ഒന്നുമറിയാത്ത ദൈവം. (കവിത)

ഒന്നുമറിയാത്ത ദൈവം. (കവിത)

0
581
>
മഞ്ജുള ശിവദാസ്‌. 
ഈശ്വരാ നിൻ രക്ഷയൊന്നുമാത്രം-
മർത്യരാം ഞങ്ങൾ തൻ ലക്ഷ്യമെന്നും.
ദൈവാവകാശസംരക്ഷകരായ് ,ഞങ്ങൾ-
സ്വയമവരോധിച്ചിരിക്കയല്ലേ.
ദർശനമാർക്കൊക്കെ നൽകിടേണം-
നിൻ വരമാരിലേക്കെത്തിടേണം
നിശ്ചയിക്കാൻ ഞങ്ങളുണ്ടിവിടെ-
നിശ്ചലനായ് നീയിരുന്നാൽ മതി.
നിന്നാലയത്തിനു കാവൽ നിൽക്കാം-
കീഴാളർ നിന്നെ തീണ്ടാതിരിക്കാൻ.
നാരികൾ നിന്നെയശുദ്ധനാക്കാൻ
ഈ വഴിക്കെങ്ങോ വരുന്നുവത്രെ.
ഒരുവേള നീയൊന്നൊളിച്ചു നിൽക്കൂ
ഞങ്ങളൊന്നവരെ തുരത്തിടട്ടെ.
വിശ്വാസരക്ഷകരായ ഞങ്ങൾ –
ആശ്വാസനിധിയും സ്വരൂപിച്ചിടാം.
ദുരിതങ്ങളാൽ നീ വലഞ്ഞിടുമ്പോൾ-
കരുതലുകളിന്നേ തുടങ്ങിവക്കാം.
മൂഢനാം മർത്യന്റെചിന്തയിൽ പോലുമീ-
ധിക്കാരഭാവം സ്ഫുരിച്ചിടുന്നു.
മനസ്സിൽ മതങ്ങളാൽ മതിലുകെട്ടി-
അതിൽ പലജാതിയാൽ വേലികെട്ടി,
കഥകളനേകം മെനഞ്ഞുകൂട്ടി-
സംശയമില്ലാതെയതു വിഴുങ്ങി.
ദൈവത്തെ ഡമ്മിയായ് നിർത്തി മുന്നിൽ-
മനുഷ്യരെ പലതായ് തരംതിരിച്ചു.
ചരാചര രക്ഷകനാം വിഭുവിൻ-
വൈഭവമെന്തെന്നറിഞ്ഞിടാത്തോർ,
വാശിക്കു വിശ്വാസം മുതലെടുത്തിന്നിതാ-
വിശ്വത്തിൻ സ്വൈര്യം ഹനിച്ചിടുന്നൂ.
ഇനിയെത്രയെന്തു പഠിച്ചിടേണം-
ഭക്തിയെ സ്നേഹമെന്നൊന്നറിയാൻ

Share This:

Comments

comments