തൊടിയിലെ വിപ്ലവം. (കവിത)

തൊടിയിലെ വിപ്ലവം. (കവിത)

0
875
dir="auto">
ദുർഗ്ഗ പ്രസാദ്.(Street Light fb Group)
തൊടിയിൽ പൂക്കും ചെടികൾ
തമ്മിലിടക്കുണ്ടാകും കലഹം
പലതു പറഞ്ഞവർ തമ്മിലടിക്കും
ഇലകൾ തമ്മിലുടക്കും
മുക്കുറ്റിക്കന്നെല്ലാരും ചേർന്നൊ-
ത്തിരി സങ്കടമേകും..
അയ്യേ… പോക ശവം നാറീ..
എന്നുഷമലരിയെയവരാട്ടും
മുല്ലകൾ പനിനീർച്ചെടികൾ
ചെമന്ദികളെല്ലാമൊന്നായ്ക്കൂടും
മണമില്ലാപ്പൂക്കളെയെല്ലാമവർ
മാറാനാജ്ഞാപിക്കും…
തൊട്ടാവാടിയെത്തൊട്ടു തളർത്തും
തുമ്പ കരഞ്ഞു മയങ്ങും
തെച്ചികൾ പൂജയ്ക്കായി ജനിച്ചോർ
തെറ്റെന്തെന്നറിയാത്തോർ
ഇക്കളി കണ്ടു ചുവപ്പൻ ചിരികൾ വിടർത്തിച്ചെടിയിലിരിക്കും…
                       *
ഒരു നാളൊരു പുതുചെടിമുളപൊട്ടി
ചെളിയിൽ തുമ്പയ്ക്കരികിൽ ‘
അരമുള്ളിലകൾ വിടർത്തീയവളാ-
ത്തൊടിയിൽ മാനം നോക്കീ
പച്ചക്കമ്പിയിൽ മുത്തുകൊരുത്ത – തുപോലേ പൂക്കൾ വിരിഞ്ഞു
മണമില്ലാത്തവളേ നീയാരെന്ന-
വരുടെ ചോദ്യമുയർന്നു
കൈയ്യിൽ കോർത്തു പിടിച്ചൂ തുമ്പ
കണ്ണു നിറഞ്ഞു ശവം നാറി
അരുതേ കരയരുതേയീ നമ്മൾ
അധകൃതരാകും പൂക്കൾ
” കരയാൻവന്നവളല്ലകാട്ടാ-
മെന്നുടെകരവിരുതിപ്പോൾ
വിടർന്നു നിൽക്കും പൂക്കളിലാ-
ണെൻ വിജയമൊളിക്കും ശക്തി “
നൂറുകണക്കിനു പോരാളികളെൻ
കൂട്ടായിവിടെ മുളക്കും…
ഞങ്ങൾ പടഹമുയർത്തിപ്പോരിനി-
റങ്ങിടുമൊരുനാൾ കാണാം
                    *
കാവിൽ മേളമുയർന്നു കുട്ടികൾ
പൂവുകൾ തേടിയലഞ്ഞു
തെച്ചികൾ, മുല്ലകൾ, പനിനീർപ്പൂവുകളൊക്കെ
ഭയന്നു കരഞ്ഞു….
അവിടെക്കണ്ടോ പൂക്കൾ
കൂടകൾ നിറയാനുള്ളത്, ദൂരെ
അത്തൊടിയിൽപ്പോയിന്നീ-
ക്കുലകളടർത്താം നാമെല്ലാരും…
കുട്ടികളോടിത്തൊടിയിലിറങ്ങി
തെച്ചിയെ നോക്കിയടുത്തു
പെട്ടെന്നാണൊരു പ്രത്യാക്രമണം
മുട്ടിനു താഴെയിതെങ്ങും
നീറുന്നു, മാന്തിചൊറിയുന്നു
നീങ്ങുകവേഗം നിങ്ങൾ
ഇനിയീപ്പൂക്കളടത്തേണ്ടീ –
ത്തൊടി നിറയെച്ചൊറിയൻ ചെടികൾ..
                   *
പ്രാണൻ കിട്ടിയൊരാമോദത്താൽ
തെച്ചികൾ കൈകൂപ്പുന്നു
മുല്ലകൾ ജാള്യതയോടെയടുത്തു
ചെമന്ദി മന്ദഹസിച്ചു
അക്ഷൗഹിണിപോലാച്ചെറു-
തൈകൾക്കിടയിൽ നിന്നവൾ ചൊല്ലി…
എന്നുടെ പേര് “കൊടിത്തൂവ “
 ഈത്തൊടിയിലെ വിപ്ലവകാരി..

Share This:

Comments

comments