പ്രശസ്ത ഗായിക ലൈല റസാഖ് (അഭിമുഖം)

0
3391
ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.
ഒരേ കാലയളവിൽ ഒരു പാട് നാൾ ഞങ്ങൾ കുടുംബമായി അബുദാബിയിൽ ഉണ്ടായിരുന്നെങ്കിലും തമ്മിൽ പരിചയപ്പെടാൻ കഴിയാതിരുന്ന ഒരു മാപ്പിളപാട്ട് ഗായികയാണ് ലൈല റസാഖ്.
ആദ്യമൊക്കെ ആരാധനയോടെയാണ് അവരുടെ കഴിവിനെ ഞാൻ കണ്ടിരുന്നത്. ഇപ്പോഴും അതിനു കുറവില്ല. കാരണം അന്നും ഇന്നും ഞാൻ മാപ്പിളപ്പാട്ടിന്റെ ഒരു ആസ്വാദകനാണ്. എന്നോട് ചിലർ യോജിക്കില്ല എന്നറിയാമെങ്കിലും ഇടയിൽ ഒന്ന് എഴുതട്ടെ, എന്റെ കാഴ്ച്ചപ്പാടിൽ ഇന്നത്തെ മാപ്പിളപ്പാട്ടുകൾ ഒരു തരം ശബ്ദകോലാഹലങ്ങളാണ്.
അവരുമായി പരിചയപ്പെടുക എന്ന് ദൈവം നിശ്ചയിച്ചത് ഇപ്പോഴാണ്. എന്റെ രചനകൾ ഗ്രൂപ്പുകളിൽ വായിച്ച ചാവക്കാട് പാലയൂർ മാമ ബസാർ സ്വദേശിയും ഖത്തറിൽ ഖത്തർ ഗ്യാസിൽ ഉദ്യോഗസ്ഥനുമായ ശരീഫ് എനിക്ക് ഫേസ് ബുക്ക് ഫ്രണ്ട് ആയി വന്നു. ആ ബന്ധം ഞങ്ങളൊരു കുടുംബബന്ധമായി. അദ്ദേഹമാണ് ലൈല റസാഖുമായി പരിചയപ്പെടാൻ കാരണക്കാരനായ വ്യക്തി.
എന്റെ പെൺമക്കളെ വിവാഹം കഴിച്ചയച്ച അണ്ടത്തോട്, കടിക്കാട് എന്ന സ്ഥലങ്ങളിലേക്ക് പോകുന്ന വഴിയിലാണ് ലൈല റസാഖ് താമസിക്കുന്നതെന്ന് ശരീഫ് എന്നോട് പറഞ്ഞു. ഇനി എന്നെങ്കിലും എന്റെ മക്കളുടെ വീട്ടിലേക്ക് പോവുമ്പോൾ കാണാം എന്ന് കരുതി.
അങ്ങിനെ സമയം ഒത്തുവന്നപ്പോള്‍ ഞാനും ഭാര്യയും അവരുടെ വീട്ടിൽ ചെന്നു. സ്വന്തം വീട്ടിലെ അംഗങ്ങളെപോലെയാണ് ഞങ്ങളെ ലൈല റസാഖ് സ്വീകരിച്ചത്.
എറണാകുളം ജില്ലയിലെ കളമശ്ശേരി എന്ന സ്ഥലത്ത് ഒരു യാഥാസ്ഥിക കുടുംബത്തിലാണ് അവരുടെ ജനനം. ചെറുപ്പത്തിലേ സംഗീതത്തോട് വാസനയുള്ള ലൈലയ്ക്ക് നാട്ടുകാരിൽ നിന്നും എന്തിനേറെ ബന്ധക്കാരിൽ നിന്നുമുണ്ടായ എതൃപ്പുകളെ തൃണവൽഗണിച്ചു എന്ന് പറയുമ്പോൾ അവരുടെ കണ്ണിലൊരു നീര് ഞങ്ങൾ കണ്ടു. അവരെ വിഷമിക്കുന്ന ചോദ്യം ചോദിക്കേണ്ട എന്ന് എന്റെ ഭാര്യ കണ്ണ് കൊണ്ട് എന്നോട് ആംഗ്യം കാണിച്ചു. അത് സന്തോഷാശ്രു ആയിരുന്നെന്ന് അവിടെ നിന്ന് വരുമ്പോൾ ഞാൻ ഭാര്യയോട് പറഞ്ഞു.
പിന്നെ അവർക്ക് പ്രോത്സാഹനം നൽകിയത് സ്‌കൂളിലെ ടീച്ചർമാരും ആ സ്‌കൂളിന്റെ പിന്നിലെ ക്രിസ്ത്യൻ പള്ളിയിലെ അച്ചനും ആയിരുന്നെന്നും ലൈല സന്തോഷത്തോടെ ഞങ്ങളോട് പറഞ്ഞു. അവിടെയും എതൃപ്പുകൾ അവരെ നീരാളിപിടിക്കുന്ന പോലെ കയറി പിടിച്ചു. ഒരു മുസ്ലിം പെൺകുട്ടി സംഗീതം പഠിക്കുക എന്നതും ക്രിസ്ത്യൻ പള്ളിയിൽ പോകുന്ന കാര്യവും അന്നത്തെ മുസ്ലിം സമൂഹത്തിന് ആലോചിക്കാൻ പോലും കഴിയാത്ത അവസ്ഥ. സ്പെഷ്യൽ ക്ലാസ്സ് എന്ന നുണയല്ലാത്ത നുണ അവിടെ അവർക്കൊരു അത്താണിയായി.പാട്ടുപുസ്തകങ്ങൾ വാങ്ങി കൊടുത്തിരുന്നത് എളാപ്പയായിരുന്നു.
അങ്ങിനെയിരിക്കെ കലാഭവനിൽ ചേരണമെന്ന വലിയൊരാഗ്രഹം ആ പാവാടക്കാരിയിൽ നാമ്പെടുത്തു. കലാഭവനിലേക്ക് കൂടെ പോയത് എളാപ്പ ആയിരുന്നു. അവിടെ ചെന്നപ്പോൾ അവർ ഒരു വ്യക്തിയെ കണ്ടു. സാധാരണ അച്ചന്മാർ വെള്ള ളോഹയാണല്ലോ ധരിക്കാറ്. അവിടെ കണ്ട “ഏതോ” ഒരച്ഛൻ (അതും അച്ഛനാണെന്ന് ഉറപ്പില്ല) ധരിച്ചിരുന്ന ളോഹ തവിട്ടുനിറമായിരുന്നു.
ബാല്യകാല നിഷ്കളങ്കതയിൽ ലൈല ആ ളോഹക്കാരനോട് ഒരു മയവുമില്ലാതെ പറഞ്ഞു.”എനിക്ക് യേശുദാസിന്റെ കൂടെ പാടണം, സംഗീതം പഠിക്കണം”.
“കുട്ടിക്ക് എന്താ വേണ്ടത്? യേശുദാസിന്റെ കൂടെ പാടണം എന്നോ? വരൂ. നമുക്ക് യേശുദാസിനെ കാണാലോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വെള്ള അംബാസഡര്‍ കാറില്‍ യേശുദാസ് വന്നിറങ്ങി. അപ്പോഴാണ്‌ ലൈല എന്ന കുട്ടിക്ക് മനസ്സിലായത് താന്‍ യേശുദാസിനെ കാണണമെന്ന് ഒരു ഭവ്യതയുമില്ലാതെ സംസാരിച്ചത് കലാഭവന്റെ എല്ലാമെല്ലാമായ ആബേലച്ചന്‍ ആയിരുന്നെന്ന്.

ഇത് പറഞ്ഞു ലൈല ആ അബദ്ധം ഓര്‍ത്ത് ചെറുതായി ചിരിച്ചു.
അവരുടെ അനുഭവം കേട്ടപ്പോള്‍ എനിക്കും ഇത് പോലൊരു സംഭവം ഉണ്ടായത് ഞാന്‍ ലൈലയോട് പറഞ്ഞു. രാജകുടുംബാംഗമായ H.E. ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അൽ നഹിയാൻ എന്നോട് അദ്ദേഹത്തിന്റെ ഓഫീസിൽ ജോലിയിൽ ചേരാൻ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ അദ്ധേഹത്തിന്റെ അരമനയിലേക്ക് ചെന്നു. ഉടനെ ഞാൻ ഷെയ്‌ഖിനോട് പറഞ്ഞത് “യാ അഖൂയ്‌.. മുംകിൻ താൽ മഹീ (സഹോദരാ, ദയവ് ചെയ്ത് എന്റെ കൂടെ വരൂ). ഷെയ്ഖ് എന്റെ കൂടെ പുറത്ത് വന്നു. അദ്ദേഹത്തിന് ഒരു വിഷമവും ഉണ്ടായില്ല. പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്. സാധാരണ അറബികളെ വിളിക്കുന്ന അഖൂയ് എന്നല്ല ഷെയ്‌ഖുമാരെ വിളിക്കേണ്ടതെന്ന്.

യേശുദാസിന്റെ കൂടെ അവിടെ പാടിയ ഗാനം സിനിമയിൽ മാധുരി പാടിയ “ഗംഗേ.. പ്രിയ ഗംഗേ..” എന്നതായിരുന്നു. പക്ഷെ, കലാഭവനിൽ ചേരണമെന്ന അവരുടെ ആഗ്രഹം നടന്നില്ല. എങ്കിലും സംഗീതത്തെ കുറച്ചൊക്കെ ഇഷ്ടപ്പെടുന്ന ലൈലായുടെ ഉപ്പ ഒരു സംഗീത അധ്യാപികയെ വീട്ടിലിരുത്തി പഠിപ്പിച്ചു.
പിന്നീട് ഒരു പാട് മാപ്പിളപാട്ടുകൾ പാടിയ, സ്വദേശത്തും വിദേശത്തും പ്രോഗ്രാമുകൾ നടത്തിയ,ലൈല റസാഖ് അഞ്ചു സിനിമകളിൽ പാടിയിട്ടുണ്ട്.

കുറച്ചു നേരത്തെ സംസാരത്തിന് ശേഷം ഞാനും ഭാര്യയും അവിടെ നിന്ന് പിരിയുമ്പോൾ എന്റെ ഭാര്യക്ക് ഒരു സഹോദരിയെ ലഭിച്ച പോലെ ആയെന്ന് ഞാൻ മനസ്സിലാക്കി.

മണത്തല എന്ന സ്ഥലം കഴിഞ്ഞപ്പോൾ ഭാര്യ ഒരാഗ്രഹം പറഞ്ഞു.
“നമ്മൾ ഖത്തര്‍ പ്രവാസിയായ ഇക്ബാൽ ചേറ്റുവയുടെ വീട്ടിൽ പോയപ്പോൾ അദ്ദേഹത്തിന്റെ മകളെ കൊണ്ട് രണ്ടു വരി മാപ്പിളപാട്ട് പാടിച്ചില്ലേ. അത് പോലെ ലൈല റസാഖിനോടും രണ്ടു വരി പാടാൻ ഇക്കാക്ക് പറയാമായിരുന്നില്ലേ?”എന്റെ ഭാര്യ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. അതിന് ദൈവം അനുവദിച്ചാൽ ഇനിയും അവസരമുണ്ടല്ലോ എന്ന് മാത്രം ഞാൻ മറുപടി കൊടുത്തു.
ഒരിക്കൽ കൂടി ലൈലാക്കും റസാഖിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും ഒപ്പം പ്രാർത്ഥനയും. അതോടൊപ്പം എന്നെ ഇവർക്ക് പരിചയപ്പെടുത്തിയ ശരീഫിനും എന്റെ നന്ദി.. നന്ദി.. നന്ദി..

Share This:

Comments

comments