മാനവികതയുടെ പുതിയ മുഖങ്ങൾ.(കവിത)

മാനവികതയുടെ പുതിയ മുഖങ്ങൾ.(കവിത)

0
3474

ശോഭാ വൽസൻ.

തിരിച്ചറിഞ്ഞു നാം കരുണാമയനവൻ,
കൂടപ്പിറപ്പല്ലായിരുന്നു പോൽ!
തിരിച്ചറിഞ്ഞു നാം രക്ഷകനവൻ,
ദൈവമൊന്നുമല്ലായിരുന്നു പോൽ!

കണ്ടറിഞ്ഞു കരളുപറിച്ചു തന്നവൻ,
ജനയിതാക്കളല്ലായിരുന്നു!
കൊണ്ടറിഞ്ഞു മരണം പുൽകിയവൻ,
രക്തബന്ധുവല്ലായിരുന്നു പോൽ!

വലിച്ചെറിഞ്ഞു വിഷം ചീറ്റും ജാതീയത,
പുനരധിവാസകേന്ദ്രങ്ങളിൽ!
പഠിച്ചറിഞ്ഞു നാം സമത്വചിന്തയും,
ഒരുമയെന്തെന്നറിഞ്ഞുപോയ്‌!

കൊണ്ടറിഞ്ഞു നാം സമ്പാദ്യമല്ല  പോൽ,
സ്നേഹമാണുലകിന്നടിത്തറ!
കണ്ടറിഞ്ഞു നാം കടൽ പെറ്റ മക്കളെ,
ചിപ്പിക്കുള്ളിലെ മുത്തായിരുന്നവർ!

പിടിച്ചുലച്ചു കേരള ഭൂമിയാകെയും,
തകർത്താടി പ്രളയ താണ്ഡവം!
കരയ്ക്കണഞ്ഞു മൃതപ്രായർ വൃദ്ധരും,
നന്മ വഴിഞ്ഞ കരങ്ങളാൽ!

കൈകോർത്തു കേരള മക്കൾ മൊത്തമായ്‌,
തീർത്തു ചങ്ങല ഹൃത്തടങ്ങളിൽ!
ഉടച്ചു വാർത്തു മനം കൂട്ടുകുടുംബമായ്‌,
കണ്ടു സൗഹാർദ്ധ പരമ്പര!

നമിച്ചു പ്രകൃതിയേ നിമിത്തമായി നീ-
മാനവികതയെ തിരിച്ചറിഞ്ഞിടാൻ!
തുറപ്പിച്ചു പൂട്ടിയ നയനങ്ങളൊക്കെയും,
ദുരന്തഭൂവിതിൽ പകച്ചു നിൽക്കവേ!

Share This:

Comments

comments