നീതി നിഷേധം… ദുർബ്ബലന്റെ ധർമ്മ സങ്കടം.(കവിത)

നീതി നിഷേധം... ദുർബ്ബലന്റെ ധർമ്മ സങ്കടം.(കവിത)

0
483

 

ശോഭാ വൽസൻ.

പോരാടി ജീവിതം തൂത്തു തുടച്ചവർ,

ഉള്ളതിനപ്പുറം വിറ്റു തുലച്ചവർ!

നീതിയെത്തേടിയനീതി ലഭിച്ചവർ,

സത്യം ജയിക്കട്ടെയെന്നുരുവിട്ടവർ!

മാനഹാനി ഭയന്നെതിർഭാഗ വാദികൾ,

കാശെറിഞ്ഞു കാശു കൊയ്യുവാനാക്രാന്തം!

അനർഹമായതിനാർത്തികാട്ടുന്നവർ,

ദുർബ്ബലരെ മലർത്തിയടിച്ചവർ!

കാലങ്ങളായ്‌ തീർത്ത വിശ്വാസ ഗോപുരം,

തരിശാക്കിടുന്നു തലപ്പത്തിരിക്കവർ!

ആടിനെ മാടാക്കും കാലം നുണഞ്ഞു നാം,

കണ്ണടച്ചു മുന്നേറീടുക കൂട്ടരേ!

ജീവിതം മുള്ളിൽ കൊളുത്തി വലിക്കവേ,

കോടതി കയറിയിറങ്ങിടും വൃദ്ധരും!

കണ്ണീരിലലിയുന്നു കാത്തിരിപ്പുകൾ,

വിധി തേടിയെത്തുന്നു മരണക്കിടക്കയിൽ!

കാര്യങ്ങൾ നേടിടും കൈയ്യൂക്കുള്ളവൻ,

കാറ്റത്തിട്ട പഞ്ഞിപോൽ സത്യവും!

തെളിവുകൾ തെളിവല്ലെന്നു തെളിഞ്ഞിടും,

തെളിഞ്ഞാകാശത്തിൽ നക്ഷത്രമെണ്ണിടും!

തെളിയാക്കേസിന്റെ വിധിയെപ്പഴിച്ച് ,

ഓടിളക്കിക്കഴുക്കോലിൽ തൂങ്ങിയ,

ആത്മാക്കളൊക്കെയുമുച്ചത്തിലോതുന്നു,

ഇനിയൊരുജന്മമതടിയാനു വേണ്ട!

കാത്തിരിക്കട്ടെ ഞാൻ പുതിയോരുഷസ്സിനെ,

സത്യങ്ങൾ മാത്രം ജയിച്ചിടും കാലം!

വെള്ളരി പ്രാവേ നീ നിന്റെ ചുണ്ടിൽ

സത്യമെന്നക്ഷരം പൊക്കിപ്പറക്കുക!

 

Share This:

Comments

comments