തിയോളജിയിൽ എം.റ്റി.എച്ച് ബിരുദദാനം സോമർസെറ്റ് ദേവാലയത്തിൽ. 

തിയോളജിയിൽ എം.റ്റി.എച്ച് ബിരുദദാനം സോമർസെറ്റ് ദേവാലയത്തിൽ. 

0
1119
>
 
സെബാസ്റ്റ്യൻ ആൻ്റണി .
 
ന്യൂജേഴ്‌സി: അല്‍മായര്‍ക്കിടയില്‍ ദൈവശാസ്ത്ര പഠനം പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടും സോമര്‍സെറ്റ് സെന്‍റ് തോമസ് ഇടവകയും ചേര്‍ന്ന് രൂപീകരിച്ച ‘തിയോളജി എഡ്യൂക്കേഷന്‍ സെന്‍ററി’ല്‍  നിന്നുള്ള ആദ്യ ബാച്ചിന്റെ  ദൈവശാസ്ത്ര ബിരുദാനന്തര ബിരുദദാന ചങ്ങുകൾ  സെൻറ് തോമസ് സീറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലായത്തില്‍ വച്ച് സെപ്‌റ്റംബർ 30 -ന് ഞായറാഴ്ച രാവിലെ 9:30 -നുള്ള വിശുദ്ധ ദിവ്യബലിയോടനുബന്ധിച്ചു നടത്തപ്പെട്ടു.
 
തലശേരി അതിരൂപത പ്രഥമ സഹായമെത്രാനും, സർവോപരി ആല്‍ഫാ ഇന്‍സ്റ്റിറ്റുട്ടിന്റെ സ്ഥാപകൻ കൂടിയായ റവ. ഡോ. മാർ. ജോസഫ് പാംപ്ലാനിയിൽ നിന്നും ജേതാക്കൾ ബിരുദം ഏറ്റു വാങ്ങി. ചടങ്ങിൽ  ഇടവക വികാരി റവ. ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരൻ ബിരുദദാനത്തോടൊപ്പമുള്ള സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചങ്ങനാശ്ശേരി എസ്. ബി. കോളേജ് മുൻ പ്രിൻസിപ്പൽ  ഫാ. ടോമി പടിഞ്ഞാറേക്കളവും  ചടങ്ങിൽ സന്നിഹീതരായിരുന്നു.
 
ആദ്യ ബാച്ച് എം. റ്റി. എച്ച്  പരീക്ഷയിൽ  ഒന്നാം റാങ്ക് തെരേസ ടോമിയും, രണ്ടാം  റാങ്ക് ജാൻസി അബ്രഹാമും നേടി. മൂന്നാം റാങ്ക് മോളി നെല്ലിക്കുന്നേൽ, ജെയ്സൺ അലക്സ് എന്നിവർ പങ്കിട്ടു.
 
റാങ്ക് ജേതാക്കൾക്കുള്ള ട്രോഫി തലശേരി അതിരൂപതയുടെ മെത്രാപ്പൊലീത്തയും, ആൽഫ ഇൻസ്റ്റിറ്റിയൂട്ടിന്റെ ചാൻസലർ കൂടിയായ മാർ ജോർജ് ഞരളക്കാട്ട് വിതരണം ചെയ്തു. ചടങ്ങിൽ ഡോ. മാർ. ജോസഫ് പാംപ്ലാനിയോടൊപ്പം, ഫാ. ഫിലിപ് വടക്കേക്കര, പാറ്റേഴ്സൺ സെൻറ്‌.ജോർജ് സിറോമലബാർ ഇടവക വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ട് എന്നിവരും സന്നിഹീതരായിരുന്നു.  
 
ചിക്കാഗോ സീറോ മലബാർ രൂപതയിലെ സോമർസെറ്റ് സെൻറ്‌  തോമസ് ഫൊറോനാ ദൈവാലയത്തിൽ 2015 നവംബറിൽ തുടക്കം കുറിച്ച  ആദ്യ ബാച്ചിൽ പഠനമാരംഭിച്ച 13 പേരാണ് തിയോളജിയിൽ മാസ്റ്റർ ബിരുദം പൂർത്തിയാക്കിയത്. ‘ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ്’ അമേരിക്കയിൽ ആദ്യമായി ആരംഭിച്ച സ്റ്റഡി സെന്ററാണ് സോമർസെറ്റിലുള്ളത്.
 
ആനി എം. നെല്ലിക്കുന്നേൽ, എൽസമ്മ ജോസഫ്, ജെയ്സൺ ജി. അലക്സ്, ജാൻസി മാത്യു എബ്രഹാം, ജിമ്മി ജോയി, ലീന റ്റി.പെരുമ്പായിൽ, മേരിക്കുട്ടി കുര്യൻ, റെനി പോളോ മുരിക്കൻ, ഷൈൻ സ്റ്റീഫൻ, സോഫിയ കൈരൻ, തെരേസ ടോമി, വർഗ്ഗീസ് അബ്രഹാം, വിൻസൻറ് തോമസ് എന്നിവരാണ് ഈ  ബാച്ചിൽ തീയോളജിയിൽ ബിരുദാനന്തര ബിരുദം (M.Th) കരസ്ഥമാക്കിയവർ. 
 
അമേരിക്കയിലുള്ള തിരക്കേറിയ ജീവിത സാഹചര്യത്തിൽ കുടുംബവും , ജോലിയും ഒന്നിച്ചു കൊണ്ടുപോകുവാൻ തത്രപ്പെടുമ്പോൾ അതിനോടൊപ്പം വിശ്വാസ ജീവിതത്തെ മുറുകെ പിടിക്കാൻ, അത് വരും തലമുറയിലേക്ക് കൂടുതലായി പകർന്നു നൽകാൻ ഉതകും വിധം ദൈവശാസ്ത്ര പഠനത്തിൽ കാണിച്ച താല്പര്യത്തിനു ഇടവക വികാരി ബിരുദ ജേതാക്കളെ പ്രത്യേകം അഭിനന്ദിച്ചു. തിയോളജി പഠനം ദേവാലയത്തിൽ തുടങ്ങാൻ  മുൻകൈഎടുത്തു പ്രവർത്തിച്ച മുൻവികാരി ഫാ. തോമസ് കാടുകപ്പിള്ളിയച്ചനെ പ്രത്യേകം ചടങ്ങിൽ ഓർമിച്ചു.
 
പ്രോഗ്രാമിന്റെ കോ- ഓർഡിനേറ്റർ ജെയ്സൺ അലക്സ് നന്ദി പറഞ്ഞു.ഈ  സുദിനം ഇവിടെ സാധ്യമാക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നന്ദിയോടെ ഓർമിച്ചു. പ്രത്യേകിച്ച് പഠനവേളകളിൽ തങ്ങളോടൊപ്പം നിന്ന കുടുംബാംഗങ്ങൾക്കും, എല്ലാആല്മീയ മാർഗ്ഗ നിർദ്ദേശങ്ങളൂം പ്രോത്സാഹനങ്ങളും നൽകിയ ഇടവക വകാരി, ആൽഫ ഇൻസ്റ്റിട്യൂട്ടിന്റെ സാരഥികൾ, എല്ലാറ്റിനും ഉപരിയായി എല്ലാ ഇടവക കുടുംബങ്ങൾക്കും പ്രത്യേകം നന്ദി പറഞ്ഞു.
 
ഈ വർഷം ഡിസംബറിൽ ആരംഭിക്കുന്ന പുതിയ എം.റ്റി.എച്ച് (M.Th) ബാച്ചിലേക്കുള്ള പ്രവേശനത്തിനായി ഇടവക വികാരിയുമായോ, ഇടവകയുടെ ട്രസ്റ്റിയുമായോ ബന്ധപ്പെടേണ്ടതാണ്.
 
കൂടുതൽ വിവരങ്ങൾക്ക്: ജെയ്‌സണ്‍ അലക്‌സ് (കോര്‍ഡിനേറ്റര്‍) (914) 645-9899,  മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 978-9828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 912-6451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)762-6744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 391-8461.

Share This:

Comments

comments