെപി എന്‍.ആര്.ഐ. സെല്ലിന്റെ അമേരിക്കന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓര്ഗനൈസേഷന്, നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ, ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി, സാന്‍ റമോണ്‍ മാതാ അമൃതാനന്ദമയി ആശ്രമം, ഹിന്ദു സ്വയംസേവക് സംഘ്, ഭാരതി തമിഴ് സംഘം തുടങ്ങി പതിനഞ്ചോളം പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പാകുന്നതുവരെ പ്രതിഷേധ പരിപാടികള്‍ തുടരാനായി ഒരു സമിതി രൂപീകരിച്ചു.
കേരള ബിജെപി എന്‍.ആര്.ഐ. സെല്ലിന്റെ സംസ്ഥാന സമിതി അംഗവും നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ സ്ഥാപകനുമായ ശ്രീ രാജേഷ് നായര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓര്‍ഗനൈസഷന്‍ ഭാരവാഹി ശ്രീ അനു നായര്‍, ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി പ്രതിനിധി ശ്രീ ശ്യാംപ്രകാശ് ആന്തൂര്‍, കാലിഫോര്‍ണിയ എന്‍.ആര്.ഐ. സെല്‍ പ്രതിനിധി സുനില്‍ അറ്റപ്പള്ളി, ഹിന്ദു സ്വയംസേവക് സംഘ് ഭാരവാഹി ശ്രീ ഗോപകുമാര്‍, നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ പ്രസിഡന്റ് ശ്രീമതി സ്മിത നായര്‍, ഭാരതി തമിഴ് സംഘം പ്രസിഡന്റ് ടി.എസ് . റാം തുടങ്ങിയവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചൂ.
റീമ നായര്‍, സ്മിത നായര്‍, വൃന്ദ പരിയങ്ങാട്, പ്രിയങ്ക പിള്ള തുടങ്ങി നിരവധി അയ്യപ്പ ഭക്തരായ സ്ത്രീകള്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിശദമായി വ്യക്തമാക്കി. തുടര്‍ന്ന് വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പ്രസംഗിച്ചു. മുതിര്‍ന്നവരോടൊപ്പം കുട്ടികളും ചേര്‍ന്ന ആവേശകരമായ ശരണം വിളിയാല്‍ മുഖരിതമായ പ്രകടനത്തോടുകൂടി സമ്മേളനം അവസാനിച്ചു. തുടര്‍ നടപടികള്‍ പിന്നാലെ അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.