ഒരുസൈനികന്. (കവിത)

ഒരുസൈനികന്. (കവിത)

0
927


രെമ പ്രസന്ന പിഷാരടി.

 

ഞാനുറങ്ങുമ്പോളുറങ്ങാതെ കാവലായ്

വാതിലിൽനിൽക്കുന്ന ധീരനാംസൈനികാ!

ഒരോപ്രഭാതത്തിലും മിഴിക്കോണിലായ്

നീതെളിയ്ക്കുന്ന സുരക്ഷാവിളക്കുമായ്;

നേരതിരിൽ നീയെനിയ്ക്കായിയുണ്ടെന്ന

നേരിന്റെ മുദ്രകൾ ഞാൻ നിനക്കേകുന്നു.

ഞാൻ സമർപ്പിക്കുന്നു എന്റെയീജീവന്റെ

സ്നേഹ സുരക്ഷതൻ മുദ്രാക്ഷരങ്ങളെ

 

ദൂരെ മുൾവേലികൾ, ഗന്ധകം പൂക്കുന്ന

താഴ്വരകൾ, ശൈലശൃംഗം, സമുദ്രങ്ങൾ

മേൽക്കൂരയില്ലാതെയാകാശമാകുന്ന

സാക്ഷ്യപത്രങ്ങളിൽ നീ ജ്വലിച്ചീടവേ;

കൂട്ടിനായ്സൂര്യൻ, പകൽ തീവ്രമദ്ധ്യാഹ്നം

രാത്രി, ശരറാന്തലേറ്റുന്നതാരകൾ

മഞ്ഞും, തണുപ്പും, സിരാപടലങ്ങളെ

നിർമ്മമാക്കുന്നൊരേകാന്തഭാവവും

എല്ലാം സഹിക്കുന്നു നീയെനിയ്ക്കായെന്റെ

പുണ്യം നിനക്ക്ഞാൻ ദാനമേകീടുന്നു.

ഞാനെഴുതുമ്പോഴും, പാതയോരങ്ങളിൽ

കാവലുണ്ടെന്നൊരു ബോധമില്ലെങ്കിലും

നീരക്ഷകൻ, നിനക്കേകുവാൻ ഞാനെന്റെ

പ്രാണനിൽ തൊട്ടെഴുതിന്നീക്കുറിപ്പുകൾ

  

ഓരോ വസന്തവും, ആഘോഷ ഹർഷവും

ഞാൻപകുക്കുന്നെന്റെ സൗഖ്യസൗധത്തിലായ്

നീയോമഹായോഗമെന്നപോലീ-ഋതു-

ഭേദങ്ങളെ നെഞ്ചിലേറ്റി ലാളിക്കുന്നു..

ഓണം, ബിഹു, ഗുഡിപാദ്വയും ഞങ്ങളീ

സ്നേഹ ഗൃഹങ്ങളിൽ സ്നേഹിച്ചു തീർക്കവെ,

നീയങ്ങകലെയാ രാജ്യാതിരിൽ യുദ്ധഭീതിയും

മഞ്ഞും നുകർന്നലിഞ്ഞീടുന്നു..

ഞാനുറങ്ങുമ്പോളുറങ്ങാതെകാവലായ്

വാതിലിൽനിൽക്കുന്നധീരനാംസൈനികാ!

നീയറിഞ്ഞീടുക ഓർമ്മിക്കുവാനായി

ഞാനെഴുതുന്നീപ്രഭാതക്കുറിപ്പുകൾ

Share This:

Comments

comments