ബംഗളൂരുവില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നയാള്‍ എന്നാരോപിച്ച്‌ മാനസിക നില തെറ്റിയ യുവാവിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം.

ബംഗളൂരുവില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നയാള്‍ എന്നാരോപിച്ച്‌ മാനസിക നില തെറ്റിയ യുവാവിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം.

0
831
ജോണ്‍സണ്‍ ചെറിയാന്‍.
ബംഗളൂരു:  കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നയാള്‍ എന്നാരോപിച്ച്‌ മാനസിക നില തെറ്റിയ യുവാവിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. ബുധനാഴ്ച വൈകുന്നേരം നാലരമണിയോടെ ബംഗളൂരുവിലാണ് കിരാതമായ സംഭവമുണ്ടായത്. ഒഡീഷ സ്വദേശിയായ 25കാരനായ യുവാവിനെയാണ് മരത്തില്‍ കെട്ടിയിട്ട് ജനക്കൂട്ടം അതിക്രൂരമായി മര്‍ദിച്ചത്. ഇതിന് പുറമെ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
ബംഗളൂരുവിലെ വൈറ്റ് ഫീല്‍ഡില്‍ കടുഗോഡിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പട്ടാലമ്മ ലേഔട്ട് പ്രദേശത്തെ ഒരു വീട്ടില്‍ 25 കാരനായ യുവാവ് കയറുകയായിരുന്നു. ജനങ്ങള്‍ യുവാവിനെ പിടികൂടുകയും കുട്ടികളെ കടത്തുന്നയാള്‍ എന്ന് പ്രചരിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്തുകയും തുടര്‍ന്ന് മര്‍ദനമുറ നടത്തുകയുമായിരുന്നു.
കുട്ടികളെ കടത്തുന്നവര്‍ ഇറങ്ങിയിട്ടുണ്ടെന്ന തരത്തില്‍ വാട്‌സ്‌ആപ്പില്‍ സന്ദേശങ്ങള്‍ ലഭിച്ചതായി പ്രദേശവാസികള്‍ പറഞ്ഞതോടെ ആളുകള്‍ ഇയാളുടെ ദേഹത്ത് കൈവയ്ക്കുകയായിരുന്നു. പോലീസിന് പരാതി ലഭിച്ചതോടെ കടുഗോഡി പോലീസ് യുവാവിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം സന്ദേശത്തില്‍ പറയുന്നതുപോലെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ആരും തന്നെ നഗരത്തില്‍ എത്തിയിട്ടില്ലെന്ന് ഡിസിപി അബ്ദുള്‍ അഹാദ് മാധ്യമങ്ങളോടു പറഞ്ഞു. അപവാദ പ്രചരണം നടത്തുന്നതിനെതിരെ ആളുകള്‍ക്ക് ബോധവത്ക്കരണം നടത്തുമെന്നും ഡി സി പി അറിയിച്ചു.
യുവാവിന് നേരെ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.

Share This:

Comments

comments