എണ്‍പതിന്റെ നിറവില്‍ ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ.

എണ്‍പതിന്റെ നിറവില്‍ ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ.

0
838

ജോയിച്ചന്‍ പുതുക്കുളം.

ന്യൂയോര്‍ക്ക്: കഴിഞ്ഞ നാലു ദശാബ്ദത്തിലധികമായി യോങ്കേഴ്‌സ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വികാരിയായി സേവനം അനുഷ്ഠിക്കുന്ന വന്ദ്യ ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പയുടെ എണ്‍പതാം ജന്മദിനം ഒക്‌ടോബര്‍ 14-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഭംഗിയായി ആഘോഷിച്ചു.

ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കളാവോസ് തിരുമേനിയുടെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൂടിയ പൊതു സമ്മേളനത്തില്‍ തിരുമേനി അധ്യക്ഷത വഹിച്ചു. സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ പ്രാര്‍ത്ഥനാഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. പള്ളി സെക്രട്ടറി ജോണ്‍ ഐസക്ക് തന്റെ സ്വാഗത പ്രസംഗത്തില്‍ ബഹുമാനപ്പെട്ട ചെറിയാനച്ചന്‍ ഇടവകയിലെ എല്ലാ ജനങ്ങളുടേയും ജീവിതത്തെ സ്വാധീനിച്ച വ്യക്തിയാണെന്നു എടുത്തു പറയുകയുണ്ടായി.

അഭിവന്ദ്യ നിക്കളാവോസ് തിരുമേനി നടത്തിയ അനുമോദന പ്രസംഗത്തില്‍ നീണ്ടകാലമായി അച്ചന്‍ നടത്തിവരുന്ന സഭാ സേവനത്തെ ആദരിച്ച് സംസാരിച്ചു. അച്ചന്റെ വരുംകാല സേവനങ്ങല്‍ കൂടുതല്‍ ശക്തിപ്രാപിക്കട്ടെ എന്നു ആശംസിച്ചു.

തുടര്‍ന്നു ഇടവക ട്രഷറര്‍ കുര്യാക്കോസ് വര്‍ഗീസ് നടത്തിയ പ്രസംഗത്തില്‍ 1976 മുതല്‍ ഇടവക വികാരിയായി പ്രവര്‍ത്തിക്കുന്ന അച്ചന്റെ കഴിവുകളെ പ്രശംസിച്ചു. ഏതു സാഹചര്യത്തേയും നേരിടാനുള്ള അച്ചന്റെ കഴിവിനേയും, മലങ്കര സഭയുടെ അടിസ്ഥാന വിശ്വാസവും പാരമ്പര്യവും അഭംഗുരം കാത്തുസൂക്ഷിക്കുന്നതില്‍ അച്ചനുള്ള ശുഷ്കാന്തിയേയും അഭിനന്ദിച്ചു.

മാര്‍ത്തമറിയം സെക്രട്ടറി ലീലാമ്മ മത്തായി അച്ചന്റെ നീണ്ടകാല സേവനത്തെ അനുസ്മരിച്ചു സംസാരിച്ചു. ബഹുമുഖമായ ഇടവകയുടെ പ്രശ്‌നങ്ങള്‍ നയപരമായ മാര്‍ഗ്ഗത്തിലൂടെ പരിഹരിക്കാനുള്ള അച്ചന്റെ കഴിവിനെ പ്രകീര്‍ത്തിച്ചു. സമാജത്തിന്റെ വകയായി അച്ചന്റെ സേവനത്തെ ആദരിച്ച് പ്ലാക്ക്, ഗിഫ്റ്റ്, ഇടവകക്കാര്‍ എല്ലാവരും ഒപ്പിട്ട ബര്‍ത്ത്‌ഡേ കാര്‍ഡും അച്ചന് സമ്മാനിച്ചു.

സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ സോണി വര്‍ഗീസ് ഇടവകയിലെ പഴയ തലമുറയേയും പുതിയ തലമുറയേയും ഒരുപോലെ സമ്മേളിപ്പിച്ച് കൊണ്ടുപോകാനുള്ള അച്ചന്റെ കഴിവിനെ അഭിനന്ദിച്ച് സംസാരിച്ചു. സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ ആത്മീയഗാനം, അച്ചനേയും സദസ്യരേയും വളരെ സന്തോഷിപ്പിച്ചു.

മെന്‍സ് ഫോറത്തെ പ്രതിനിധീകരിച്ച് ജയിംസ് മാത്യു, അച്ചന്റെ ഇംഗ്ലീഷ് സര്‍വീസിന്റെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചു. അച്ചന്റെ കൗണ്‍സിലിംഗിനുള്ള കഴിവിനേയും, നര്‍മ്മവാസനയേയും പ്രത്യേകം എടുത്തുപറയുകയുണ്ടായി.

അച്ചന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് മകള്‍ ശ്രുതി ചെറിയാന്‍ നടത്തിയ പ്രസംഗത്തില്‍ പിതാവ് കുടുംബത്തിലെ ഷൈനിംഗ് ലൈറ്റ് ആണെന്നും, ഈ എണ്‍പതാം ജന്മദിനം ഏറ്റവും സന്തോഷം തരുന്ന നിമിഷങ്ങളാണെന്നും പറഞ്ഞു. തുടര്‍ന്നു അച്ചന്റെ പഴയകാല ഓര്‍മ്മകളില്‍ നിന്നുള്ള ഫോട്ടോകള്‍ സമാഹരിച്ച് ഷാരന്‍ ചെറിയാന്‍ തയാറാക്കിയ സ്ലൈഡ് ഷോ പ്രസന്റേഷന്‍ നടന്നു.

എം.ജി.ഒ.സി.എസ്.എം സെക്രട്ടറി ആഷ്‌ലി ഏബ്രഹാം അച്ചന്റെ ശക്തമായ നേതൃപാടവത്തെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. ഇടവകയുടെ പാരിതോഷികം ട്രഷറര്‍ കുര്യാക്കോസ് വര്‍ഗീസ് തിരുമേനിക്ക് കൈമാറുകയും, അഭിവന്ദ്യ തിരുമേനി അച്ചന് സമ്മാനിക്കുകയും ചെയ്തു.

അച്ചന്റെ മറുപടി പ്രസംഗത്തില്‍ ജീവിതത്തിന്റെ ഒരു പുതിയ കാലഘട്ടത്തിലേക്ക് കടക്കുകയാണെന്നും, ധാരാളം കാര്യങ്ങള്‍ ഇനിയും പഠിക്കുവാനുണ്ടെന്നും അഭിപ്രായപ്പെട്ടു. അതിനായി ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ടുപോകുകയാണെന്നും പറയുകയുണ്ടായി.

കേരളത്തിലെ ജലപ്രളയം കാരണം പ്ലാന്‍ ചെയ്ത വലിയ ആഘോഷപരിപാടികള്‍ അച്ചന്‍തന്നെ മാറ്റിവയ്ക്കുകയായിരുന്നു. പള്ളിയില്‍ വച്ചു നടന്ന ലളിതവും പ്രൗഢഗംഭീരവുമായിരുന്ന ആഘോഷപരിപായിയില്‍ ഇടവക ജനങ്ങള്‍ എല്ലാവരും സജീവമായി പങ്കെടുത്തു.

മറിയ ജോര്‍ജ്, നിവിയ ജോയി, ഡേവിഡ് കുര്യാക്കോസ് എന്നിവര്‍ ആലപിചിച്ച ശ്രുതിമധുരമായ ക്രിസ്തീയ ഗാനങ്ങള്‍ സദസ്യര്‍ക്ക് സന്തോഷം പകര്‍ന്നു. അക്ഷയ വര്‍ഗീസും, പ്രിന്‍സി പതിക്കലും പ്രോഗ്രം എം.സിമാരായി പ്രവര്‍ത്തിച്ചു. അരുണ്‍ ജോയി ആയിരുന്നു ഫോട്ടോഗ്രാഫിയുടെ ചുമതല വഹിച്ചത്. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. മാത്യു ജോര്‍ജ് (പി.ആര്‍.ഒ) അറിയിച്ചതാണിത്.13141516171819

Share This:

Comments

comments