ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ
—————-
അന്നത്തെക്കാലം. കര്‍ക്കിടകമായാല്‍ മുഴുപ്പട്ടിണിയും അരപ്പട്ടിണിയുമായ നാളുകള്‍. വീടുകളിലെ അടുപ്പില്‍ പുക ഇല്ലാതിരുന്ന കാലം. അന്ന് ഞാന്‍ കാട്ടൂര്‍ ഹൈസ്കൂളില്‍ പഠിക്കുന്നു. വളരെ കഷ്ടപ്പെട്ടാണെങ്കിലും സ്വയം പട്ടിണി കിടന്നാലും മക്കളെ പട്ടിണി അറിയീക്കരുതെന്ന് ഉപ്പ വളരെ ശ്രദ്ധിച്ചിരുന്നു.
അക്കാലത്ത് അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ ഞാന്‍ സ്കൂളിലേക്ക് ചോറ് കൊണ്ട് പോയിരുന്നു. എട്ടാം ക്ലാസ് മുതല്‍ ഷിഫ്റ്റ് സമ്പ്രദായം ആയിരുന്നു. ഏഴില്‍ പഠിക്കുമ്പോള്‍ എന്റെ കൂടെ പഠിച്ചിരുന്ന അശോകന് എന്നും ഒരു ശോകമൂകനായിരുന്നു. അച്ഛനും അമ്മയ്ക്കും പാടത്ത് കൃഷിപ്പണി. ഒരിക്കല്‍ ഞാന്‍ അവനെ ശ്രദ്ധിച്ചു. എല്ലാവരും ക്ലാസ്സില്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അശോകന് കുറച്ചു മാറി കുളത്തിന്റെ വക്കില്‍ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്. വാട്ടിയ ഇലയില്‍ കൊണ്ട് വരുന്ന ചോറ് ഞങ്ങളുടെ കൂടെ ഇരുന്ന് കഴിച്ചൂടെ എന്ന് ഞാനവനോട് പലവട്ടം ചോദിച്ചു. ഒരു പുഞ്ചിരി മാത്രമായിരുന്നു അതിന് അവന്റെ മറുപടി.
ആ കുളത്തിന്റെ വക്കില്‍ പടര്‍ന്ന് പന്തലിച്ചൊരു മരമുണ്ട്. നിറയെ പൂക്കളുള്ള മരം. ഞങ്ങളെല്ലാം ഇന്റെര്‍വെല്ലിനു ഒത്തുകൂടുന്നത്, കുറച്ചു സമയം ഇരുന്ന് പഠിക്കുന്നത് ആ മരത്തിന്റെ തണലില്‍ ആയിരുന്നു. അക്ഷരങ്ങള്‍ മറക്കാതിരിക്കാന്‍ അവിടെ ഇരുന്ന് പഠിച്ചാല്‍ കഴിയുമെന്ന എന്റെ വാക്കുകള്‍ക്ക് ആദ്യം മറുപടി പറഞ്ഞത് സ്വതവേ മൌനിയായ അശോകന് ആയിരുന്നു.
“ഷെരീഫെ, നീ ഒരു നിമിഷകഥ എഴുതുന്ന ആളല്ലേ? എന്നാല്‍ ഈ മരത്തിന് ഒരു പേരിട്ടേ…”
പെട്ടെന്നുള്ള അശോകന്റെ വാക്ക് കേട്ടപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടു.
എന്റെ തലച്ചോറ് പ്രവര്‍ത്തനരഹിതമായോ എന്നൊരു സംശയം.
പക്ഷെ ഞാന്‍ ഒരു നിമിഷം ആലോചിച്ചു. അക്ഷരങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിവുള്ള…. പൂക്കളുള്ള മരം…
ഞാന്‍ ഉറക്കെ പറഞ്ഞു.
“അക്ഷരപ്പൂമരം…”
“എന്റമ്മോ… ഷെരീഫിനെ സമ്മതിച്ചു…”
ഇത് പറഞ്ഞു ഇരുന്നിടത്ത് നിന്ന് അവന് ചാടി.
പെട്ടെന്നാണ് ഞങ്ങള്‍ അത് ശ്രദ്ധിച്ചത്….
ഞങ്ങള്‍ കണ്ട കാഴ്ച്ച….
അവന്റെ കയ്യിലുണ്ടായിരുന്ന വാട്ടിയ ഇല തുറന്ന് അതിലുണ്ടായിരുന്ന കുറച്ചു മാത്രമുള്ള ചോറും ഒരു ഉപ്പിലിട്ട ചെറിയ മാങ്ങയും തെറിച്ചു പോയിരിക്കുന്നു.
ഞങ്ങളുടെയെല്ലാം മനസ്സില്‍ വ്യത്യസ്ഥവികാരങ്ങളായി.
പുറത്ത് വന്ന കണ്ണീര് തുടച്ചു ഞാന്‍ ചോദിച്ചു.
“അശോകന് ഇങ്ങിനെയാണോ എന്നും ഭക്ഷണം കൊണ്ട് വരാറ്?”
“ഇന്ന് ഉപ്പ്മാങ്ങ ഉണ്ട്. ചിലപ്പോള്‍ അത് പോലും ഉണ്ടാവാറില്ല. പിടുത്താള് കിട്ടി അമ്മ ഉരലില്‍ ഇടിച്ച് അത് എന്റെ കയ്യില്‍ തന്ന് അമ്മ പാടത്ത് പണിക്ക് പോവും. എന്റെ താഴെയുള്ള അശ്വതി പിള്ളവാതം പിടിച്ച കുട്ടിയാണ്. അവള്‍ക്കും എനിക്കും കഞ്ഞി ഉണ്ടാക്കിയാണ് ഞാന്‍ സ്കൂളില്‍ വരാറ്… എനിക്കെന്റെ അനുജത്തിയെകുറിച്ച് ആലോചിക്കുമ്പോള്‍…..”
അശോകന് ഗദ്ഗദകണ്ടനായി.
ഞങ്ങളും മനസ്സിനെ നിയന്ത്രിച്ചു.
“ഇതൊക്കെ ഞങ്ങളോട് പറയാമായിരുന്നില്ലേ?” വാസുവിന്റെ ചോദ്യം.
“ഞങ്ങള്‍ പാവപ്പെട്ടവരാണ്. പിന്നെ.. അച്ചനും അമ്മയും പഠിപ്പില്ലാത്തവരും. പട്ടിണി കിടക്കേണ്ടി വന്നാലും ആരുടേയും അടുത്ത് ഭിക്ഷ യാചിക്കരുതെന്നാണ് അച്ഛനുമമ്മയും പഠിപ്പിച്ചത്..”
“എന്താണ് നീ ഞായറാഴ്ച്ച പന്ത് കളിക്കാന്‍ വരാഞ്ഞത്…” ഫല്ഗുണന് ഇടയില്‍ ചോദിച്ചു. ആ ചോദ്യം അനവസരത്തിലുള്ളതാണെന്നു ആദ്യം തോന്നി.
“അന്നാണ് ഞാനും പാടത്ത് പണിക്ക് പോകുന്നത്.” ഇതായിരുന്നു അശോകന്റെ മറുപടി.
എന്റെ ദുഃഖം അണപൊട്ടിയൊഴുകി. കരയുന്നത് കാണാതിരിക്കാനായി ഞാന്‍ അക്ഷരപ്പൂമരത്തിലെക്ക് നോക്കി.
ഞങ്ങളുടെ എല്ലാവരുടെയും ചോറ് ഒരു വലിയ ഇലയിലിട്ട് അശോകന് അടക്കം എല്ലാവരും കഴിച്ചു.
“ചോറ് വാങ്ങി കഴിക്കുന്നത് യാചന അല്ല അശോകാ… ഇനി നമ്മള് തമ്മില്‍ പഠിക്കുന്ന കാലത്ത് മാത്രമല്ല, ഒരിക്കലും നീ പട്ടിണി കിടക്കരുത്. കാരണം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന നിന്നെ ഞങ്ങള്‍ക്ക് വേണം.” ഞാന്‍ അത് എങ്ങിനെയോ പറഞ്ഞു. അങ്ങിനെ ചെയ്യാന്‍ എനിക്കാവുമോ എന്നൊന്നും അപ്പോള്‍ ഞാന്‍ ആലോചിച്ചില്ല. കാരണം ഞാനും ഒരു മിഡില്‍ക്ലാസ് ഫാമിലി ആണ്.
“ഷെരീഫെ നമുക്ക് ഇന്ന് മുതല്‍ എല്ലാ ദിവസവും ഒരുമിച്ച് ഒരേ ഇലയില്‍ നിന്ന് ഉണ്ണാം അല്ലെ?”
ആരാണ് പറഞ്ഞതെന്ന് ഞാന്‍ നോക്കുമ്പോള്‍ സന്തോഷം കൊണ്ട് പുഞ്ചിരിക്കുന്ന ജോസഫിനെയാണ് കണ്ടത്.
തീര്‍ച്ചയായും എന്ന് ഞാനവര്‍ക്ക് മറുപടി നല്കി.
അശോകന് ഡിസ്റ്റിന്ഗ്ഷനോടെ ഓരോ പരീക്ഷയും പാസായി. കാലത്തിന്റെ കുത്തൊഴുക്കില്‍ ഞാന്‍ ഒരു പേര്‍ഷ്യക്കാരനായി. പിന്നെ ഞാന്‍ അശോകനെ കണ്ടില്ല. കാരണം എന്റെ താമസവും കാട്ടൂരില്‍ നിന്ന് മാറിയല്ലോ?
—-
“ഷെരീഫെ നിനക്ക് എന്നെ മനസ്സിലായോ?” എന്ന ഡെപ്യൂട്ടി കലക്ടറുടെ വാക്കാണ് എന്നെ ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്.
K. M. Ashokan (Deputy Collector) എന്ന പുറത്തെ ബോര്‍ഡ് കണ്ടപ്പോള്‍ എനിക്ക് ചെറിയ ഒരു സംശയമുണ്ടായിരുന്നു. അങ്ങിനെ അകത്ത് കടന്നു ഞാൻ എന്റെ ഊഴത്തിന് വേണ്ടി കാത്ത് നിൽക്കുമ്പോഴാണ് കഴിഞ്ഞു പോയ ഞങ്ങളുടെ കലാലയ ജീവിതം ഓർത്തത്.
“എനിക്ക് മനസ്സിലായി സാറേ..” അങ്ങിനെ പറയാനേ എനിക്കായുള്ളൂ.
“ഷെരീഫേ ഈ സാറ് വിളി അങ്ങ് അക്ഷരപ്പൂമരത്തിന്റെ അടുത്തുള്ള കുളത്തിൽ എറിഞ്ഞോ? എന്നെ അശോകാ എന്ന് വിളിച്ചാൽ മതി.”
എന്ന് പറഞ്ഞിട്ട് അശോകൻ തുടർന്നു. “എന്താണ് ഞാൻ ചെയ്യേണ്ടത്?”
“അയ്യോ ഒരു ഒഫീഷ്യൽ കാര്യത്തിനും അല്ല ഞാൻ വന്നത്. സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും മറ്റു മേഖലകളിൽ ഉള്ളവരുടെയും ചെറുചിത്രം എഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനാണ് ഞാൻ വന്നത്.”
ഞാനെന്റെ ആഗമനോദ്യേശ്യം പറഞ്ഞു.
“പിന്നെ എന്നെ കാണാൻ വേണ്ടി നീ എന്റെ സെക്രട്ടറിയോട് അപ്പോയിന്റ്മെന്റ് ചോദിച്ചല്ല്ലോ? ഞാൻ നിന്റെ പേര് കേട്ടപ്പോൾ തന്നെ എനിക്ക് സംശയമുണ്ടായിരുന്നു. അന്വേഷിച്ചപ്പോൾ നീ ആണെന്ന് എനിക്ക് മനസ്സിലായി. ഇനി എന്റെ ചരിത്രം ഞാൻ പറയാതെ തന്നെ നിനക്ക് അറിയാമല്ലോ? അത് നീ പോസ്റ്റ് ചെയ്തോ. ഒരു വിരോധവുമില്ല. സന്തോഷമേയുള്ളൂ.” ഇത് പറഞ്ഞിട്ട് അശോകന് കൂട്ടി ചേര്‍ത്തു. “ഞാന്‍ നിന്നെ കണ്ടിട്ടും ഇത്ര നേരം എന്തെ വിളിക്കാഞ്ഞതെന്ന് നിനക്ക് തോന്നുന്നുണ്ടാവും അല്ലെ? എനിക്ക് എല്ലാവരേയും വിട്ട് നമ്മള് മാത്രമായ ഒരു ലോകത്തിലേക്ക് പോകണമെന്ന് ഞാന്‍ ആദ്യമേ കരുതി. മറ്റൊന്നും തോന്നരുത്.”
“എന്നാൽ ഞാനങ്ങോട്ടു പോട്ടെ…” ഞാന്‍ യാത്ര പറഞ്ഞു.
“തീർച്ചയായും പോകണം. പക്ഷെ അതിന് മുമ്പ് നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാം.”
ഞാൻ സന്തോഷത്തോടെ ഡെപ്യൂട്ടി കളക്ടറുടെ ക്ഷണം സ്വീകരിച്ചു.
പ്രൈവറ്റ് റൂമിൽ ചെന്നപ്പോൾ അവിടെ ടിഫിൻ ഒന്നും കാണുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ വാട്ടിയ ഇലയിൽ ഒരു പൊതിച്ചോറ് കണ്ടു.
അത് കണ്ടപ്പോൾ ഞാൻ ചോദിച്ചു.
“ഇത് ഒരാൾക്കല്ലേ ഉള്ളൂ.”
“സാധാരണ ഞാൻ ടിഫിനിൽ ആണ് ചോറ് കൊണ്ട് വരാറ്. ഇന്ന് ഷെരീഫ് വരുന്നുണ്ട് എന്ന് കേട്ടപ്പോഴാണ് ഇങ്ങിനെ വാട്ടിയ ഇലയിൽ ചോറ് കൊണ്ട് വന്നത്. വാ നമുക്ക് ഇതേ ഇലയിൽ ഒന്നിച്ചു ഉണ്ണാം…”
എനിക്കത് കേട്ടപ്പോൾ എന്നെ നിയന്ത്രിക്കാനായില്ല. ഞാൻ ഉറക്കെ കരഞ്ഞു.
അശോകന്റെ കയ്യിലുണ്ടായിരുന്ന കർച്ചീഫ് എടുത്ത് എന്റെ കണ്ണീർ തുടച്ചുകൊണ്ട് അശോകൻ പറഞ്ഞു. “ഞാൻ എത്ര വലിയ ഉദ്യോഗസ്ഥനായാലും എന്റെ പഴയകാലവും നിങ്ങളേയും മറക്കില്ല. അത് പോലെ എനിക്ക് പഠിക്കാനുള്ള എല്ലാം പ്രശസ്തി ആഗ്രഹിക്കാതെ ചെയ്തു തന്ന നമ്മുടെ മരിച്ചുപോയ ഹെഡ് മാസ്റ്റർ ജേക്കബ് മാഷേയും”
———————-
മേമ്പൊടി –
ഇതൊരു കഥയാണ്. പക്ഷെ, ചില കഥാപാത്രങ്ങൾ എന്റെ കൂടെ പഠിച്ചവരും ബാക്കിയൊക്കെ ഭാവനയുമാണ് – കഥാകൃത്ത്